Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽ എൻ ജി ബസ് വിൽപ്പന ഏപ്രിലോടെയെന്നു ടാറ്റ

lng-bus-kerala

ദ്രവീകൃത പ്രകൃതി വാതക(എൽ എൻ ജി)യിൽ ഓടുന്ന ബസ് അടുത്ത ഏപ്രിലോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തിക്കാൻ ടാറ്റ മോട്ടോഴ്സിനു പദ്ധതി. സമ്മർദിത പ്രകൃതി വാതക(സി എൻ ജി) ത്തിൽ ഓടുന്ന ബസ്സുകൾ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചതും ടാറ്റ മോട്ടോഴ്സായിരുന്നു. കമ്പനി നിർമിച്ച ആദ്യ എൽ എൻ ജി ബസ് പരീക്ഷണ ഓട്ടത്തിനായി തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷന്(കെ എസ് ആർ ടി സി) കൈമാറിയിരുന്നു. 2014ലെ ഓട്ടോ എക്സിപോയിൽ കമ്പനി എൽ എൻ ജിയിൽ ഓടുന്ന ട്രക്ക് പ്രദർശിപ്പിച്ചിരുന്നു.

കാര്യങ്ങൾ ഈ രീതിയിൽ മുന്നേറിയാൽ എൽ എൻ ജിയിൽ ഓടുന്ന ബസ് ഏപ്രിലോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുമെന്നു ടാറ്റ മോട്ടോഴ്സ് എൻജിനീയറിങ് വിഭാഗം മേധാവി അജിത് ജിൻഡാൽ അറിയിച്ചു. ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യിൽ നിന്നുള്ള അനുമതികൾ നേടാനുള്ള നടപടികളാണു നിലവിൽ പുരോഗമിക്കുന്നത്.
അതേസമയം എൽ എൻ ജി ബസ് വിൽപ്പനയ്ക്കായി കേരള സംസ്ഥാനമടക്കം ആരുമായും കരാർ ഒപ്പുവച്ചിട്ടില്ലെന്നും ജിൻഡാൽ വ്യക്തമാക്കി. കേരളത്തിനു പരിസ്ഥിതി സൗഹൃദമായ 1,000 ബസ്സുകൾ വാങ്ങാൻ പദ്ധതിയുണ്ട്; ഇതിൽ 10% എൽ എൻ ജി ഇന്ധനമാക്കുന്നവ ആക്കാൻ സംസ്ഥാനത്തിനു താൽപര്യമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കമ്പനിയുടെ ലക്നൗ ശാലയിലാണ് എൽ എൻ ജിയിൽ ഓടുന്ന ബസ് നിർമിക്കുക; സി എൻ ജിയിൽ ഓടുന്ന ബസ്സുകൾ നിർമിക്കുന്നതും ഇതേ ശാലയിലാണ്. ധാർവാറിലെ പ്ലാന്റിനാവും എൽ എൻ ജി ബസ്സുകളുടെ ബോഡി നിർമാണ ചുമതല. ആവശ്യക്കാരേറിയാൽ എൽ എൻ ജി ബസ് ഷാസി മാത്രമായി വിൽക്കാനുള്ള സാധ്യതയും പരിഗണിക്കുമെന്നു ജിൻഡാൽ വെളിപ്പെടുത്തി. അതേസമയം പ്രവർത്തന ചെലവിൽ എൽ എൻ ജിയും സി എൻ ജിയുമായി കാര്യമായ വ്യത്യാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും തീരദേശത്തുള്ള സംസ്ഥാനങ്ങളിൽ എൽ എൻ ജി എത്തിക്കാൻ കടത്തുകൂലി കുറയുമെന്നതാണു നേട്ടം. ഡീസലുമായി താതമ്യം ചെയ്താൽ എൽ എൻ ജി ബസ്സുകൾ പ്രവർത്തന ചെലവിൽ 30% ഇളവ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ എൽ എൻ ജിയിൽ ഓടുന്ന ബസ്സുകളുടെ വിലയിൽ സാധാരണ ബസ്സുകളെ അപേക്ഷിച്ച് നാലോ അഞ്ചോ ലക്ഷം രൂപയുടെ വർധനവുണ്ടാകും.