Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ ക്രിസ്റ്റയ്ക്കായുള്ള കാത്തിരിപ്പ് കുറയും

toyota-innova-crysta-test-drive-7

വിപണി നൽകിയ ഉജ്വല വരവേൽപ്പ് പരിഗണിച്ച് വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇന്നോവ ക്രിസ്റ്റ’ ഉൽപ്പാദനം വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) തീരുമാനിച്ചു. ശരാശരി 7,800 യൂണിറ്റിന്റെ പ്രതിമാസ ഉൽപ്പാദനവുമായാണ് ‘ഇന്നോവ ക്രിസ്റ്റ’യുടെ മുന്നേറ്റം. പോരെങ്കിൽ ഈ പരിമിതകാലത്തിനിടെ മുപ്പതിനായിരത്തോളം ബുക്കിങ്ങുകളും ‘ഇന്നോവ ക്രിസ്റ്റ’യെ തേടിയെത്തിയിട്ടുണ്ട്; ഇതിൽ പകുതിയും ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള വകഭേദത്തിനാണ്. ഈ സാഹചര്യത്തിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യത വർധിപ്പിക്കാൻ ടി കെ എം സപ്ലയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

toyota-innova-crysta-test-drive-8

മികച്ച സ്വീകരണം നേടിയ ‘ഇന്നോവ ക്രിസ്റ്റ’ ലഭിക്കാൻ ഇപ്പോൾ മൂന്നു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് ടി കെ എം ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റു(സെയിൽസ് ആൻഡ് മാർക്കറ്റിങ്)മായ എൻ രാജ വെളിപ്പെടുത്തി.കാത്തിരിപ്പ് കാലം കുറയ്ക്കാൻ ‘ഇന്നോവ ക്രിസ്റ്റ’ ഉൽപ്പാദനം വർധിപ്പിക്കുക മാത്രമാണു മാർഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേയിൽ പ്രതിമാസം 6,000 ‘ഇന്നോവ ക്രിസ്റ്റ’ ഉൽപ്പാദിപ്പിച്ചായിരുന്നു തുടക്കം; ജൂണോടെ പ്രതിമാസ ഉൽപ്പാദനം 7,800 യൂണിറ്റായി ഉയർത്തി. ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ഉൽപ്പാദനം ഇനിയും വർധിപ്പിക്കുമെന്ന് രാജ വ്യക്തമാക്കി. ‘ഇന്നോവ ക്രിസ്റ്റ’യുടെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദത്തിനുള്ള ആവശ്യം 30 — 40% നിലവാരത്തിലാവുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ ലഭിച്ച ബുക്കിങ്ങിൽ 50 — 60 ശതമാനത്തോളം ഇത്തരം മോഡലുകൾക്കുള്ളതാണ്. ഈ സാഹചര്യത്തിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെ ലഭ്യത മെച്ചപ്പെടുത്താൻ സപ്ലയർക്കു നിർദേശം നൽകിയെന്നും രാജ അറിയിച്ചു.

toyota-innova-crysta-test-drive-4

ജനപ്രീതിയാർജിച്ച എം പി വിയായ ‘ഇന്നോവ’യുടെ പിൻഗാമിയായ പുത്തൻ ‘ഇന്നോവ ക്രിസ്റ്റ’ കഴിഞ്ഞ മേയിലാണു ടി കെ എം അവതരിപ്പിച്ചത്; 20.78 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ മുംബൈ ഷോറൂമിലെ വില. രണ്ടു ലീറ്ററിലേറെ എൻജിൻ ശേഷിയുള്ള ഡീസൽ കാറുകൾക്കു സുപ്രീം കോടതി പ്രഖ്യാപിച്ച വിലക്ക് നിലനിൽക്കുന്നതിനാൽ രാജ്യതലസ്ഥാന മേഖലയിൽ ‘ഇന്നോവ ക്രിസ്റ്റ’ വിൽപ്പന തുടങ്ങാൻ ടി കെ എമ്മിനു കഴിഞ്ഞിട്ടില്ല. എങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ മികച്ച സ്വീകാര്യതയാണ് ‘ഇന്നോവ ക്രിസ്റ്റ’യ്ക്കു ലഭിച്ചത്. മേയിൽ 6,600 യൂണിറ്റോടെ തുടങ്ങിയ ‘ഇന്നോവ ക്രിസ്റ്റ’യുടെ വിൽപ്പന ജൂണിൽ 8,171 യൂണിറ്റിലെത്തി. ഡൽഹിയിൽ കൂടി വിൽപ്പന സാധിച്ചിരുന്നെങ്കിൽ ‘ഇന്നോവ ക്രിസ്റ്റ’യുടെ പ്രകടനം ഇതിലും മെച്ചമാകുമായിരുന്നെന്നു രാജ കരുതുന്നു.
 

Your Rating: