Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നാനോ’: ടാറ്റ ഭൂമി ചോദിച്ചതു ഖരഗ്പൂരിലെന്നു ബംഗാൾ മന്ത്രി

tata-nano

ചെറുകാറായ ‘നാനോ’ നിർമാണത്തിനായി ശാല സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സ് ഭൂമി ആവശ്യപ്പെട്ടതു സിംഗൂരിലല്ലെന്നും മറിച്ച് ഖരഗ്പൂരിലാണെന്നും പശ്ചിമ ബംഗാൾ മന്ത്രി പാർഥ ചതോപാധ്യായ. എന്നാൽ അക്കാലത്തു ബംഗാൾ ഭരിച്ചിരുന്ന ഇടതു സർക്കാർ 2006ൽ കമ്പനിക്കു സിംഗൂരിൽ ഭൂമി ഏറ്റെടുത്തു നൽകുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സിംഗൂരിലെ ‘നാനോ’ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമി കർഷകർക്കു കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ട് മൂന്നാഴ്ച കഴിയുമ്പോഴാണ് മുൻ സർക്കാരിനെതിരെ പുതിയ ആരോപണവുമായി സംസ്ഥാന വിദ്യാഭ്യാസ, പാർലമെന്ററി കാര്യ മന്ത്രി ചതോപാധ്യായ രംഗത്തെത്തിയത്. ‘നാനോ’ കാർ ബംഗാളിൽ തന്നെ നിർമിക്കണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആഗ്രഹമെന്നും ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ചതോപാധ്യായ വ്യക്തമാക്കി. എന്നാൽ വിവിധ വിളകൾ കൃഷി ചെയ്യുന്ന ഭൂമിക്കു പകരം വ്യവസായത്തിനായി നീക്കവച്ചിരിക്കുന്ന മേഖലയിൽ വേണം കാർ നിർമാണശാല സ്ഥാപിക്കാനെന്നും അദ്ദേഹം വിശദീകരിച്ചു.

ടാറ്റ മോട്ടോഴ്സും സംസ്ഥാന സർക്കാരുമായി ഒപ്പിട്ട ധാരണാപത്രം നിയമസഭയിൽ വയ്ക്കണമെന്നു 2006ൽ പ്രതിപക്ഷത്തായിരുന്ന തങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അന്നു ബംഗാൾ ഭരിച്ചിരുന്ന ഇടതു സർക്കാർ ഇത് അംഗീകരിച്ചില്ല. തുടർന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ അന്വേഷണത്തിൽ ‘നാനോ’ ശാലയ്ക്കായി ടാറ്റ മോട്ടോഴ്സ് ഭൂമി ആവശ്യപ്പെട്ടത് സിംഗൂരിലല്ലെന്നും മറിച്ചു ഖരഗ്പൂരിലായിരുന്നെന്നും ഫയലുളിൽ നിന്നു ബോധ്യമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിംഗൂരിൽ അവകാശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു റാലി സംഘടിപ്പിച്ചത്. 2006ൽ അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കലിനെതിരെ സിംഗൂരിലെ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസ് വളഞ്ഞതിന്റെ സ്മരണാർഥമാണ് അവകാശദിനം ആചരിച്ചത്. ഭൂമി ഉടമകൾക്ക് വ്യാജ ചെക്ക് നൽകിയെന്ന് ആരോപിച്ചു നടത്തിയ സമരത്തിനിടെ ബാനർജിയെയും മറ്റും പൊലീസ് രാത്രി ഓഫിസ് പരിസരത്തു നിന്നു ബലമായി പുറത്താക്കിയിരുന്നു.

മൊത്തം ഏറ്റെടുത്ത 997.11 ഏക്കറിൽ ബലമായി പിടിച്ചെടുത്ത 400 ഏക്കർ ഭൂമി കർഷകർക്കു മടക്കി നൽകണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം. അക്രമത്തോളമെത്തിയ ഈ നിരന്തര സമരങ്ങൾക്കൊടുവിലാണ് സിംഗൂർ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 2008 ഒക്ടോബർ മൂന്നിനു ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു കമ്പനി സാനന്ദിൽ ‘നാനോ’ നിർമാണശാലയും സ്ഥാപിച്ചു. ബംഗാളിൽ അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസ് കൃഷി ഭൂമി കർഷകർക്കു കൈമാറാനുള്ള നിയമം പാസ്സാക്കി. ഇതിനെതിരെ ടാറ്റ മോട്ടോഴ്സ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ഓഗസ്റ്റ് 31ന് വന്ന വിധി കമ്പനിക്കെതിരായിരുന്നു. ബംഗാളിലെ ഇടതു സർക്കാരിന്റെ നടപടി റദ്ദാക്കിയ കോടതി ഏറ്റെടുത്ത ഭൂമി കർഷകർക്കു കൈമാറാനും ഉത്തരവിടുകയായിരുന്നു.