Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട കാഴ്സിനെ പിന്തള്ളി ടാറ്റ നാലാം സ്ഥാനത്ത്

tiago

ഇന്ത്യൻ വാഹന വിപണിയിൽ 2016ലെ വിൽപ്പന കണക്കെടുപ്പിലും ആദ്യ മൂന്നു സ്ഥാനക്കാർക്കു മാറ്റമില്ല. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം എസ് ഐ എൽ) നയിക്കുന്ന വിപണിയിൽ കൊറിയയിൽ നിന്നുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ)നാണ് രണ്ടാം സ്ഥാനം. പ്രാദേശിക കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) മൂന്നാം സ്ഥാനം നിലനിർത്തി. അതേസമയം ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിനെ പിന്നിലാക്കി ടാറ്റ മോട്ടോഴ്സ് നാലാം സ്ഥാനത്തേക്കു മുന്നേറിയതാണു കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ മാറ്റം. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വളർച്ചയോടെ 1,64,123 കാറുകളാണു ടാറ്റ മോട്ടോഴ്സ് 2016ൽ വിറ്റത്. ഹോണ്ടയുടെ വിൽപ്പനയാവട്ടെ 1,56,107 എണ്ണത്തിലൊതുങ്ങി; 2015നെ അപേക്ഷിച്ച് 23% കുറവ്. ഏപ്രിലിൽ അരങ്ങേറ്റം കുറിച്ച ‘ടിയാഗൊ’യാണു ടാറ്റയ്ക്കു നേട്ടം സമ്മാനിച്ചത്; തുടർന്നുള്ള മാസങ്ങളിലെല്ലാം വിൽപ്പനയിൽ വർധന രേഖപ്പെടുത്തിയാണു ‘ടിയാഗൊ’ മുന്നേറുന്നത്. നവംബറിലാവട്ടെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആദ്യ 10 കാറുകൾക്കൊപ്പവും ‘ടിയാഗൊ’ ഇടം നേടി. എന്നാൽ ഡിസംബറിൽ ഈ നേട്ടം ആവർത്തിക്കാൻ കാറിനു കഴിഞ്ഞില്ല.

‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ ജർമൻ നിർമാതാക്കളായ ഫോക്സ്വാഗനെ 10—ാം സ്ഥാനത്തേക്ക് പിന്തള്ളി ജപ്പാനിൽ നിന്നുള്ള നിസ്സാൻ ഒൻപതാമതുമെത്തി. ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ ‘റെഡി ഗൊ’യ്ക്കു ലഭിച്ച സ്വീകാര്യതയാണു നിസ്സാനു നേട്ടം സമ്മാനിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 2016ലെ വിൽപ്പനയിൽ 31% വളർച്ച നേടിയ നിസ്സാൻ, 6,411 യൂണിറ്റ് വ്യത്യാസത്തിലാണു ഫോക്സ്വാഗനെ മറികടന്നത്. പുത്തൻ കോംപാക്ട് സെഡാനായ ‘അമിയൊ’യുടെ വരവും ഫോക്സ്‌വാഗനെ തുണച്ചില്ല; 2016ൽ ഫോക്സ്വാഗൻ 12,863 ‘അമിയൊ’ വിറ്റപ്പോൾ ‘റെഡി ഗൊ’ വിൽപ്പന 20,114 യൂണിറ്റോളമെത്തി. ചെറു ഹാച്ച്ബാക്കായ ‘ക്വിഡ്’ സമ്മാനിച്ച കുതിപ്പിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോ യു എസിൽ നിന്നുള്ള ഫോഡ് ഇന്ത്യയെ പിന്തള്ളി; എന്നിട്ടും നേരിയ വ്യത്യാസത്തിൽ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)നു പിന്നിലാവുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 2016ലെ വിൽപ്പനയിൽ 146% വർധനയാണു റെനോ രേഖപ്പെടുത്തിയത്.

ഇന്ത്യൻ കാർ വിപണിയിൽ സമഗ്രാധിപത്യമുള്ള മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ വർഷം 13,94,972 യൂണിറ്റാണു വിറ്റത്; 2015നെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം വർധന. പുത്തൻ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യിലൂടെ വിപണിയിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന മഹീന്ദ്ര ‘ബൊലേറൊ’യ്ക്കും ഫോഡ് ‘ഇകോ സ്പോർട്ടി’നുമൊക്കെ കനത്ത വെല്ലുവിളി ഉയർത്താനും കമ്പനിക്കു കഴിഞ്ഞു. ‘ഗ്രാൻഡ് ഐ 10’, ‘എലീറ്റ് ഐ 20’ തുടങ്ങിയവയുടെ ജനപ്രീതി കൈമുതലാക്കി 2016ലെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വളർച്ച നേടാൻ ഹ്യുണ്ടേയിക്കു കഴിഞ്ഞു. 5,00,537 യൂണിറ്റ് വിൽപ്പനയോടെയാണു കമ്പനി രണ്ടാം സ്ഥാനം നിലനിർത്തിയത്; 2015ലെ വിൽപ്പനയാവട്ടെ 4,76,001 കാറുകളായിരുന്നു. മൂന്നാമതെത്തിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റത് 2,42,766 യൂണിറ്റാണ്; 2015ൽ കമ്പനി വിറ്റതാവട്ടെ 2,24,189 യൂണിറ്റും. മുൻവർഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തോളം ഇടിവു നേരിട്ടെങ്കിലും 1,31,149 യൂണിറ്റ് വിൽപ്പനയോടെ ടൊയോട്ട കിർലോസ്കർ മോട്ടോർ ആറാം സ്ഥാനം സ്വന്തമാക്കി. 2015ൽ 1,39,819 കാറുകൾ വിൽക്കാൻ കമ്പനിക്കു കഴിഞ്ഞിരുന്നു.  

Your Rating: