Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട തന്നെ ഒന്നാമൻ

toyota-innova-crysta-test-drive-6

ഇക്കൊല്ലം ആദ്യ എട്ടു മാസത്തെ വാഹനവിൽപ്പന കണക്കെടുപ്പിൽ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) തന്നെ നേരിയ ഭൂരിപക്ഷത്തോടെ മുന്നിൽ. ജനുവരി — ഓഗസ്റ്റ് കാലത്ത് ടൊയോട്ട ആഗോളതലത്തിൽ 66,86,122 വാഹനങ്ങളാണു വിറ്റത്; 66,62,700 യൂണിറ്റ് വിൽപ്പനയുമായി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ തൊട്ടുപിന്നിലുണ്ട്. 63,46,667 വാഹനങ്ങളാണു മൂന്നാം സ്ഥാനത്തുള്ള ജനറൽ മോട്ടോഴ്സിന്റെ വിൽപ്പന. യു എസിലെ ‘ഡീസൽഗേറ്റ്’ വിവാദം സൃഷ്ടിച്ച തിരിച്ചടിയെ അതിജീവിച്ച് ഇക്കൊല്ലത്തിന്റെ തുടക്കത്തിലെ വാഹന വിൽപ്പനയിൽ ഫോക്സ്‌വാഗൻ ടൊയോട്ടയെ പിന്നിലാക്കിയിരുന്നു. എന്നാൽ ഓഗസ്റ്റിൽ മികച്ച വിൽപ്പന കൈവരിച്ച ടൊയോട്ട ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

കഴിഞ്ഞ വർഷം ഇതേ കാലത്ത് 65,99,643 വാഹനങ്ങളായിരുന്നു ടൊയോട്ട വിറ്റത്; ഇക്കൊല്ലം ആദ്യ എട്ടു മാസത്തിനിടെ 1.3% വളർച്ച നേടാൻ കമ്പനിക്കായി. 2015 ജനുവരി — ഓഗസ്റ്റ് കാലത്ത് 65,45,600 വാഹനം വിറ്റ ഫോക്സ്‌വാഗൻ കൈവരിച്ച വളർച്ചയാവട്ടെ 1.8% ആണ്. അതേസമയം ജനറൽ മോട്ടോഴ്സിന്റെ വിൽപ്പനയിൽ 0.8% ഇടിവാണു നേരിട്ടത്; 2015ന്റെ ആദ്യ എട്ടു മാസക്കാലത്ത് 64 ലക്ഷം വാഹനം വിൽക്കാൻ കമ്പനിക്കു കഴിഞ്ഞിരുന്നു. ഈ വർഷം ഓഗസ്റ്റ് വരെ 66.90 ലക്ഷം വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചെന്നാണു ടൊയോട്ടയുടെ വെളിപ്പെടുത്തൽ. അതേസമയം ഇതേ കാലയളവിൽ 66.60 ലക്ഷം വാഹനങ്ങൾ വിറ്റെന്നാണു ഫോക്സ്‌വാഗന്റെ അവകാശവാദം. വിൽപ്പന സംബന്ധിച്ച ടൊയോട്ടയുടെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ കമ്പനിക്ക് നിലവിൽ 23,422 യൂണിറ്റിന്റെ ഭൂരിപക്ഷം മാത്രമാണുള്ളതെന്നു വ്യക്തം. അതേസമയം ആദ്യ സ്ഥാനത്തുള്ളവർക്കു കാര്യമായ വെല്ലുവിളി ഉയർത്താൻ ജനറൽ മോട്ടോഴ്സിനു കഴിയുന്നില്ലെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

അതിനിടെ ഈ ഡിസംബറിനകം 1,00,29,000 വാഹനങ്ങൾ വിറ്റ് ടൊയോട്ട തന്നെ ആദ്യ സ്ഥാനം നിലനിർത്തുമെന്നാണു വിദഗ്ധരുടെ പ്രതീക്ഷ. 99,94,000 വാഹനങ്ങളുടെ വിൽപ്പനയുമായിഫോക്സ്‌വാഗൻ രണ്ടാം സ്ഥാനത്തെത്തുമെന്നാണു സൂചന. മൂന്നാം സ്ഥാനത്തെത്തുന്ന ജനറൽ മോട്ടോഴ്സിന്റെ മൊത്തം വിൽപ്പന 95,20,000 യൂണിറ്റാവും. ഉപസ്ഥാപനമായ ഡയ്ഹാറ്റ്സുവിന്റെയും ട്രക്ക് നിർമാതാക്കളായ ഹിനൊയുടെയും കൂടി വിൽപ്പന ഉൾപ്പെടുത്തിയാണു ടൊയോട്ട കണക്കുകൾ പ്രഖ്യാപിക്കുന്നത്. ഗ്രൂപ്പിലെ 12 ബ്രാൻഡുകളുടെയും വിൽപ്പന ഉൾക്കൊള്ളുന്നതാണു ഫോക്സ്‌വാഗന്റെ കണക്കുകൾ. 

Your Rating: