Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ വാണിജ്യ വാഹനങ്ങൾ ബൊളീവിയയിലും

tata-ace-mega

ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള വാണിജ്യ വാഹനങ്ങൾ ബൊളീവിയയിലും വിൽപ്പനയ്ക്കെത്തി. ആദ്യ ഘട്ടമെന്ന നിലയിൽ‘സൂപ്പർ എയ്സ് പെട്രോൾ’, ‘സീനോൺ പെട്രോൾ’ പിക് അപ്, ‘എൽ പി ടി 613’ ട്രക്ക് എന്നിവയാണ് സാന്റ ക്രൂസിൽ വിൽപ്പനയ്ക്കെത്തിയത്. വൈകാതെ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾ ലാ പാസിലും കൊച്ചബാംബയിലും വിൽപ്പനയ്ക്കെത്തും. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ ചിലെയിലും ഇക്വഡോറിലും നിലവിൽ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾ വിൽപ്പനയ്ക്കുണ്ട്. ലാറ്റിൻ അമേരിക്കൻ മേഖലയിൽ അതിവേഗം വളരുന്ന വിപണിയായ ബൊളീവിയയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന വിഭാഗം രാജ്യാന്തര ബിസിനസ് മേധാവി രുദ്രപ്രതാപ് മൈത്ര അഭിപ്രായപ്പെട്ടു.

കമ്പനിയോട് ആവേശവും താൽപര്യവും കാണിക്കുന്ന ബൊളീവിയൻ ഓട്ടോ മോട്ടോഴ്സിനെ പ്രാദേശിക പങ്കാളിയായി ലഭിച്ചത് ടാറ്റ മോട്ടോഴ്സിനുനേട്ടമായിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിനെ പോലെ ഉപഭോക്തൃ സേവനത്തിന് ഏറെ പ്രാധാന്യം നൽകുന്ന കമ്പനിയാണു ബൊളീവിയൻ ഓട്ടോ മോട്ടോഴ്സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്ന് ബൊളീവിയൻ ഓട്ടോ മോട്ടോഴ്സ് പ്രസിഡന്റ് ജോണി സൽവടിയര വ്യക്തമാക്കി. ബൊളീവിയയിൽ ടാറ്റ മോട്ടോഴ്സ് ബ്രാൻഡിനെ വളർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇടപാടുകാർക്കു മികച്ച വാഹനങ്ങൾക്കൊപ്പം കിടയറ്റ സേവനവും ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാലു സിലിണ്ടർ, 1396 സി സി, പെട്രോൾ എൻജിനോടെ എത്തുന്ന ‘സൂപ്പർ എയ്സി’ന് 5500 — 6500 ആർ പി എമ്മിൽ 85 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കാനാവും. ‘സീനോൻ ഫോർ ബൈ ടു’ പിക് അപ്പിന് കരുത്തേകുന്നത് 2.1 ലീറ്റർ, മൾട്ടി പോയിന്റ് ഫ്യുവൽ ഇഞ്ചക്ഷൻ പെട്രോൾ എൻജിനാണ്; 131 ബി എച്ച് പി വരെ കരുത്തും 195 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഒറ്റ കാബ്, ഇരട്ട കാബ് വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘സീനോണി’ന് മണിക്കൂറിൽ 145 കിലോമീറ്ററാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. മലിനീകരണ നിയന്ത്രണത്തിൽ യൂറോ രണ്ട് നിലവാരം പാലിക്കുന്ന ‘എൽ പി ടി 613’ ട്രക്കിന് 4.2 ടൺ ഭാരം വഹിക്കാനാവും; 3,800 എം എമ്മാണു വീൽ ബേസ്. ആറു സിലിണ്ടർ ടർബോ ചാർജ്ഡ് ഇന്റർ കൂൾഡ് 697 എൻജിനോടെ എത്തുന്ന ട്രക്കിൽ അഞ്ചു സ്പീഡ് ജി ബി എസ് 40 ഗീയർബോക്സാണു ട്രാൻസ്മിഷൻ.  

Your Rating: