Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15,000 ബുക്കിങ്ങുമായി ടാറ്റ ‘ടിയാഗൊ’യുടെ മുന്നേറ്റം

tata-tiago-test-drive-13 Tata Tiago

പുതിയ മോഡലായ ‘ടിയാഗൊ’യ്ക്ക് 15,000 ബുക്കിങ്ങുകൾ ലഭിച്ചതായി നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ചെറുകാർ വാങ്ങാനെത്തുന്നവരെ ആകർഷിക്കാനുള്ള ഘടകങ്ങൾ ഈ കാറിലുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. ‘ടിയാഗൊ’യെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ഒരു ലക്ഷത്തോളം പേർ രാജ്യമെങ്ങുമുള്ള ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പുകൾ സന്ദർശിച്ചെന്നും കമ്പനി വെളിപ്പെടുത്തി. പുതുതായി ‘ഹെക്സ’, ‘കൈറ്റ് ഫൈവ്’, ‘നെക്സൻ’ തുടങ്ങിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്ന ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ചിടത്തോളം വൻആത്മവിശ്വാസമാണ് ‘ടിയാഗൊ’ സമ്മാനിച്ചത്.

tata-tiago-test-drive-8 Tata Tiago

സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ആധിക്യവും ആകർഷകമായ വിലയുമാണു പലരെയും ‘ടിയാഗൊ’യിലേക്ക് ആകർഷിച്ചത്. ഹ്യുണ്ടേയ് ‘ഐ 10’, മാരുതി സുസുക്കി ‘സെലേറിയൊ’, ഷെവർലെ ‘ബീറ്റ്’ തുടങ്ങിയവരോടാണ് ഇന്ത്യൻ വിപണിയിൽ ‘ടിയാഗൊ’യുടെ മത്സരം. പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 3.2 ലക്ഷം മുതൽ 5.54 ലക്ഷം രൂപ വരെയാണ് ‘ടിയാഗൊ’യുടെ വിവിധ വകഭേദങ്ങൾക്ക് ന്യൂഡൽഹി ഷോറൂമിലെ വില.
പെട്രോൾ, ഡീസൽ എൻജിൻ സാധ്യതകളോടെയാണു ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’ അവതരിപ്പിച്ചത്. കാറിലെ 1.2 ലീറ്റർ റെവോട്രോൺ പെട്രോൾ എൻജിന് പരമാവധി 85 പി എസ് കരുത്തും 114 എൻ എം ടോർക്കും സൃഷ്ടിക്കാൻ കഴിയും.

Tata Tiago Test Drive Report and Review | Manorama Online

പുതുതായി വികസിപ്പിച്ച 1.05 ലീറ്റർ റെവോടോർക് ഡീസൽ എൻജിനാവട്ടെ പരമാവധി 70 പി എസ് കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഇരു എൻജിനുകൾക്കുമൊപ്പം ഇപ്പോഴുള്ളത് അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. എന്നാൽ വൈകാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സ് സഹിതവും ‘ടിയാഗൊ’ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. അതേസമയം വിൽപ്പനാന്തര സേവന വിഭാഗത്തിലെ അപര്യാപ്തതയാണു ടാറ്റ മോട്ടോഴ്സ് നേരിടുന്ന പ്രധാന വെല്ലുവിളി. ‘ടിയാഗൊ’യ്ക്കു ലഭിച്ച സ്വീകാര്യത നിലനിർത്തണമെങ്കിൽ ഈ മേഖലയിൽ കമ്പനി കാര്യമായ മുന്നേറ്റം കൈവരിക്കേണ്ടി വരുമെന്നാണു വിലയിരുത്തൽ.