Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തിലും മികവോടെ ടാറ്റ

tata-tiago-test-drive-11

ടിയാഗോയിലൂടെ കാർ വിപണിയിൽ ശക്തമായ തിരിച്ചുവരവു നടത്തിയ ടാറ്റ മോട്ടോഴ്സ് ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തിലും മികവിന്റെ പാതയിൽ എത്തിയെന്നു ജെഡി പവർ സർവേ. സർവീസ് സൗകര്യങ്ങൾ, നിലവാരം, സ്റ്റാഫ് എന്നീ ഘടകങ്ങളിലും കാർ ഉപയോക്താവിൽനിന്നെടുത്ത് സമയനിഷ്ഠയോടെ തിരികെ നൽകുന്നതിലുമൊക്കെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി വൻ‌തോതിൽ ടാറ്റ മെച്ചപ്പെട്ടെന്നാണ് സർവേയിൽ കാറുടമകൾ വെളിപ്പെടുത്തിയത്. കാർ വാങ്ങി ആദ്യ ഒന്നു രണ്ടു വർഷത്തിനകമുള്ള അനുഭവങ്ങളാണ് സർവേയിൽ വിഷയമാകുന്നത്.ആയിരത്തിൽ 888 എന്ന ഉയർന്ന സ്കോർ നേടാനായത് വിൽപനാനന്തര സേവനത്തിൽ അതീവ ശ്രദ്ധ പുലർത്തിയതുകൊണ്ടാണെന്ന് കമ്പനി വിലയിരുത്തുന്നു. ഉപഭോക്തൃ സേവന സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ കമ്പനിയിൽനിന്ന് വെറും 13 പോയിന്റ് മാത്രം താഴെയാണു ടാറ്റ മോട്ടോഴ്സ് എന്ന് കസ്റ്റമർ സപ്പോർട്ട് മേധാവി വിനോദ് ഭാസിൻ പറഞ്ഞു.

കേരളത്തിൽ കൊച്ചി മേഖല 932 എന്ന ഉയർന്ന സ്കോർ നേടി. നൂറിൽ 93 പേരും പൂർണതൃപ്തരെന്നാണ് ഇതിനർഥം. തിരുവനന്തപുരം മേഖല 879, കോഴിക്കോട് 864 എന്നിങ്ങനെയും സ്കോർ ചെയ്തു. ഹെക്സ എന്ന് പ്രീമിയം വാഹനം ജനുവരിയിൽ എത്തുമ്പോൾ സർവീസ് സൗകര്യങ്ങൾ വർധിപ്പിക്കും. വ്യക്തിഗത സേവനം ഉറപ്പാക്കും. ടാബ്‌ലറ്റ് കംപ്യൂട്ടറിന്റെ സഹായത്തോടെയാണ് ഉപയോക്താവിന്റെ ആവശ്യങ്ങൾ ക്രോഡീകരിക്കുന്നത്. ഞായറാഴ്ച സർവീസ്, 90 മിനിറ്റിൽ റഗുലർ സർവീസ്, മൊബൈൽ സർവീസ് വാൻ എന്നിങ്ങനെയുള്ള പുതിയ പദ്ധതികളും ഉപയോക്താക്കൾക്ക് ഗുണം ചെയ്തതിന്റെ പ്രതിഫലനമാണ് ഉയർന്ന റാങ്കിങ് എന്ന് വിനോദ് ഭാസിൻ പറഞ്ഞു. ഇതു കാർ വിൽപന ഉയരാനും സഹായിച്ചു.

പരാതികൾ 24 മണിക്കൂറിനകം പരിഹരിക്കാൻ സംവിധാനമുണ്ട്. സ്പെയർ പാർട്സ് ലഭ്യത വർധിപ്പിച്ചു. ഏതു ഘടകവും സർവീസ് സെന്ററിൽ ഇല്ലെങ്കിൽ 24 മണിക്കൂറിനകം എത്തിക്കാനാകുന്നു. മൂന്നു മാസം കൂടുമ്പോൾ കൃത്യമായി നടത്തുന്ന സർവീസ് ക്യാംപുകളും ജനപ്രീതി നേടിയിട്ടുണ്ട്.നാലു ട്രെയിനിങ് സെന്ററുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശീലനം സർവീസ് സ്റ്റാഫിനു ലഭ്യമാക്കുന്നുമുണ്ട്. 581 സർവീസ് ടച് പോയിന്റുകളാണു രാജ്യത്തുള്ളത്. രാജ്യവ്യാപകമായി 11 മുതൽ 17വരെ മെഗാ സർവീസ് ക്യാംപ് പ്രത്യേക ആനുകൂല്യങ്ങളോടെ നടത്തുമെന്നും വിനോദ് ഭാസിൻ അറിയിച്ചു.