Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാനോ വരുത്തിയത് 1000 കോടി രൂപ നഷ്ടം: സൈറസ് മിസ്ത്രി

ജനങ്ങളുടെ കാർ എന്ന കാഴ്ചപ്പാടിൽനിന്ന് ഉയർന്നു വന്നതായിരുന്നു ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന കൺസെപ്റ്റ്. ടാറ്റയുടെ വർഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി 2008 ൽ വിപണിയിലെത്തിയ നാനോ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആദ്യ തവണയെപ്പോലെ നാനോ എന്ന കാർ സൃഷ്ടിച്ച ആകാംക്ഷയുടെ പേരിലല്ല, മറിച്ച് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി രത്തൻ ടാറ്റയ്ക്കു മേൽ ഉന്നയിച്ച ആരോപണങ്ങൾ കൊണ്ടാണ്.

ഒരു ലക്ഷം രൂപയുടെ ചെറു കാർ ടാറ്റയ്ക്കുണ്ടാക്കിയ നഷ്ടം വളരെ വലുതാണെന്നാണ് ടാറ്റ സൺസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് അയച്ച കത്തിൽ സൈറസ് മിസ്ത്രി പറയുന്നത്. ഒരു ലക്ഷം രൂപയുടെ കാർ വികസിപ്പിക്കാനും നിർമിക്കാനും കോടികൾ ചെലവായി.

രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയായിരുന്ന ഒരു ലക്ഷം രൂപയുടെ കാർ നാനോ, കമ്പനിക്ക് 1000 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടാക്കി എന്നാണ് മസ്ത്രിയുടെ ആരോപണം. ഒരു ലക്ഷം രൂപയ്ക്കു താഴെ കാർ എന്നായിരുന്നു ആശയമെങ്കിലും ചെലവ് അതിനെക്കാൾ ഉയരെയായിരുന്നു. നാനോ അവസാനിപ്പിക്കുക മാത്രമാണു രക്ഷാമാർഗം. എന്നാൽ ‘വൈകാരിക’ കാരണങ്ങളാൽ അതു നടക്കുന്നില്ല. മാത്രമല്ല, നാനോ നിർത്തിയാൽ, രത്തൻ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള ഒരു ഇലക്ട്രിക് വാഹന നിർമാണ കമ്പനിക്കു കാറിന്റെ എൻജിൻ ഒഴികെയുള്ള ഭാഗങ്ങൾ നൽകുന്ന പരിപാടി നിലയ്ക്കുകയും ചെയ്യും - കത്തിൽ മിസ്ത്രി പറയുന്നു.

നാനോ ഒരു വൻ വിജയമായിരുന്നാൽ പോലും കമ്പനിക്കു ലഭാമുണ്ടാക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമായിരുന്നു. 2008 ൽ പുറത്തിറങ്ങിയ നാനോയ്ക്ക് ഇന്ത്യയിലും രാജ്യാന്തരതലത്തിലും വൻ മാധ്യമ പ്രചാരം ലഭിച്ചെങ്കിലും വിൽപനയുടെ കാര്യത്തിൽ തുടക്കം മുതലേ പിന്നോട്ടായിരുന്നു. തുടർന്ന് നാനോ ട്വിസ്റ്റ്, നെസ്റ്റ് ജെൻ നാനോ തുടങ്ങിയ വകഭേദങ്ങൾ പുറത്തിറക്കിയെങ്കിലും വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.