Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശേഷി കുറഞ്ഞ ഡീസൽ എൻജിനൊരുക്കാൻ ടാറ്റ

tata-kite-logo

പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ശേഷിയേറിയ എൻജിനുകൾക്കു ദേശീയ തലസ്ഥാന മേഖല(എൻ സി ആർ)യിൽ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ടാറ്റ മോട്ടോഴ്സ് നടപടി തുടങ്ങി. ഡീസൽ എൻജിനുകളുടെ ശേഷി കുറച്ച് വിലക്കിനെ അതിജീവിക്കാനാണു കമ്പനി തയാറെടുക്കുന്നത്. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച വാഹനങ്ങൾക്കു കഴിഞ്ഞ ഡിസംബർ മുതലാണ് എൻ സി ആറിൽ വിലക്ക് നിലവിൽ വന്നത്. ഇതോടെ ഈ മേഖലയിൽ ടാറ്റ മോട്ടോഴ്സിന്റെ മാത്രമല്ല എതിരാളികളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയും ടൊയോട്ട കോർപറേഷന്റെയുമൊക്കെ വാഹന വിൽപ്പന പ്രതിസന്ധിയിലായി. തുടക്കത്തിൽ മാർച്ച് 31 വരെ പ്രാബല്യമുണ്ടായിരുന്ന വിലക്ക് ദീർഘിപ്പിക്കാൻ സുപ്രീം കോടതി തീരുമാനിച്ചതോടെയാണ് ഇത്തരം വാഹനങ്ങളുടെ നിർമാതാക്കൾ വിഷമവൃത്തത്തിലായത്. പോരെങ്കിൽ ഡീസൽ കാർ വിൽപ്പനയ്ക്ക് അധിക നികുതി ഈടാക്കാനുള്ള സാധ്യത പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

നിലവിലുള്ള എൻജിനുകൾ പരിഷ്കരിച്ച് ശേഷി രണ്ടു ലീറ്ററിനു താഴെയാക്കാനാണു കമ്പനി ആലോചിക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് സീനിയർ വൈസ് പ്രസിഡന്റ് (പ്രോഗ്രാം പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ്) ഗിരീഷ് വാഗ് സൂചിപ്പിച്ചു. എന്നാൽ ഇതിനുള്ള ചെലവ് എത്രയെന്നോ പുതിയ എൻജിനുകൾ എപ്പോൾ ഉപയോഗസജ്ജമാവുമെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. പുതിയ എൻജിൻ വികസിപ്പിക്കാൻ ഒരു വർഷത്തിലേറെ സമയമെടുക്കും. എന്നാൽ നിലവിലുള്ളവ പരിഷ്കരിക്കാൻ അത്രയും സമയമെടുക്കില്ലെന്ന നിലപാടിലാണു വാഗ്. റീ എൻജിനീയറിങ് വഴി ശേഷി കുറച്ച എൻജിനുകൾ ടാറ്റ മോഡലുകളിൽ മാത്രമാവും ഉപയോഗിക്കുകയെന്നും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജഗ്വാർ ലാൻഡ് റോവറിൽ ഇടംപിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്ക് എന്നു നീങ്ങുമെന്നതു സംബന്ധിച്ച അവ്യക്തത വാഹന നിർമതാക്കൾക്കു കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പോരെങ്കിൽ നിലവിൽ എൻ സി ആറിലുള്ള വിലക്ക് ഭാവിയിൽ രാജ്യവ്യാപകമാക്കാനുള്ള സാധ്യതയും നിർമാതാക്കൾ കാണുന്നുണ്ട്. ഈ സാധ്യത കൂടി മുന്നിൽ കണ്ടാണു കമ്പനികൾ ശേഷി കുറഞ്ഞ ഡീസൽ എൻജിനുകൾ വികസിപ്പിക്കാനുള്ള മാർഗങ്ങൾ തേടുന്നത്.

Your Rating: