Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവചിത വാഹനം: ടാറ്റ - പി ടി പിൻഡാഡ് ധാരണ

tata-motors

ഇന്തൊനീഷ്യയടക്കമുള്ള ആസിയാൻ രാജ്യങ്ങളിൽ കവചിത വാഹനങ്ങൾ വിപണനം നടത്താനായി ടാറ്റ മോട്ടോഴ്സും പി ടി പിൻഡാഡുമായി ധാരണാപത്രം ഒപ്പിട്ടു. ഇന്തൊനീഷ്യയിലെ സൈനിക, വാണിജ്യ വാഹന നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണു പി ടി പിൻഡാഡ്. ഇന്തൊനീഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലുള്ള ബാന്ദുങ്ങിലെ പി ടി പിൻഡാഡ് ശാലയിൽ ടാറ്റയുടെ കവചിത വാഹനങ്ങൾ പ്രാദേശികമായി നിർമിക്കാനുള്ള സാധ്യതയും ഇരുകമ്പനികളും പരിശോധിക്കുന്നുണ്ട്.

ഇന്തൊനീഷ്യയിലെ ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനങ്ങളിലെ പ്രധാന നാഴികക്കല്ലാണു പുതിയ ധാരണാപത്രമെന്ന് ടാറ്റ മോട്ടോഴ്സിന്റെ ഉപസ്ഥാപനമായ ടാറ്റ മോട്ടോഴ്സ് ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ഡയറക്ടർ ബിശ്വദേവ് സെൻഗുപ്ത അഭിപ്രായപ്പെട്ടു. ഇന്തൊനീഷ്യൻ സമൂഹത്തിന് ഏറെ അഭിമാനമുള്ള പി ടി പിൻഡാഡുമായി സഹകരിക്കാൻ അവസരം ലഭിച്ചതിലും അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്തൊനീഷ്യൻ വിപണിയോടു ദീർഘകാല പ്രതിബദ്ധതയാണു ടാറ്റ മോട്ടോഴ്സിനുള്ളത്. ഈ കരാറിലൂടെ ഇന്തൊനീഷ്യയ്ക്കുകൂടുതൽ മൂല്യം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ലോജിസ്റ്റിക്സ് മേഖലയിൽ കൈവരിച്ച മുന്നേറ്റത്തിന്റെ തുടർച്ചയായാണു ടാറ്റ മോട്ടോഴ്സ് ഇന്തൊനീഷ്യയിലെ പ്രതിരോധ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. പിക് അപ്, ലൈറ്റ് ട്രക്ക്, ബസ്, ഹെവി ട്രക്ക് വിഭാഗങ്ങളിലായി മൂവായിരത്തോളം വാണിജ്യവാഹനങ്ങളാണു നിലവിൽ ഇന്തൊനീഷ്യൻ നിരത്തുകളിലുള്ളതെന്നും സെൻഗുപ്ത വെളിപ്പെടുത്തി.

ഇന്തൊനീഷ്യൻ പ്രതിരോധ സേനകൾക്കുള്ള പ്രധാന ആയുധ സംവിധാനമായ അലത് ഉതമ സിസ്റ്റം സെൻജാത (അലുട്സിസ്റ്റ) ലഭ്യമാക്കുന്ന സ്ഥാപനമാണ് പി ടി പിൻഡാഡ്. ഗതാഗത, വാണിജ്യ സ്ഫോടന മേഖലകൾക്കുള്ള വിവിധ വ്യാവസായിക ഉൽപന്നങ്ങളും കമ്പനി നിർമിക്കുന്നുണ്ട്.

ഇന്ത്യയിൽ 1958 മുതൽ പ്രതിരോധ, സുരക്ഷാ സേനകളുമായി സഹകരിച്ചു പ്രവർത്തിച്ചു പരിചയമുള്ള കമ്പനിയാണു ടാറ്റ മോട്ടോഴ്സ്. സൈനിക, അർധ സൈനിക വിഭാഗങ്ങൾക്കായി 1.10 ലക്ഷത്തിലേറെ വാഹനങ്ങളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമെ സാർക്, ആസിയാൻ, ആഫ്രിക്കൻ മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കും കമ്പനി പ്രതിരോധ വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 

Your Rating: