Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിൽപ്പന: ഒന്നാം സ്ഥാനം നിലനിർത്താനൊരുങ്ങി ടൊയോട്ട

Toyota at top in global vehicle sales again

ആഗോളതലത്തിൽ ഏറ്റവുമധികം വിൽപ്പന കൈവരിച്ച വാഹന നിർമമാതാക്കളെന്ന പെരുമ ജപ്പാനിൽ നിന്നുള്ള ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) ഇക്കൊല്ലവും നിലനിർത്താൻ സാധ്യതയേറി. കഴിഞ്ഞ ജനുവരി — സെപ്റ്റംബർ കാലത്ത് 75 ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയുമായാണു ടൊയോട്ട, പ്രധാന എതിരാളികളായ ജനറൽ മോട്ടോഴ്സി(ജി എം)നെയും ഫോക്സ്​വാഗനെയും പിന്തള്ളിയത്. ഇക്കൊല്ലത്തിന്റെ ആദ്യ ഒൻപതു മാസത്തിനിടെ ആഗോളതലത്തിൽ 74.98 ലക്ഷം യൂണിറ്റിന്റെ വിൽപ്പന നേടിയതായി ടൊയോട്ട മോട്ടോർ കോർപറേഷൻ വെളിപ്പെടുത്തി. ജർമൻ വാഹന നിർമാണ ഗ്രൂപ്പായ ഫോക്സ്​വാഗൻ എ ജി ഇതേ കാലത്ത് 74.30 ലക്ഷം യൂണിറ്റും യു എസിൽ നിന്നുള്ള ജനറൽ മോട്ടോഴ്സ് 72 ലക്ഷം യൂണിറ്റും വിറ്റെന്നാണു കണക്ക്.

കഴിഞ്ഞ ജനുവരി — ജൂൺ കാലത്തെ വാഹന വിൽപ്പനയിൽ ഫോക്സ്​വാഗൻ, ടൊയോട്ടയെ പിന്തള്ളിയിരുന്നു. പക്ഷേ കഴിഞ്ഞ മാസം പുറത്തെത്തിയ ‘പുകമറ’ വിവാദത്തോടെ ഫോക്സ്​വാഗന്റെ സാധ്യതകൾ തീർത്തും നഷ്ടമായെന്നാണു വിലയിരുത്തൽ. യു എസിൽ നിലവിലുള്ള കർശന മലിനീകരണ നിലവാര പരിശോധനകളെ മറികടക്കാൻ ഡീസൽ എൻജിനുകളിൽ ഫോക്സ്​വാഗൻ പ്രത്യേക സോഫ്റ്റ്​വെയർ ഉപയോഗിച്ചു കൃത്രിമം കാട്ടിയെന്നായിരുന്നു വിലയിരുത്തൽ. പരിശോധന നടക്കുന്നതു തിരിച്ചറിയുന്ന സോഫ്റ്റ്​വെയർ മലിനീകരണ നിലവാരം കുറച്ചു കാണിക്കുകയും അങ്ങനെ വാഹനങ്ങൾ പരിശോധന വിജയിക്കുകയുമായിരുന്നത്രെ.

ഏഴു പതിറ്റാണ്ടിലേറെ കാലം ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനങ്ങളുടെ നിർമാതാക്കൾ ഡെട്രോയ്റ്റ് ആസ്ഥാനമായ ജി എം ആയിരുന്നു. 2008ലാണു ടൊയോട്ട ഈ മേധാവിത്തം തകർത്തു ലോകത്തിലെ ഏറ്റവുമധികം വിൽപ്പനയുള്ള നിർമാതാക്കളായത്. പ്രകൃതിക്ഷോഭത്തെ തുടർന്നു വിതരണശൃംഖല താറുമാറായതിനെ തുടർന്നു ടൊയോട്ടയ്ക്കു തിരിച്ചടി നേരിട്ടതിനെ തുടർന്നു 2011ൽ ജി എം ഒന്നാം സ്ഥാനം വീണ്ടെടുത്തിരുന്നു. പക്ഷേ അടുത്ത വർഷം തന്നെ ടൊയോട്ട ശക്തമായ തിരിച്ചുവരവ് നടത്തി. തുടർന്നു ഫോക്സ്​വാഗൻ ഗ്രൂപ്പിന്റെയും ജനറൽ മോട്ടോഴ്സിന്റെയും ശക്തമായ വെല്ലുവിളി അതിജീവിച്ച് ആഗോളതലത്തിൽ ഏറ്റവുമധികം വിൽപ്പന കൈവരിച്ച വാഹന നിർമാതാക്കൾക്കുള്ള കിരീടം 2013ലും 2014ലും ടി എം സി നിലനിർത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം 1.023 കോടി വാഹനങ്ങളാണു ടി എം സി ലോകവ്യാപകമായി വിറ്റത്. രണ്ടാം സ്ഥാനത്തെത്തിയ ഫോക്സ്​വാഗൻ ഗ്രൂപ്പ് വിറ്റത് 1.014 കോടി വാഹനങ്ങളും. 99.20 ലക്ഷം വാഹനങ്ങളുടെ വിൽപ്പനയുമായി ജനറൽ മോട്ടോഴ്സ് മൂന്നാം സ്ഥാനം ഉറപ്പാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.