Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേനയുടെ കവചിത വാഹന പദ്ധതി ഉന്നമിട്ടു ടാറ്റ

t-90 T 90

പ്രതിരോധ മന്ത്രാലയത്തിന്റെ ഫ്യൂച്ചറിസ്റ്റിക് ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ(എഫ് ഐ സി വി) വികസന പദ്ധതിയിലെ പങ്കാളിത്തം പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിനെ തേടിയെത്തിയേക്കും. ഭാവിയിലേക്കുള്ള പ്രതിരോധ സേവനകളുടെ കവചിത വാഹന ആവശ്യം മുൻനിർത്തിയാണ് 1,000 കോടി ഡോളർ(ഏകദേശം 67126.70 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന എഫ് ഐ സി വി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

സഞ്ചാര ശേഷി അതിപ്രധാനമായ എഫ് ഐ സി വി പദ്ധതിക്കായി നിശ്ചയിച്ച അഞ്ചു സുപ്രധാന സാങ്കേതിക വിദ്യകളിൽ മൂന്നെണ്ണത്തിലും എൻജിൻ, ട്രാൻസ്മിഷൻ, റണ്ണിങ് ഗീയർ തുടങ്ങിയ 34 തന്ത്രപ്രധാന സാങ്കേതികവിദ്യകളിൽ 19 എണ്ണത്തിലും ടാറ്റ മോട്ടോഴ്സിനാണു വൈദഗ്ധ്യമെന്നു കമ്പനി വൈസ് പ്രസിഡന്റ്(ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്) വെർനോൺ നൊറോണ വെളിപ്പെടുത്തി. കൂടാതെ നിലവിലുള്ള ‘ടി 72’ യുദ്ധ ടാങ്കുകൾക്കു പകരമായി വികസിപ്പിക്കുന്ന ഫ്യൂച്ചർ റെഡി കോംബാറ്റ് വെഹിക്കിൾ(എഫ് ആർ സി വി) പദ്ധതിയിലും കരസേനയുടെ പ്രധാന ആയുധമായ ‘ടി 90’ റഷ്യൻ നിർമിത ടാങ്കിനു പകരക്കാരനാവേണ്ട ഫ്യൂച്ചർ മെയിൻ ബാറ്റിൽ ടാങ്ക്(എഫ് എം ബി ടി) പദ്ധതിയിലും സഹകരിക്കാൻ ടാറ്റ മോട്ടോഴ്സിനു മോഹമുണ്ട്.

ഇതോടൊപ്പം പ്രതിരോധ സേനകളിൽ സേവനത്തിലുള്ള കാലപ്പഴക്കമേറിയ മാരുതി സുസുക്കി ‘ജിപ്സി’ക്കു പകരമായി 3,200 ‘സഫാരി സ്റ്റോം’ ലഭ്യമാക്കാനുള്ള പദ്ധതിയും ടാറ്റ മോട്ടോഴ്സ് സമർപ്പിച്ചിട്ടുണ്ട്. ഈ കരാറിൽ നിന്നു മാത്രം 400 കോടി രൂപയുടെ വരുമാനമാണ് ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ‘സഫാരി സ്റ്റോമി’ലെ കരുത്തേറിയ 2.2 ലീറ്റർ ഡീസൽ എൻജിനെയാണു ടാറ്റ മോട്ടോഴ്സ് പ്രധാന ആകർഷണമായി പ്രതിരോധ സേനകൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. കൂടാതെ ഫോർ ബൈ ടു, ഫോർ ബൈ ഫോർ ലേ ഔട്ടുകളിൽ ലഭ്യമാണെന്നതും ‘സഫാരി സ്റ്റോമി’ന് അനുകൂല ഘടകമായി നൊറോണ കരുതുന്നു. ഇതോടെ ചതുപ്പുകളും മരുഭൂമികളും മഞ്ഞുവീഴ്ചയും ചരൽകൂമ്പാരങ്ങളും പോലെ രാജ്യത്തെ ഏതു റോഡ് സാഹചര്യത്തെയും അതിജീവിച്ചു മുന്നേറാൻ ‘സഫാരി സ്റ്റോമി’നു കഴിയുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം.