Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട യു എസ് കമ്പനിയെന്ന് അകിഡൊ ടൊയോഡ

Toyota

കമ്പനിയെയും യു എസ് നിർമാതാക്കളായി പരിഗണിക്കണമെന്നു ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) പ്രസിഡന്റ് അകിഡൊ ടൊയോഡ. മൂന്നു ദശാബ്ദത്തിനിടെ കമ്പനി യു എസിലെ വാഹന ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിവതും പ്രാദേശികമായി നിർമിച്ച കാറുകൾ വേണം യു എസിൽ വിൽക്കാനെന്നു പുതിയ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നിർബന്ധം പിടിക്കുന്നതാണു വിദേശി നിർമാതാക്കളെ കടുത്ത സമ്മർദത്തിലാക്കുന്നത്. രാജ്യത്തു കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തിന്റെ വ്യാപാര കമ്മി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഈ നടപടി.

മെക്സിക്കോയിൽ രണ്ടാമത്തെ നിർമാണശാല സ്ഥാപിക്കാനുള്ള ടൊയോട്ടയുടെ നീക്കത്തെ ട്രംപ് ട്വിറ്ററിൽ വിമർശിച്ചിരുന്നു. തുടർന്ന് യു എസിലെ ഉൽപ്പാദനം വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് 1000 കോടി ഡോളർ(എകദേശം 67,209 കോടി രൂപ) നിക്ഷേപിക്കാനുള്ള നിർദേശവും കമ്പനി മുന്നോട്ടു വച്ചു. എൺപതുകളെ അപേക്ഷിച്ച് ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണെന്നായിരുന്നു ടൊയോഡയുടെ പ്രതികരണം. പ്രാദേശികമായി മികച്ച സപ്ലൈ ചെയിൻ സൃഷ്ടിച്ച് വൻതോതിലുള്ള കാർ ഉൽപ്പാദനമാണു ടൊയോട്ട യു എസിൽ നടത്തുന്നത്. ബ്രാൻഡ് എന്ന നിലയിൽ ടൊയോട്ട ജാപ്പനീസാവാം; പക്ഷേ നിർമാതാക്കളെന്ന നിലയിൽ കമ്പനി യു എസിൽ നിന്നുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ടൊയോട്ടയെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ ഏറ്റവും വലിയ വിപണിയാണു യു എസ്; കമ്പനിയുടെ ആഗോള വിൽപ്പനയുടെ നാലിലൊന്നോളമാണു യു എസിന്റെ സംഭാവന. നിലവിൽ 10 നിർമാണശാലകളാണു ടൊയോട്ടയ്ക്കു യു എസിലുള്ളത്; രാജ്യത്തെ വിൽപ്പനയിൽ 56 ശതമാനത്തോളമാണു പ്രാദേശിക ഉൽപ്പാദനം. രാജ്യതാൽപര്യം സംരക്ഷിക്കുന്ന വ്യാപാര നയങ്ങളാണ് അധികാരമേറ്റ ആദ്യ നാളുകളിൽ ട്രംപ് പിന്തുടരുന്നത്. ട്രാൻസ് പസഫിക് വ്യാപാര പങ്കാളിത്ത ചർച്ചകളിൽ നിന്ന് യു എസ് ഔദ്യോഗികമായി പിൻവാങ്ങിയതും നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര ഉടമ്പടി(എൻ എ എഫ് ടി എ)യിൽ പുനഃചർച്ച നടത്തുമെന്നുമൊക്കെ ട്രംപിന്റെ ഈ നിലപാടിന്റെ ഉദാഹരണങ്ങളാണ്. അതേസമയം യു എസും മെക്സിക്കോയും കാനഡയും പങ്കാളികളായ എൻ എ എഫ് ടി എ ഉടമ്പടിയിൽ വരുന്ന മാറ്റങ്ങൾ സ്വീകരിക്കുമെന്നു ടൊയോഡയും വ്യക്തമാക്കിയിട്ടുണ്ട്.