Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവി വാഹനങ്ങളിൽ സുരക്ഷ മെച്ചപ്പെടുത്താൻ ടൊയോട്ട

prius

റോഡ് അപകടങ്ങൾ കുറയ്ക്കാനായി പുത്തൻ പ്ലാറ്റ്ഫോമും അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും അവതരിപ്പിക്കുമെന്നു ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി). സങ്കര ഇന്ധന മോഡലായ ‘പ്രയസി’ന്റെ നാലാം തലമുറയിൽ അവതരിപ്പിച്ച ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ(ടി എൻ ജി എ) ഭാവിയിൽ എല്ലാ കാറുകളിലും ലഭ്യമാക്കാനാണു കമ്പനി ആലോചിക്കുന്നത്. കൂടാതെ അടുത്ത വർഷം മുതൽ ജപ്പാനിലും യൂറോപ്പിലും യു എസിലും പ്രീ കൊളീഷൻ സംവിധാനം(പി സി എസ്) ലഭ്യമാക്കാനും ടൊയോട്ട തീരുമാനിച്ചിട്ടുണ്ട്.

നാലാം തലമുറ ‘പ്രയസി’ലൂടെ അരങ്ങേറ്റം കുറിച്ച ടി എൻ ജി എ ക്രമേണ എല്ലാ മോഡലുകളിലും അവതരിപ്പിക്കാനാണു കമ്പനിയുടെ തീരുമാനമെന്നു ടി എം സി അസിസ്റ്റന്റ് ചീഫ് സേഫ്റ്റി ടെക്നോളജി ഓഫിസർ സെയ്ഗൊ കുസുമാകി അറിയിച്ചു. കൂട്ടിയിടിയെ പ്രതിരോധിക്കാനുള്ള ശേഷിയാണു ടി എൻ ജി എ നൽകുന്നത്. ഒബ്ലിക് ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിൽ നാലാം തലമുറ ‘പ്രയസി’ന്റെ കാബിനു സംഭവിക്കുന്ന കേടുപാട് മുൻതലമുറ മോഡലിനെ അപേക്ഷിച്ച് 55% കുറവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പോരെങ്കിൽ മുൻതലമുറ മോഡലിൽ മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ പരീക്ഷണം പുതിയ ‘പ്രയസി’ൽ 90 കിലോമീറ്റർ വേഗത്തിലാണു നടത്തിയത്.

ഈ സാങ്കേതികവിദ്യ അടുത്ത വർഷം തന്നെ ജപ്പാനിലും യു എസിലും യൂറോപ്പിലും അവതരിപ്പിക്കാനാണു ടൊയോട്ടയുടെ പദ്ധതി. സുസ്ഥിരതയുടെ വിലയിരുത്തി ക്രമേണ മറ്റു രാജ്യങ്ങളിലും ടി എൻ ജി എ എത്തുമെന്നു കുസുമാക്കി വെളിപ്പെടുത്തി.കാമറയുടെയും മില്ലിമീറ്റർ വേവ് റഡാറിന്റെയും സഹായത്തോടെ കൂട്ടിയിടി തടയാൻ സഹായിക്കുന്ന സംവിധാനമാണു പി സി എസ്. ഡ്രൈവർ ബ്രേക്ക് ഉപയോഗിക്കുന്നതിൽ പിഴവു വരുത്തുന്ന സാഹചര്യത്തിൽ പി സി എസ് ബ്രേക്ക് അസിസ്റ്റൻസ് സംവിധാനം പ്രവർത്തനക്ഷമമാക്കിയാണ് അപകടം തടയുക. അതേസമയം സുരക്ഷാ വിഭാഗത്തിലെ ഈ സംവിധാനങ്ങൾ ഇന്ത്യയിൽ എപ്പോഴാവും അവതരിപ്പിക്കുകയെന്നു ടൊയോട്ട വ്യക്തമാക്കിയില്ല. ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം റോഡ് അപകടങ്ങൾ സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. 2015ൽ മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം വർധനയോടെ 1.46 ലക്ഷം പേരാണ് ഇന്ത്യയിൽ അപകടത്തിൽ മരിച്ചത്.
 

Your Rating: