Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ ‘സിക്ക’യ്ക്കു കൂട്ടായി എ എം ടി ഗീയർബോക്സും

tata-zica-new

ഇടത്തരം ഹാച്ച്ബാക്ക് വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിനായി പട നയിക്കാൻ പുതുവർഷത്തിലെത്തുന്ന ‘സിക്ക’യ്ക്കു കൂട്ടായി ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) ഗീയബോക്സും. നിലവിൽ ചെറുകാറായ ‘നാനോ’യിലും കോംപാക്ട് സെഡാനായ ‘സെസ്റ്റി’ലുമാണു ടാറ്റ മോട്ടോഴ്സ് എഫ് ട്രോണിക് എ എം ടി ഗീയർബോക്സ് ലഭ്യമാക്കുന്നത്. ‘നാനോ’യിൽ പെട്രോൾ എൻജിനൊപ്പമാണ് എ എം ടി ട്രാൻസ്മിഷൻ ലഭിക്കുന്നതെങ്കിൽ ‘സെസ്റ്റി’ൽ ഡീസൽ എൻജിന്റെ കൂട്ടായാണ് എ എം ടി എത്തുന്നത്.അതേസമയം ‘സിക്ക’യിൽ പെട്രോൾ, ഡീസൽ ഭേദമില്ലാതെ എഫ് ട്രോണിക് എ എം ടി ലഭ്യമാക്കാനാണു ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നത്. തുടക്കത്തിൽ പെട്രോൾ എൻജിനൊപ്പവും വൈകാതെ ഡീസൽ എൻജിന്റെ കൂടെയും എ എം ടി ഗീയർബോക്സ് ലഭ്യമാവുമെന്നാണു സൂചന.

tata-zica-new1

നിലവിലുള്ള ഇടത്തരം ഹാച്ച്ബാക്കായ ‘ഇൻഡിക്ക’യ്ക്ക് അടിത്തറയാവുന്ന ‘എക്സ് സീറോ’ പ്ലാറ്റ്ഫോം ആധാരമാക്കിയാണു ‘സിക്ക’യുടെ വരവ്. പോരെങ്കിൽ ‘ഇൻഡിക്ക’യുടെ പെഡൽബോക്സും ഫയർവാളും പോലുള്ള ഘടകങ്ങൾ ‘സിക്ക’യിലും ടാറ്റ മോട്ടോഴ്സ് ഉപയോഗിച്ചിട്ടുണ്ട്. അതേസമയം കാറിനു കരുത്തേകാൻ പുത്തൻ എൻജിൻ ശ്രേണിയാണു കമ്പനി അവതരിപ്പിക്കുന്നത്: 1.2 ലീറ്റർ റെവോട്രോൺ പെട്രോളും 1.05 ലീറ്റർ റെവോടോർക് ഡീസലും. ‘ബോൾട്ടി’നും കരുത്തേകുന്ന ഈ പെട്രോൾ എൻജിന് പരമാവധി 83.8 ബി എച്ച് പി വരെയും ഡീസൽ എൻജിന് പരമാവധി 69 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കാനാവും. അവതരണവേളയിൽ ‘സീക്ക’യുടെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും. എന്നാൽ വലിയ കാലതാമസമില്ലാതെ എ എം ടി ഗീയർബോക്സുള്ള ‘സിക്ക’യും വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ‘നാനോ’യ്ക്കായി ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ‘സിക്ക’ പുറത്തെത്തുക.

tata-zica-hatchback

എൻട്രി ലവൽ കാറായ ‘നാനോ’യ്ക്കും ഹാച്ച്ബാക്കായ ‘ബോൾട്ടി’നുമിടയിലാണു ടാറ്റ മോട്ടോഴ്സ് ‘സിക്ക’യുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഹ്യുണ്ടായ് ‘ഗ്രാൻഡ് ഐ 10’, മാരുതി സുസുക്കി ‘സെലേറിയൊ’തുടങ്ങിയവയോടാവും ‘സിക്ക’യുടെ പോരാട്ടം. വില സംബന്ധിച്ചു വ്യക്തതയില്ലെങ്കിലും 3.5 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെ മുടക്കിയാൽ ‘സിക്ക’യുടെ വിവിധ വകഭേദങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ.