Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ എം ടി ഗീയർബോക്സ് സ്വയം നിർമിക്കാൻ ടാറ്റ

genx-nano-celebration-edition Tata Nano GenX

ഗീയർരഹിത കാറുകളോടുള്ള താൽപര്യമേറുന്ന സാഹചര്യത്തിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) നിർമാണം ത്വരിതപ്പെടുത്താൻ ടാറ്റ മോട്ടോഴ്സിനു പദ്ധതി. ‘ജെനെക്സ് നാനോ’ പോലുള്ള കാറുകൾക്ക് ആവശ്യക്കാരേറിയതിനാൽ എ എം ടി കിറ്റുകൾ പ്രാദേശികമായി നിർമിക്കാനാണു കമ്പനിയുടെ നീക്കം. നിലവിൽ ഇറ്റാലിയൻ കമ്പനിയായ മാഗ്നെറ്റി മാരെല്ലി നിർമിക്കുന്ന എ എം ടി കിറ്റുകളാണു ടാറ്റ മോട്ടോഴ്സ് ഇറക്കുമതി ചെയ്തു ‘ജെനെക്സ് നാനോ’യിൽ ഘടിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾക്കെല്ലാം എ എം ടി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതും മാഗ്നെറ്റി മാരെല്ലി തന്നെ.

GenX Nano Tata Nano GenX

ഡീസൽ എൻജിനുള്ള ‘സെസ്റ്റി’ലാണു ടാറ്റ മോട്ടോഴ്സ് ആദ്യമായി എ എം ടി ഗീയർബോക്സ് ലഭ്യമാക്കിയത്; തുടർന്നു ‘ജെനെക്സ് നാനോ’യിലും എ എം ടി ഇടംപിടിച്ചു. എൻട്രി ലവൽ ഹാച്ച്ബാക്കിൽ എ എം ടി ലഭ്യമാക്കി വിപണിയിൽ പുതിയൊരു വിഭാഗംതന്നെ സൃഷ്ടിക്കാനും കമ്പനിക്കു കഴിഞ്ഞെന്നാണു വിലയിരുത്തൽ. നിലവിൽ ‘ജെനെക്സ് നാനോ’യ്ക്കു ലഭിക്കുന്ന ബുക്കിങ്ങിൽ 40 ശതമാനത്തോളം എ എം ടി വകഭേദത്തിനാണെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ മാഗ്നെറ്റി മാരെല്ലിയിൽ നിന്ന് വേണ്ടത്ര എ എം ടി കിറ്റുകൾ ലഭിക്കാത്തതിനാൽ ഈ കാർ ലഭിക്കാനുള്ള കാത്തിരിപ്പ് നീളുകയാണ്. ഈ പരിമിതി മറികടക്കാൻ ലക്ഷ്യമിട്ടാണു ടാറ്റ മോട്ടോഴ്സ് ആഭ്യന്തരമായി എ എം ടി കിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതുവഴി ലഭ്യത മെച്ചപ്പെടുന്നതിനൊപ്പം എ എം ടി കിറ്റിന്റെ വില കുറയ്ക്കാനും കഴിയുമെന്നും കമ്പനി കരുതുന്നു. പോരെങ്കിൽ പുതുവർഷത്തിൽ അരങ്ങേറ്റം കുറിക്കുന്ന ‘സിക്ക’ ഹാച്ച്ബാക്കിലും എ എം ടി ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്. മിക്കവാറും ആഭ്യന്തരമായി നിർമിച്ച എ എം ടി ഗീയർബോക്സാവും ‘സിക്ക’യിൽ ഉപയോഗിക്കുകയെന്നാണു സൂചന.

GenX Nano Tata Nano GenX

എ എം ടി സൗകര്യമുള്ള ‘സെലേറിയൊ’ 2014 ഫെബ്രുവരിയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വൻനേട്ടം കൊയ്തിരുന്നു. പിന്നാലെ ‘ഓൾട്ടോ കെ 10’, ‘വാഗൻ ആർ’ എന്നിവയിലും കമ്പനി ഇതേ സംവിധാനം ഏർപ്പെടുത്തി. ഫ്രഞ്ച് നിർമാതാക്കളായ റെനോയും എ എം ടിയുടെ സാധ്യത മുതലെടുക്കാൻ തയാറെടുക്കുന്നുണ്ട്; ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പരിഷ്കരിച്ച പതിപ്പിലാവും കമ്പനി എ എം ടി ലഭ്യമാക്കുക.