Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ‘സെസ്റ്റും’ ‘ബോൾട്ടും’ ശ്രീലങ്കയിലും

Tata Bolt

ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുതിയ സെഡാനായ ‘സെസ്റ്റും’ ഹാച്ച്ബാക്കായ ‘ബോൾട്ടും’ ശ്രീലങ്കയിൽ വിൽപ്പനയ്ക്കെത്തി. ശ്രീലങ്കൻ വിപണിയിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാൻ ‘സെസ്റ്റും’ ‘ബോൾട്ടും’ സഹായിക്കുമെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് രാജ്യാന്തര ബിസിനസ് വിഭാഗം മേധാവി ജോണി ഉമ്മൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഗോളനിലവാരമുള്ള രൂപകൽപ്പനയും നിലവാരവുമായി എത്തുന്ന കാറിൽ സൗകര്യങ്ങളും സംവിധാനങ്ങളും ധാരാളമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

നാലു വർഷത്തിനിടെ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന ആദ്യ പുതിയ മോഡൽ എന്ന പെരുമയോടെയായിരുന്നു ‘സെസ്റ്റി’ന്റെ വരവ്. മഹാരാഷ്ട്രയിലെ രഞ്ജൻഗാവിൽ ടാറ്റയുടെയും ഫിയറ്റിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള നിർമാണശാലയിൽ നിന്നാണു ‘സെസ്റ്റ്’ എത്തുന്നത്. നിലവിൽ നിരത്തിലുള്ള ‘വിസ്റ്റ’യ്ക്കും ‘മാൻസ’യ്ക്കും അടിത്തറയാവുന്ന ‘എക്സ് വൺ’ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പ് അടിസ്ഥാനമാക്കിയാണുടാറ്റ മോട്ടോഴ്സ് ‘ബോൾട്ടും’ സെഡാനായ ‘സെസ്റ്റും’ സാക്ഷാത്കരിച്ചത്. ‘സെസ്റ്റ്’ 2014 ഓഗസ്റ്റിലും ‘ബോൾട്ട്’ കഴിഞ്ഞ ജനുവരിയിലുമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്.

Tata Zest

ടാറ്റ മോട്ടോഴ്സ് വികസിപ്പിച്ച പുതിയ ‘റെവോട്രോൺ’ ശ്രേണിയിലെ 1.2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും കോംപാക്ട് സെഡാനായ ‘സെസ്റ്റി’ൽ അരങ്ങേറ്റം കുറിച്ചിരുന്നു. പരമാവധി 88.7 ബി എച്ച് പി കരുത്തും 140 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. ഡീസൽ വകഭേദത്തിൽ ഫിയറ്റിൽ നിന്നു കടമെടുത്ത 1.3 ലീറ്റർ, മൾട്ടിജെറ്റ് എൻജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 88.7 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ഡീസൽ ‘സെസ്റ്റ്’ വിൽപ്പനയ്ക്കുണ്ട്. പോരെങ്കിൽ പരമാവധി 74 ബി എച്ച് പി കരുത്തിനായി ട്യൂൺ ചെയ്ത ഡീസൽ എൻജിനോടെയും ‘സെസ്റ്റ്’ ലഭ്യമാണ്.

പെട്രോൾ എൻജിനുള്ള ‘സെസ്റ്റി’ന്റെ അടിസ്ഥാന മോഡലിന് ഡൽഹി ഷോറൂമിൽ 4.64 ലക്ഷം രൂപയാണു വില; ഡീസൽ വകഭേദങ്ങളുടെ വില ആരംഭിക്കുന്നത് 5.64 ലക്ഷം രൂപയിലാണ്. പെട്രോൾ എൻജിനുള്ള ‘ബോൾട്ടി’ന്റെ വിവിധ വകഭേദങ്ങൾക്കാവട്ടെ 4.43 ലക്ഷം രൂപ മുതലാണു ചെന്നൈയിലെ ഷോറൂം വില; ഡീസൽ എൻജിനുള്ള ‘ബോൾട്ടി’ന്റെ വില ആരംഭിക്കുന്നത് 5.52 ലക്ഷം രൂപയിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.