Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12,000 രൂപ വരെ വില വർധിപ്പിച്ചു ടാറ്റ മോട്ടോഴ്സ്

tata-tiago-test-drive-13

ഇന്ത്യയിലെ വാഹന വിലയിൽ 12,000 രൂപയുടെ വരെ വർധന നടപ്പാക്കിയതായി പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഉൽപ്പാദനചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണു വില വർധിപ്പിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു. വിവിധ മോഡലുകളുടെ വിലയിൽ 5,000 മുതൽ 12,000 രൂപയുടെ വർധനയാണു പ്രാബല്യത്തിലെത്തിയതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അറിയിച്ചു. ഉൽപ്പാദന ചെലവിൽ നേരിടുന്ന വർധന നേരിടാൻ വാഹന വില കൂട്ടുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വാഹന ഉൽപ്പാദനത്തിന് ആവശ്യമായ സ്റ്റീൽ, സിങ്ക് തുടങ്ങിയവയുടെയൊക്കെ വിലയിൽ ഗണ്യമായ വർധന നേരിട്ടു. ഇത്രയും നാൾ ഈ അധിക ബാധ്യത കമ്പനി ഏറ്റെടുക്കുകയായിരുന്നെന്നും ഈ നില തുടരാനാവാത്ത സാഹചര്യത്തിലാണു വാഹന വില ഉയർത്തുന്നതെന്നും പരീക്ക് വ്യക്തമാക്കി. നവരാത്രി — ദീപാവലി ആഘോഷവേളയിൽ തന്നെ വാഹന വില വർധന പ്രാബല്യത്തിലെത്തുമെന്ന് ഈ മാസം ആദ്യം തന്നെ മയങ്ക് പരീക്ക് പ്രഖ്യാപിച്ചിരുന്നു. വർധന നടപ്പാക്കാൻ ഉത്സവകാലം കഴിയുംവരെ കമ്പനി കാത്തിരിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വാഹനങ്ങളുടെ ഉൽപ്പാദനചെലവ് ഉയർന്ന സാഹചര്യത്തിൽ പല നിർമാതാക്കളും വില വർധിപ്പിച്ച കാര്യവും പരീക്ക് ഓർമിപ്പിച്ചു. മാത്രമല്ല, ഏറെക്കാലമായി കമ്പനി യാത്രാവാഹന വില ഉയർത്തിയിട്ടില്ലെന്നും അന്ന് അദ്ദേഹം ന്യായീകരിച്ചു.

ഡൽഹി ഷോറൂമിൽ 2.15 ലക്ഷം രൂപ വിലയുള്ള എൻട്രി ലവൽ ഹാച്ച്ബാക്കായ ‘നാനോ’യും പുതിയ അവതരണമായ ‘ടിയാഗൊ’യും മുതൽ 16.30 ലക്ഷം രൂപ വിലമതിക്കുന്ന ക്രോസോവറായ ‘ആരിയ’ വരെ നീളുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന ശ്രേണി. കഴിഞ്ഞ മാസം യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിവിധ യാത്രാവാഹന, ചെറു വാണിജ്യവാഹന മോഡലുകളുടെ വിലയിൽ ഒരു ശതമാനത്തോളം വില വർധന നടപ്പാക്കിയിരുന്നു. ഓഗസ്റ്റിൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും വാഹന വില ഉയർത്തിയിരുന്നു; 20,000 രൂപയുടെ വരെ വർധനയാണു കമ്പനി നടപ്പാക്കിയത്. വിപണിയിൽ നായകസ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും വാഹനവിലയിൽ 20,000 രൂപയുടെ വരെ വർധന നടപ്പാക്കിയിരുന്നു.  

Your Rating: