Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ടിയാഗൊ’ ചിറകിൽ ടാറ്റ മോട്ടോഴ്സിന്റെ മുന്നേറ്റം

tata-tiago-test-drive-11

പുതുഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ ചിറകിലേറി യാത്രാവാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ ഉജ്വല മുന്നേറ്റം. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വിൽപ്പന പ്രകാരം ഇന്ത്യൻ കാർ നിർമാതാക്കളിൽ മൂന്നാം സ്ഥാനമാണു കമ്പനി തിരിച്ചുപിടിച്ചത്. 2016 — 17ന്റെ ആദ്യ പാദത്തിൽ 28,598 യൂണിറ്റായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ വിൽപ്പന; 2015 — 16ന്റെ ആദ്യ പാദത്തിൽ 26,617 കാർ വിറ്റ സ്ഥാനത്താണിത്. കഴിഞ്ഞ ഏപ്രിൽ — ജൂൺ കാലത്തെ വിൽപ്പനയിൽ ഗണ്യമായ തിരിച്ചടി നേരിട്ടതോടെയാണു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം നഷ്ടമായത്. അതേസമയം, ആദ്യ സ്ഥാനങ്ങളിലുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ടാറ്റ മോട്ടോഴ്സിനെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാണ്. മൂന്നു മാസത്തിനിടെ മാരുതി സുസുക്കി 2.46 ലക്ഷം യൂണിറ്റിന്റെയും ഹ്യുണ്ടേയ് ഒരു ലക്ഷം യൂണിറ്റിന്റെയും വിൽപ്പനയാണു കൈവരിച്ചത്.

Tata Tiago Test Drive Report and Review | Manorama Online

ഏതാനും വർഷം മുമ്പു വരെ കാർ വിൽപ്പനയിൽ ടാറ്റ മോട്ടോഴ്സിനായിരുന്നു മൂന്നാം സ്ഥാനം. കഴിഞ്ഞ പാദത്തിൽ വിൽപ്പന വളർച്ച രേഖപ്പെടുത്തിയ നാലു കമ്പനികളിൽ ഒന്നുമാണു ടാറ്റ. മാരുതി സുസുക്കിയും ഹ്യുണ്ടേയിയും ഹോണ്ടയുമടക്കമുള്ള പ്രമുഖ നിർമാതാക്കൾക്കെല്ലാം കഴിഞ്ഞ പാദത്തിലെ വിൽപ്പനയിൽ ഇടിവാണു നേരിട്ടത്.
ടാറ്റയുടെ കോംപാക്ട് കാറുകളുടെ വിൽപ്പന 2015 — 16ന്റെ ആദ്യ പാദത്തിലെ 21,881 എണ്ണത്തിൽ നിന്ന് 26,161 ആയി ഉയർന്നു; ‘ടിയാഗൊ’യ്ക്കു ലഭിച്ച സ്വീകാര്യതയാണ് ഈ കണക്കുകളിൽ പ്രതിഫലിക്കുന്നത്. പ്രതിമാസം ശരാശരി 3,000 യൂണിറ്റിന്റെ വിൽപ്പനയാണു കാർ സ്വന്തമാക്കുന്നത്.

tata-tiago-test-drive-1

ടാറ്റ മോട്ടോഴ്സിനു പിന്നിലായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയാണു വിൽപ്പന കണക്കെടുപ്പിൽ നാലാം സ്ഥാനത്ത്; കഴിഞ്ഞ വർഷം ഇതേ കാലത്ത് വെറും 805 കാർ വിറ്റ് 13—ാം സ്ഥാനത്തായിരുന്ന കമ്പനി ചെറു കാറായ ‘ക്വിഡി’ന്റെ കുതിപ്പിൽ 25,374 യൂണിറ്റിന്റെ വിൽപ്പനയാണ് ഇത്തവണ കൈവരിച്ചത്. അഞ്ചാമതായ ഹോണ്ടയുടെ വിൽപ്പന 25,064 കാറുകളാണ്; കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ കമ്പനി 41,306 കാർ വിറ്റെന്നാണു സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സി(സയാം)ന്റെ കണക്ക്.  

Your Rating: