Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടവേര വീണ്ടും തിരിച്ചുവിളിക്കുന്നു

tavera-1 Chevrolet Tavera

മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കാൻ വാഹനങ്ങൾ ഡീലർഷിപ്പിലെത്തിക്കാൻ ഷെവർലെ ‘ടവേര’ എം പി വി ഉടമകളോട് ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യുടെ അഭ്യർഥന. 2013ൽ പ്രഖ്യാപിച്ച വാഹന പരിശോധന പ്രതീക്ഷിച്ച ഫലം കാണാതെ പോയ സാഹചര്യത്തിലാണു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ഈ നടപടി. നിർമാണ തകരാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് 2013 ജൂലൈയിലാണ് 1.14 ലക്ഷത്തോളം ഷെവർലെ ‘ടവേര’ എം പി വികൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജി എം ഐ തീരുമാനിച്ചത്. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിലവാരങ്ങൾ കൈവരിക്കുന്നതിൽ പോരായ്മ കണ്ടെത്തിയ സാഹചര്യത്തിലാണ് 2005 മുതൽ 2013 വരെയുള്ള കാലത്തിനിടെ നിർമിച്ച ‘ടവേര’ വിവിധോദ്ദേശ്യ വാഹനങ്ങളക്കു കമ്പനി പരിശോധന പ്രഖ്യാപിച്ചത്.

tavera Chevrolet Tavera

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് മൂന്ന്, ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന ‘ടവേര’ മോഡലുകൾക്കായിരുന്നു പരിശോധന ആവശ്യം. ‘ടവേര’ ബി എസ് ത്രീയുടെ 2.5 എൽ വകഭേദവും ബി എസ് ഫോറിന്റെ 2.0 എൽ വകഭേദവുമാണു കമ്പനി പരിശോധനയ്ക്കായി തിരിച്ചുവിളിച്ചത്. വാഹനങ്ങൾ രാജ്യത്തെ 280 ഡീലർഷിപ്പുകളിലേക്കു വിളിച്ചു പരിശോധിച്ചു തകരാർ സൗജന്യമായി പരിഹരിച്ചു നൽകുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. മലിനീകരണവുമായി ബന്ധപ്പെട്ട അപാകതകളുടെ പശ്ചാത്തലത്തിൽ ‘ടവേര’യുടെ ബി എസ് ത്രീ വകഭേദത്തിന്റെ ഉൽപ്പാദനവും വിൽപ്പനയും 2013 ജൂൺ നാലു മുതൽ ജി എം താൽക്കാലികമായി നിർത്തിയിരുന്നു. ബി എസ് ഫോർ വകഭേദത്തിന്റെ നിർമാണവും വിൽപ്പനയും 2013 ജൂലൈ രണ്ടു മുതലും നിർത്തി. അതേസമയം വാഹനങ്ങളിലെ തകരാറുകൾ സുരക്ഷയുമായി ബന്ധപ്പെട്ടതല്ലെന്നു ജി എം ഐ വ്യക്തമാക്കിയിരുന്നു. എന്നാൽ പരിശോധന ആവശ്യമായ വാഹനങ്ങളിൽ പലതും ഡീലർഷിപ്പുകളിലെത്തിയില്ലെന്ന തിരിച്ചറിവിലാണു ജി എം ഐ ഇപ്പോൾ ‘ടവേര’ ഉടമകളോടുള്ള അഭ്യർഥനയുമായി പത്രങ്ങളിൽ പരസ്യം നൽകുന്നത്. മുൻകൂർ ബുക്കിങ് ഇല്ലാതെ തന്നെ വാഹനങ്ങൾ ഡീലർമാർ അറ്റകുറ്റപ്പണി നടത്തി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. 2013ൽ വാഹന പരിശോധന പ്രഖ്യാപിച്ച പിന്നാലെ തന്നെ കമ്പനി ‘ടവേര’ ഉടമകൾക്കു കത്ത് അയച്ചിരുന്നു; പരസ്യ പ്രചാരണവും നടത്തി. പക്ഷേ രണ്ടു വർഷത്തിലേറെ കാലം മുമ്പു നടത്തിയ ഈ അഭ്യർഥന സ്വീകരിച്ച് എത്ര ‘ടവേര’ ഉടമകൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയെന്നു വെളിപ്പെടുത്താൻ ജി എം ഐ തയാറായിട്ടില്ല.

വാഹനങ്ങൾ തിരിച്ചുവിളിച്ച് ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ പരിശോധനയായിരുന്നു 1.14 ലക്ഷം ‘ടവേര’കൾക്കായി ജി എം ഐ 2013ൽ പ്രഖ്യാപിച്ചത്. എന്നാൽ ‘ഡീസൽഗേറ്റി’ൽ കുടുങ്ങിയ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യയിൽ വിറ്റ 3.23 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കഴിഞ്ഞ വർഷം തീരുമാനിച്ചതോടെ ജി എം ഐയുടെ റെക്കോർഡ് പഴങ്കഥയായി. യു എസിലെ കർശന മലിനീകരണ നിന്ത്രണ പരീക്ഷ വിജയിക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടിയെന്ന ആക്ഷേപമാണ് ഇന്ത്യയിലും കാറുകൾ തിരിച്ചുവിളിക്കാൻ ഫോക്സ്‌വാഗനെ നിർബന്ധിതരാക്കിയത്.