Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സരം മുറുകി; ‘എയ്സ്’ പരിഷ്കരിക്കാൻ ടാറ്റ

tata-ace-mega

ചെറു വാണിജ്യ വാഹന(എസ് സി വി) വിഭാഗത്തിലെ മത്സരം ശക്തമായ സാഹചര്യത്തിൽ ടാറ്റ മോട്ടോഴ്സ് ‘എയ്സ്’ ശ്രേണി പരിഷ്കരിക്കുന്നു. വാഹനത്തിന്റെ നീളം കൂട്ടിയും ‘എയ്സി’നു കൂടുതൽ ദൃഢത കൈവരിച്ചുമൊക്കെ എതിരാളികളിൽ നിന്നുള്ള വെല്ലുവിളി അതിജീവിക്കാനാണു കമ്പനിയുടെ പദ്ധതി. നീളമേറുന്നതോടെ വാഹനത്തിന്റെ ഭാരവാഹക ശേഷിയുമേറുമെന്ന ആകർഷണമുണ്ട്. ‘എയ്സ് സിപ്’, ‘എയ്സ്’, ‘മെഗാ എയ്സ്’ എന്നിവയുടെയൊക്കെ ‘എക്സ്ട്രാ ലാർജ്’(എക്സ് എൽ) പതിപ്പ് ഏപ്രിലിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. പുതിയ ‘എയ്സ്’ ശ്രേണിയിലൂടെ വേഗമേറിയ ടേൺ എറൗണ്ട്, മെച്ചപ്പെട്ട ഭാരവാഹകശേഷി, കൂടുതൽ സുരക്ഷിതത്വം, സുഖസൗകര്യം, വിശ്വാസ്യത തുടങ്ങി ലാസ്റ്റ് മൈൽ ട്രാൻസ്പോർട്ടേഷൻ വ്യവസായത്തിന്റെ ആഗ്രഹങ്ങളൊക്കെ സാക്ഷാത്കരിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ (കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ്) രവി പിഷാരടി വെളിപ്പെടുത്തി.

ഒന്നു മുതൽ ഒന്നേകാൽ ടൺ വരെ ഭാരവാഹക ശേഷിയുള്ള ചെറു ട്രക്ക് വിഭാഗത്തിൽ ‘എയ്സി’ലൂടെ 62% വിപണി വിഹിതമാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. എന്നാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘മാക്സിമൊ’, ‘ജീത്തൊ’, ‘സുപ്രൊ’ തുടങ്ങിയവയും അശോക് ലേയ്ലൻഡിന്റെ ‘ദോസ്തും’ മത്സരത്തിനെത്തിയതോടെ ടാറ്റ ‘എയ്സി’ന്റെ വിപണി വിഹിതത്തിൽ 10 ശതമാനത്തോളം ഇടിവു നേരിട്ടെന്നാണു കണക്ക്. അതിനിടെ ‘ദോസ്തി’നോടു വിപണിക്കു പഴയ പ്രിയമില്ലെന്ന തിരിച്ചറിവിൽ അശോക് ലേയ്ലൻഡും പുതുവഴികൾ തേടുന്നുണ്ട്.

പഴയ പങ്കാളിയായ നിസ്സാനുമായി വഴി പിരിഞ്ഞ സാഹചര്യത്തിൽ പുതിയ എസ് സി വികൾ അവതപരിപ്പിക്കാനാണു കമ്പനിയുടെ നീക്കം. മാത്രമല്ല 2018 — 19ൽ വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസും ഈ മേഖലയിലേക്കു പ്രവേശിക്കുന്നുണ്ട്.
ഇതു പോലെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഭീഷണികളെ നേരിടാനാണു ടാറ്റ മോട്ടോഴ്സ് ‘എയ്സി’നെ സമഗ്രമായ പരിഷ്കരിക്കുന്നത്. ‘എക്സ് എൽ’ രൂപത്തിലെത്തുന്നതോടെ ‘എയ്സി’ന്റെ ഭാരവാഹകശേഷി 15% ഉയരുമെന്നു കമ്പനി അവകാശപ്പെടുന്നു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാലു നിലവാരം പുലർത്തുന്ന എൻജിൻ, നവീകരിച്ച അകത്തളം, പവർ സ്റ്റീയറിങ് എന്നിവയൊക്കെ ‘എയ്സ് എക്സ് എല്ലി’ൽ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Your Rating: