Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോഡൽ എസ്’: വില കുറഞ്ഞ വകഭേദമൊരുക്കി ടെസ്‌ല

Tesla-Model-s

വൈദ്യുത കാറുകളുടെ പ്രചാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘മോഡൽ എസി’ന്റെ വില കുറഞ്ഞ പതിപ്പ് വിൽപ്പനയ്ക്കെത്തിച്ചതായി ടെസ്‌ല മോട്ടോഴ്സ്. 66,000 ഡോളറി(ഏകദേശം 44.08 ലക്ഷം രൂപ)നാണു പുത്തൻ വകഭേദമായ ‘മോഡൽ എസ് 60’ ലഭിക്കുകയെന്നു യു എസിലെ ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല അറിയിച്ചു. എന്നാൽ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘മോഡൽ എസ് 60’ സ്വന്തമാക്കാൻ 71,000 ഡോളർ(47.42 ലക്ഷം രൂപ) മുടക്കേണ്ടി വരും. നിലവിലുള്ള ‘മോഡൽ എസ് 90 ഡി’യുടെ വിലയാവട്ടെ 89,500 ഡോളർ(ഏകദേശം 59.78 ലക്ഷം രൂപ) ആണ്.

അതേസമയം നികുതി ഇളവുകളും ഇന്ധന വിലയിൽ പ്രതീക്ഷിക്കുന്ന ആനുകൂല്യവുമൊക്കെ പരിഗണിച്ചാൽ ‘മോഡൽ എസ് 60’ കാറിന്റെ വില അര ലക്ഷ ഡോളറിൽ(33.40 ലക്ഷം രൂപ) ഒരുങ്ങുമെന്നാണു ടെല്സ മോട്ടോഴ്സിന്റെ അവകാശവാദം. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 മൈൽ(ഏകദേശം 321.87 കിലോമീറ്റർ) ഓടുന്ന ‘മോഡൽ എസ് 60’ കാറിനു കമ്പനി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറിൽ 130 മൈൽ(209 കിലോമീറ്റർ) ആണ്. അടുത്ത മാസം കാർ കൈമാറുമെന്ന വാഗ്ദാനത്തോടെയാണു ടെസ്ല മോട്ടോഴ്സ് ‘മോഡൽ എസ് 60’ ഓർഡറുകൾ സ്വീകരിക്കുന്നത്.  അതിനിടെ ‘മോഡൽ എസ്’ സെഡാനകുളുടെ സസ്പെൻഷനിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നു യു എസ് നാഷനൽ ഹൈവേ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ(എൻ എച്ച് ടി എസ് എ) അറിയിച്ചു. ഈ പ്രശ്നം മൂടി വയ്ക്കാൻ വാഹന ഉടമകളുമായി ടെസ്‌ല മോട്ടോഴ്സ് കരാർ ഒപ്പിട്ടെന്ന ആക്ഷേപവും അഡ്മിനിസ്ട്രേഷൻ പരിശോധിക്കുന്നുണ്ട്.

ടെസ്‌ല ‘മോഡൽ എസി’ലെ സസ്പെൻഷൻ പ്രശ്നത്തെപ്പറ്റി പരിശോധിച്ചു വരികയാണെന്നും ഈ വിഷയത്തിൽ വാഹന ഉടമകളോടും കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ടെന്നും എൻ എച്ച് ടി എസ് എ വക്താവ് ബ്രയാൻ തോമസ് വെളിപ്പെടുത്തി. നിർമാണ തകരാറിന്റെ ഫലമായി ടെസ്‌ല ‘മോഡൽ എസി’ലെ സസ്പെൻഷൻ കൺട്രോൾ ആം തകർന്നു ഡ്രൈവർക്കു കാറിന്റെ നിയന്ത്രണം നഷ്ടമാവാനുള്ള സാധ്യതയാണ് എൻ എച്ച് ടി എസ് എ പരിശോധിക്കുന്നത്. കൂടാതെ പ്രശ്നം പുറത്ത് അറിയാതിരിക്കാൻ സസ്പെൻഷൻ തകരാർ നേരിട്ട കാറിന്റെ ഉടമയുമായി ടെസ്‌ല മോട്ടോഴ്സ് ദുരൂഹ വ്യവസ്ഥകളുള്ള കരാർ ഒപ്പുവപ്പിച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും എൻ എച്ച് ടി എസ് എ വ്യക്തമാക്കി.  

Your Rating: