Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ 619 ‘എച്ച് എം വി’ ട്രക്ക് കൂടി വാങ്ങാൻ കരസേന

tata-military-truck Tata 6X6 HMV

കരസേനയ്ക്കു കൂടുതൽ ഹൈ മൊബിലിറ്റി(എച്ച് എം വി) മൾട്ടി ആക്സിൽ ട്രക്ക് വിൽക്കാനുള്ള കരാർ ടാറ്റ മോട്ടോഴ്സ് നേടി. കമ്പനിയിൽ നിന്നു പുതുതായി 619 ട്രക്കുകൾ കൂടി വാങ്ങാനാണു കരസേനയുടെ തീരുമാനം. നേരത്തെ ‘സിക്സ് ബൈ സിക്സ് എച്ച് എം വി’യുടെ 1,239 യൂണിറ്റ് ടാറ്റ മോട്ടോഴ്സിൽ നിന്നു വാങ്ങാനായിരുന്നു കരസേനയുമായുള്ള ധാരണ. കരയിൽ ഉപയോഗത്തിനുള്ള വാഹനങ്ങൾക്കായി ഏതെങ്കിലും സ്വകാര്യ നിർമാതാവിന് ആർമി നൽകുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്നും ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നുണ്ട്. ആഭ്യന്തരമായി വികസിപ്പിച്ച ‘സിക്സ് ബൈ സിക്സ് എച്ച് എം വി’ക്ക് കരസേനയിൽ നിന്ന് 619 യൂണിറ്റിന്റെ കൂടി ഓർഡർ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വൈസ് പ്രസിഡന്റ്(ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്) വെർനൊൺ നൊറോണ അഭിപ്രായപ്പെട്ടു.

യൂറോപ്പിൽ നിന്നടക്കം ആഗോളതലത്തിൽ പേരും പെരുമയുമുള്ള നിർമാതാക്കളുമായി മത്സരിച്ചാണു കമ്പനിയുടെ വാഹനം കരസേന നടത്തിയ പ്രായോഗിക പരീക്ഷ ജയിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. ഇതോടെ ആഗോളതലത്തിൽ തന്നെ മികച്ച പ്രകടനം നടത്താൻ തദ്ദേശീയമായി നിർമിച്ച ‘സിക്സ് ബൈ സിക്സ് എച്ച് എം വി’ക്കു കഴിയുമെന്ന കാര്യവും ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. കാഠിന്യമേറിയ ഓൺ റോഡ് — ഓഫ് റോഡ് സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള മികവോടെയാണു ടാറ്റ മോട്ടോഴ്സ് ‘സിക്സ് ബൈ സിക്സ് എച്ച് എം വി’ സാക്ഷാത്കരിച്ചിരിക്കുന്നത്. ദുർഘട പാതകൾക്കു പുറമെ ചതുപ്പും വെള്ളക്കെട്ടുമൊക്കെ കീഴടക്കി മുന്നേറാനും വാഹനത്തിനു കഴിയുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.

Your Rating: