Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്‌ല മോട്ടോഴ്സ് ഇന്റർനെറ്റ് വിലാസം പരിഷ്കരിച്ചു

tesla-model-3-1

യു എസിൽ നിന്നുള്ള വൈദ്യുത ആഡംബര കാർ നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് ഇൻകോർപറേറ്റഡ്, കമ്പനിയുടെ ഇന്റർനെറ്റ് വിലാസം പരിഷ്കരിച്ചു. നിലവിൽ ടെസ്ലമോട്ടോഴ്സ് ഡോട്ട് കോം എന്നായിരുന്നു കമ്പനിയുടെ ഇന്റർനെറ്റ് വിലാസം; ഇത് ‘ടെസ്ല ഡോട്ട് കോം’ ആയാണു ചുരുക്കിയത്. ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത മാസ്റ്റർ പ്ലാന്റിന്റെ ഭാഗമായാണു വിലാസത്തിലെ മാറ്റമെന്നാണു സൂചന. കമ്പനിയുടെ ഡൊമെയ്ൻ നാമവും വിലാസവും തിങ്കളാഴ്ചയാണു പരിഷ്കരിച്ചതെന്ന് ഇന്റർനെറ്റ് അക്രഡിറ്റേഷൻ കമ്പനിയായ ഐ സി എ എൻ എൻ വെളഇപ്പെടുത്തി. പഴയ വിലാസം തേടിയെത്തുന്നവരെ ഓട്ടമാറ്റിക്കായി പുതിയ സൈറ്റിലെത്തിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

അതിനിടെ ഓട്ടോപൈലറ്റ്, ‘മോഡൽ ത്രീ’ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾക്കായി ടെസ്ലയിലുണ്ടെന്നു ചൊവ്വാഴ്ച മസ്ക് ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു. ഒപ്പം മാസ്റ്റർ പ്രോഡക്ട് പ്ലാൻ പൂർത്തിയാക്കാൻ രാത്രി പകലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ഈ മാസ്റ്റർ പ്ലാന്റിന്റെ വിശദാംശങ്ങൾ അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ തന്നെ പേരു മാറ്റുന്നതിനു മുന്നോടിയെന്ന നിലയിലാണോ ഇന്റർനെറ്റ് വിലാസം പരിഷ്കരിച്ചതെന്ന ചോദ്യത്തോടും ടെസ്ല പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യമാണു ടെസ്ല ഡോട്ട് കോം എന്ന വിലാസം ടെസ്ല സ്വന്തമാക്കിയത്; പിന്നാലെ ആഭ്യന്തര ഇ മെയിൽ വിലാസങ്ങൾ ഈ ഡൊമെയ്നിലേക്കു മാറ്റാനുള്ള നടപടികളും കമ്പനി ആരംഭിച്ചിരുന്നു.
സാങ്കേതിക രംഗത്തെ ഭീമൻമാരായ ആപ്പിൾ കംപ്യൂട്ടർ 2007ലാണ് പേര് ആപ്പിൾ ഇൻകോർപറേറ്റഡ് എന്നു മാറ്റിയത്. കമ്പനിയുടെ വ്യാപാരത്തിനു പുതിയ ദിശാബോധം സമ്മാനിച്ച ‘ഐ ഫോൺ’ അവതരണത്തിനു മുന്നോടിയെന്ന നിലയിലായിരുന്നു ഈ മാറ്റം.

വൈദ്യുത വാഹനങ്ങൾക്കു പുറമെ വീടുകൾക്കും വ്യാവസായിക ഉപയോഗത്തിനുമുള്ള സ്റ്റോറേജ് ബാറ്ററികളും നിലവിൽ ടെസ്ല ഉപയോഗിക്കുന്നുണ്ട്. ബാറ്ററികളെക്കുറിച്ചറിയാൻ ടെസ്ല എനർജി ഡോട്ട് കോം സന്ദർശിക്കുന്നവരെയും ഇപ്പോൾ കമ്പനി ടെസ്ല ഡോട്ട് കോം സ്ലാഷ് എനർജിയിലേക്കു വഴി തിരിച്ചുവിടുകയാണ്. സോളാർ പാനൽ വിതരണക്കാരായ സോളാർ സിറ്റി കോർപറേഷനും ടെസ്ലയുമായുള്ള ലയനവും നേരത്തെ മസ്ക് ശുപാർശ ചെയ്തിരുന്നു. ഇരുകമ്പനികളിലെയും ഭൂരിപക്ഷ ഓഹരി മസ്കിന്റെ പക്കലാണ്. സോളാർ സിറ്റിയും ടെസ്ലയും ലയിക്കുന്നതോടെ സോളാർ പാനൽ, വൈദ്യുത വാഹനം, സ്റ്റോറേജ് ബാറ്ററി മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള പുതിയ കമ്പനി രൂപീകൃതമാവുമെന്നാണു മസ്കിന്റെ വിലയിരുത്തൽ. ഇതോടെ ടെസ്ലയുടെ വിപണി മൂല്യം കുതിച്ചുയരുമെന്നും അദ്ദേഹം കരുതുന്നു.