Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിലെ ആർ ആൻഡ് ഡി വികസിപ്പിക്കാൻ ടൊയോട്ട

toyota-logo

ചൈനയിലെ ഗവേഷണ, വികസന(ആർ ആൻഡ് ഡി) സൗകര്യങ്ങൾ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) വികസിപ്പിച്ചു. രൂപീകരണ വേളയിൽ അവതരിപ്പിച്ച വികസനപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു കമ്പനി ടൊയോട്ട എൻജിനീയറിങ് മാനുഫാക്ചറിങ് സെന്ററി(ടി എം ഇ സി)ലെ സൗകര്യങ്ങൾ വർധിപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി മൊത്തം 68.90 കോടി ഡോളറി(ഏകദേശം 4694.88 കോടി രൂപ)ന്റെ വികസന പദ്ധതികളാണു ടൊയോട്ട ഈ കേന്ദ്രത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

നിലവിലുള്ള പരീക്ഷണശാലാ സൗകര്യം വികസിപ്പിക്കുന്നതിനൊപ്പം കേന്ദ്രത്തിൽ പുതിയ ലബോറട്ടറി സ്ഥാപിക്കാനും ടൊയോട്ട തീരുമാനിച്ചിട്ടുണ്ട്. ബാറ്ററി അവലോകന, പരീക്ഷണ സൗകര്യം, ടെസ്റ്റ് ട്രാക്ക് വികസനം എന്നീ പദ്ധതികളും കമ്പനി ഏറ്റെടുക്കും. 2018 അവസാനത്തോടെ വികസനപദ്ധതികൾ പൂർത്തിയാക്കാനാണു ടൊയോട്ട ലക്ഷ്യമിടുന്നത്. ചൈനീസ് വിപണിക്കായി ചൈനയിൽ കാറുകൾ ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2010ലാണു ടൊയോട്ട ടി എം ഇ സി സ്ഥാപിച്ചത്. പ്രദേശ കേന്ദ്രീകൃത വികസനത്തിനു മുൻതൂക്കം നൽകുന്നതിനൊപ്പം രാജ്യത്തു കമ്പനിയുടെ വളർച്ച കൂടി ലക്ഷ്യമിട്ടായിരുന്നു ഈ കേന്ദ്രം തുറന്നത്.

കേന്ദ്രത്തിന്റെ വിപുലീകരണത്തിനൊപ്പം ഇന്ധന സെൽ വാഹനങ്ങളുടെ പരീക്ഷണത്തിനുള്ള നടപടികളും ചൈനയിൽ ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങൾ ചൈനയിൽ അവതരിപ്പിക്കാനുള്ള നടപടികൾക്കും കമ്പനി തുടക്കമിട്ടിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ പ്രാദേശിക ഗവേഷണ, വികസന സൗകര്യം ശക്തിപ്പെടുത്താനുള്ള നടപടികളാണു കമ്പനി സ്വീകരിക്കുന്നതെന്നു ടൊയോട്ട ചൈന മേഖല സീനിയർ മാനേജിങ് ഓഫിസറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഹിരൊജി ഒനിഷി അറിയിച്ചു. തദ്ദേശവാസികളായ കൂടുതൽ എൻജിനീയർമാർക്കു പരിശീലനം നൽകാനും ചൈനീസ് ജനതയെ തൃപ്തിപ്പെടുത്തുന്ന പുതിയ കാറുകൾ വികസിപ്പിക്കാനുമാണു കേന്ദ്രം ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.  

Your Rating: