Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കോടി ഹൈബ്രിഡ് വാഹനങ്ങൾ വിറ്റ് ടൊയോട്ട

Toyota Prius Toyota Prius

സങ്കര ഇന്ധന വാഹന വിൽപ്പനയിൽ ഒരു കോടി യൂണിറ്റെന്ന ഉജ്വല നേട്ടം കൈവന്നതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ. വാഹന വ്യവസായത്തിന്റെ ഭാവി തന്നെ മലിനീകരണ വിമുക്തമായ ഇന്ധനങ്ങളുടേതാണെന്നും കമ്പനി വിലയിരുത്തുന്നു. സങ്കര ഇന്ധന വാഹന വ്യവസായ മേഖലയിലേക്ക് ആദ്യ ചുവടു വച്ച നിർമാതാക്കളാണു ടൊയോട്ട; 1995ൽ സങ്കര ഇന്ധന കാറായ ‘പ്രയസി’ന്റെ മാതൃക ടൊയോട്ട ലോകത്തിനു മുന്നിലെത്തിച്ചിരുന്നു. രണ്ടു വർഷത്തിനു ശേഷം ‘പ്രയസ്’ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തി. ക്രമേണ, ആഗോളതലത്തിൽതന്നെ സങ്കര ഇന്ധന സാങ്കേതികവിദ്യയുടെ പര്യായമായി മാറാനും ടൊയോട്ട ‘പ്രയസി’നു സാധിച്ചു.

‘പ്രയസ്’ അവതരണവേളയിൽ സങ്കര ഇന്ധന സാങ്കേതിക വിദ്യ എന്താണെന്നു തന്നെ ആർക്കും അറിയില്ലായിരുന്നെന്ന് ടൊയോട്ട ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ തകേഷി ഉചിയമാഡ അവകാശപ്പെട്ടു. ‘പ്രയസി’നു ലഭിച്ച സ്വീകാര്യതയിൽ നിന്ന് ഊർജം കണ്ടെത്തി സങ്കര ഇന്ധന കാറുകൾക്ക് ഇന്ന് ആഗോളതലത്തിൽ തന്നെ ജനപ്രിയമായി മാറി. അധികമാർക്കും അറിയില്ലായിരുന്ന സങ്കര ഇന്ധന സാങ്കേതികവിദ്യ ഇന്നു മുഖ്യധാരയിലെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 90 രാജ്യങ്ങളിലായി 34 സങ്കര ഇന്ധന മോഡലുകളാണു ടൊയോട്ട വിൽപ്പനയ്ക്കെത്തിച്ചത്. ഇത്തരം വാഹനങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർധന നേടാനും കമ്പനിക്കു കഴിഞ്ഞതായും ഉചിയമാഡ അറിയിച്ചു.

ഉപയോഗം വ്യാപകമാവുന്നതോടെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ക്രിയാത്മക നേട്ടങ്ങൾ കൈവരിക്കാനാവുമെന്നാണ് ലോകവ്യാപകമായി തന്നെ ടൊയോട്ടയുടെ അനുഭവമെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ മാനേജിങ് ഡയറക്ടർ അകിറ്റൊ തചിബാന അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദവും മലിനീകരണ വിമുക്തമായ കാറുകൾ യാഥാർഥ്യമാക്കാനുള്ള ഉദ്യമത്തിൽ ഇപ്പോൾ ടൊയോട്ട ഒറ്റയ്ക്കല്ല. ആഗോളതലത്തിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം ബദൽ ഇന്ധന, സങ്കര ഇന്ധന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമായി വൈദ്യുത വാഹന നിർമാണ മേഖലയിലും കാര്യമായ ഗവേഷണ, വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.

Your Rating: