Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ചെറു സെഡാൻ കൈറ്റ് 5 മാർച്ചിൽ

tata-kite-5

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹെക്സ’യ്ക്കു പിന്നാലെ പുത്തൻ കോംപാക്ട് സെഡാൻ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. ‘കൈറ്റ് ഫൈവ്’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച കാർ അടുത്ത മാസം നിരത്തിലെത്തുമെന്നാണു നിലവിലെ സൂചനകൾ. അരങ്ങേറ്റത്തിന് ആഴ്ചകൾ ബാക്കിയുള്ളപ്പോഴും കാറിന്റെ പേരു സംബന്ധിച്ച സൂചനയൊന്നും കമ്പനി നൽകിയിട്ടില്ല; എങ്കിലും ‘ടിയാഗൊ’യുമായുള്ള സാമ്യം നിലനിർത്താൻ ‘വിയാഗൊ’, ‘ഓൾട്ടിഗൊ’ തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ടെന്നു പറയപ്പെടുന്നു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുകയും രൂപകൽപ്പനയുടെ പേരിൽ അഭിനന്ദനം നേടുകയും ചെയ്ത ‘കൈറ്റ് ഫൈവ്’ സെഡാൻ പുതുവർഷത്തിൽതന്നെ അവതരിപ്പിക്കാനായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ തയാറെടുപ്പ്.

എന്നാൽ അടുത്തടുത്തുള്ള മോഡൽ അവതരണങ്ങൾ നേരിടാൻ ഡീലർഷിപ് ശൃംഖല സജ്ജമല്ലെന്ന വിലയിരുത്തലിൽ കാറിന്റെ അരങ്ങേറ്റം രണ്ടു മാസം വൈകിക്കുകയായിരുന്നത്രെ. ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ പ്ലാറ്റ്ഫോമാണ് ‘കൈറ്റ് ഫൈവ്’ സെഡാനും അടിത്തറയാവുന്നത്. മുൻഭാഗത്തിന്റെയും അകത്തളത്തിന്റെയും രൂപകൽപ്പനയിലും ‘ടിയാഗൊ’യുടെ സ്വാധീനം പ്രകടമാണ്. എങ്കിലും ‘ടിയാഗൊ’യിൽ നിന്നു വേറിട്ടു നിർത്താനായി സെഡാന്റെ അകത്തളത്തിൽ ടാറ്റ മോട്ടോഴ്സ് ചില്ലറ മാറ്റങ്ങൾ നടപ്പാക്കാനാണു സാധ്യത.
‘ടിയാഗൊ’യുടെയും ‘ഹെക്സ’യുടെയും മാതൃക പിന്തുടർന്ന് ഇംപാക്ട് ഡിസൈൻ ഫിലോസഫിയാവും പുത്തൻ സൊഡനും പിന്തുടരുക. ഒപ്പം ‘കണക്റ്റ്നെക്സ്റ്റ്’ ശൈലിയും കാറിന്റെ മുഖമുദ്രയാവും.

മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ ഇരട്ട എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ സഹിതം ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനം തുടങ്ങിയവയും കാറിലുണ്ടാവും. അടുത്തയിടെയായി ഇൻഫൊടെയ്ൻമെന്റിനു ടാറ്റ മോട്ടോഴ്സ് നൽകുന്ന പ്രാധാന്യം പരിഗണിക്കുമ്പോൾ അഞ്ച് ഇഞ്ച് സ്ക്രീനും എട്ടു സ്പീക്കറുകളും സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോളുമൊക്കെ കാറിൽ പ്രതീക്ഷിക്കാം. സാങ്കേതികവിഭാഗത്തിൽ ‘ടിയാഗൊ’യിൽ നിന്നു കാര്യമായ മാറ്റമൊന്നും സെഡാനിലും പ്രതീക്ഷിക്കാനില്ല. 1.2 ലീറ്റർ റെവൊട്രോൺ പെട്രോൾ, 1.05 ലീറ്റർ റെവൊടോർക്ക് ഡീസൽ എൻജിനുകളാവും കാറിനു കരുത്തേകുക; ‘സെസ്റ്റി’ലെ പോലെ മൾട്ടിഡ്രൈവ് മോഡ് സഹിതമാവും കാറിന്റെ വരവ്. ‘ടിയാഗൊ’യുടെ സെഡാൻ പതിപ്പിന്റെ വില സംബന്ധിച്ചും സൂചനകളില്ല.