Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ടയും എത്തുന്നു, സ്വയം ഓടുന്ന കാറുമായി

Toyota Driverless Car

ഡ്രൈവർ ആവശ്യമില്ലാത്ത ട്രക്കുമായി വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്​ലർ ജർമൻ ദേശീയപാതയിൽ പരീക്ഷണഓട്ടം നടത്തിയ പിന്നാലെ ജപ്പാനിൽ നിന്നുള്ള ടൊയോട്ടയും സ്വയം ഓടുന്ന കാറുമായി രംഗത്തെത്തി. ലക്ഷ്യസ്ഥാനം കണ്ടെത്താനും ലെയ്ൻ മാറാനും വാഹനങ്ങളെ മറികടക്കാനുമൊക്കെ അത്യാധുനിക സെൻസറുകളുടെ സഹായത്തോടെയാണു ടൊയോട്ട സ്വയം ഓടാൻ കഴിവുള്ള ‘ലെക്സസ് ജി എസ്’ അവതരിപ്പിച്ചത്.

അഞ്ചു വർഷത്തിനകം സമാന സൗകര്യങ്ങളുള്ള മറ്റു മോഡലുകളും അവതരിപ്പിക്കാനാണു ടൊയോട്ട മോട്ടോർ കോർപറേഷൻ തയാറടെടുക്കുന്നത്. 2020ലെ ഒളിംപിക്സിനു വേദിയാവുന്നത് ടോക്കിയോ നഗരമാണ്. ഒളിംപിക്സ് എത്തുമ്പോഴേക്ക് ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന കാറുകൾ യാഥാർഥ്യമാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് ടൊയോട്ടയുടെ ചീഫ് ടെക്നോളജി ഓഫിസർ യോഷിദ മൊരിടാക വെളിപ്പെടുത്തി.

ദേശീയപാത നിലവാരമുള്ള നിരത്തിൽ താരമ്യേന ഗതാഗതത്തിരക്കു കുറവുള്ള അവസരത്തിൽ ഓട്ടമേറ്റഡ് സംവിധാനത്തിലേക്കു മാറുന്ന തരത്തിലാണു ടൊയോട്ട ഇപ്പോൾ അനാവരണം ചെയ്ത പരിഷ്കരിച്ച ‘ലെക്സസ് ജി എസി’ന്റെ രൂപകൽപ്പന. മാനദണ്ഡങ്ങൾ പാലിക്കുന്ന ഹൈവയിൽ പ്രവേശിച്ച കാര്യം കാറിലെ സെൻസറുകൾ തിരിച്ചറിയുകയും സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും; ദേശീയപാതയിൽ നിന്നു പുറത്തുകടക്കും വരെ ഈ നിയന്ത്രണ സംവിധാനം നിലനിൽക്കുകയും ചെയ്യും. എന്നാൽ കാറിന്റെ നിയന്ത്രണം പൂർണമായി തന്നെ ഓട്ടമേറ്റഡ് രീതിയിലാവുന്ന കാലമാണ് ടൊയോട്ട സ്വപ്നം കാണുന്നത്. ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തു കീഴടക്കുന്നതോടെ ഗതാഗതത്തിരക്കും അപകടങ്ങളും ഗണ്യമായി കുറയുമെന്നും കമ്പനി കരുതുന്നു.

ഓട്ടമേറ്റഡ് കാറുകളുടെ രൂപകൽപ്പനാ രംഗത്തെ വൈകിയുള്ള താരോദയമാണു ടൊയോട്ട മോട്ടോർ കോർപറേഷൻ. എങ്കിലും വാഹനങ്ങൾക്ക് കൃത്രിമ ബുദ്ധിശക്തി പകരാനുള്ള ശ്രമങ്ങൾക്കായി അഞ്ചു കോടി ഡോളറി(ഏകദേശം 320 കോടിയോളം രൂപ) നിക്ഷേപമാണു കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.