Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എസിൽ ഇന്നൊവേഷൻ സെന്റർ തുറക്കാൻ ടാറ്റ

tata-kite-logo

ഗതാഗത മേഖലയിൽ പുതിയ പാതകൾ വെട്ടിത്തുറക്കാനായി പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്നൊവേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഭാവിയിൽ മികച്ച പ്രകടനം ഉറപ്പാക്കാൻ കമ്പനിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രങ്ങൾ ആഗോളതലത്തിൽ തന്നെ ആരംഭിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ യാത്രാവാഹന നിർമാതാക്കളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്ന് സ്വന്തമാക്കാനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്. പരിവർത്തനത്തിന്റെ പാതയിൽ മുന്നേറുന്ന ടാറ്റ മോട്ടോഴ്സിന്റെ ആദ്യ ഇന്നൊവേഷൻ സെന്റർ യു എസിലെ സിലിക്കൻ വാലിയിലാവും പ്രവർത്തനം തുടങ്ങുക. ഏറ്റവും വേഗത്തിൽ പുതിയ സാങ്കേതികവിദ്യകൾ വിപണിയിലെത്തിക്കാനാണു കമ്പനിയുടെ ശ്രമമെന്നു ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക് അറിയിച്ചു. പുതുമയാർന്ന ഗതാഗത മാർഗങ്ങൾ ഉപയോക്താക്കളിലെത്തിക്കുകയാണു കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവേഷണ, വികസന(ആർ ആൻഡ് ഡി) മേഖലയിൽ നിലവിൽ ഇന്ത്യയ്ക്കു പുറമെ യൂറോപ്പിലും കമ്പനിക്കു സജീവ സാന്നിധ്യമുണ്ട്. പുതിയ സഖ്യങ്ങളിലൂടെ ആർ ആൻഡ് ഡി രംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാനാവുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ. പുതുമയുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിൽ പുലർത്തുന്ന മികവാണ് ആദ്യ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കാൻ സിലിക്കൻ വാലിയെ തിരഞ്ഞെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. സ്റ്റാർട് അപ് വിഭാഗത്തിലടക്കം അവിടെയുള്ള പുത്തൻ കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരവും ഇന്നൊവേഷൻ സെന്റർ സൃഷ്ടിക്കുമെന്നു കമ്പനി കരുതുന്നു.

അതേസമയം സിലിക്കൻ വാലിക്കു പുറമെ ഏതൊക്കെ വിദേശ രാജ്യങ്ങളിലാണ് പുതിയ ഇന്നൊവേഷൻ സെന്ററുകൾ തുറക്കുകയെന്ന് ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയിട്ടില്ല. മൊത്തം ഇത്തരത്തിലുള്ള എത്ര കേന്ദ്രങ്ങളാവും സ്ഥാപിക്കുക എന്നതു സംബന്ധിച്ചും സൂചനകളൊന്നുമില്ല. കഴിഞ്ഞ ഏപ്രിൽ — നവംബർ കാലത്തെ വാഹനവിൽപ്പന കണക്കു പ്രകാരം ഇന്ത്യൻ യാത്രാവാഹന വിപണിയിൽ നാലാം സ്ഥാനത്താണു ടാറ്റ മോട്ടോഴ്സ്. 2015 ഏപ്രിൽ — നവംബർ കാലത്തെ അപേക്ഷിച്ച് 12.04% വളർച്ചയോടെ 1,14,721 യൂണിറ്റായിരുന്നു കഴിഞ്ഞ ഏപ്രിൽ — നവംബർ കാലത്തു കമ്പനി വിറ്റത്. 2020 വരെയുള്ള കാലത്തിനിടെ വർഷം തോറും രണ്ടു പുതിയ മോഡലുകൾ വീതം പുറത്തിറക്കാനും 2019ൽ മൂന്നാം സ്ഥാനത്തേക്കു മുന്നേറാനുമാണു ടാറ്റ മോട്ടോഴ്സിന്റെ മോഹം.