Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈനായി സ്പെയർ പാർട്സ് വിൽക്കാൻ ടൊയോട്ട

Toyota

ഉപയോക്താക്കളുടെ സംതൃപ്തി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഓൺലൈൻ രീതിയിൽ സ്പെയർ പാർട്സ് വിൽക്കാൻ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)നു പദ്ധതി. രാജ്യത്തെ 10 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള കമ്പനി ബെംഗളൂരുവിലാണു പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ വഴി സ്പെയർ പാർട്സ് വിൽപ്പന തുടങ്ങുക. അടുത്ത വർഷത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ഈ സംവിധാനം വ്യാപിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ വാഹന ഉടമകളെ സംതൃപ്തരാക്കി കമ്പനിക്കൊപ്പം നിർത്താനാണ് പുതിയ പദ്ധതിയെന്നു ടൊയോട്ട കിർലോസ്കർ വൈസ് ചെയർമാനും മുഴുവൻസമയ ഡയറക്ടറുമായ ശേഖർ വിശ്വനാഥൻ അറിയിച്ചു. ഓൺലൈൻ സംവിധാനം നടപ്പാവുന്നതോടെ അറ്റകുറ്റപ്പണിക്ക് ആവശ്യമുള്ള സ്പെയർ പാർട്സ് അനായാസം ലഭ്യമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാൻ ബെൽറ്റ്, ഓയിൽ ഫിൽറ്റർ, വൈപ്പർ തുടങ്ങി അടിക്കടി ആവശ്യമുള്ള നാനൂറോളം സ്പെയർപാർട്സും മുപ്പതോളം അക്സസറികളുമാണു ടി കെ എം ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാക്കുക.

ചെറിയ തകരാറുകൾ പരിഹരിക്കാൻ പോലും അംഗീകൃത സർവീസ് സ്റ്റേഷൻ തേടിപ്പോകേണ്ട സാഹചര്യവും പുതിയ സംവിധാനം നടപ്പാവുന്നതോടെ ഒഴിവാക്കാനാവുമെന്നാണു ടൊയോട്ടയുടെ പ്രതീക്ഷ. സാങ്കേതിക വൈഭവമുള്ളവർക്കു മേലിൽ ഇന്റർനെറ്റ് മുഖേന യഥാർഥ സ്പെയർപാർട്സ് വാങ്ങി സമീപത്തെ വർക്ഷോപ്പിൽ അറ്റകുറ്റപ്പണി നടത്താമെന്നു വിശ്വനാഥൻ വിശദീകരിക്കുന്നു.

സ്പെയർ പാർട്സ് വിതരണത്തിനായി വികേന്ദ്രീകൃത ശൈലിയാവും ടി കെ എം പിന്തുടരുക. ഓൺലൈൻ വഴി ലഭിക്കുന്ന സ്പെയർ പാർട്സ് ഓർഡറുകൾ ഏറ്റവുമടുത്തുള്ള ഡീലർഷിപ് വഴി നിറവേറ്റാനാണു കമ്പനിയുടെ നീക്കം. നിലവിൽ വിപണിയിലുള്ള ‘ഇന്നോവ’, ‘എത്തിയോസ്’, ‘ലിവ’ തുടങ്ങിയ വാഹന മോഡലുകൾക്കു പുറമെ ഉൽപ്പാദനം അവസാനിപ്പിച്ച എം പി വിയായ ‘ക്വാളിസി’ന് ആവശ്യമുള്ള സ്പെയറുകളും ഓൺലൈൻ രീതിയിൽ ലഭ്യമാക്കുമെന്നാണു വിശ്വനാഥന്റെ വാഗ്ദാനം.

ഓൺലൈൻ വഴിയുള്ള സ്പെയർ പാർട്സ് വിൽപ്പന വൻവിജയമാവുമെന്നാണു വിശ്വനാഥന്റെ പ്രതീക്ഷ. ഡീലർഷിപ്പുകൾക്ക് ഉപയോക്താക്കളെ തേടി പോകാനുള്ള അവസരമാവും പുതിയ സംരംഭം നൽകുകയെന്നും അദ്ദേഹം കരുതുന്നു. സേവന നിലവാരത്തെക്കുറിച്ചുള്ള പരാതികളുടെ പേരിൽ ടൊയോട്ടയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഒരുങ്ങുന്നവരെ പോലും പിന്തിരിപ്പിക്കാനും തിരികെ കൊണ്ടുവരാനും ഇതുപോലുള്ള സംരംഭങ്ങൾ സഹായിക്കുമെന്നും വിശ്വനാഥൻ അവകാശപ്പെടുന്നു.

ബെംഗളൂരുവിലെ പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷത്തോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഓൺലൈൻ വ്യവസ്ഥയിൽ ടി കെ എം സ്പെയർ പാർട്സ് വിൽപ്പന തുടങ്ങും. നിലവിലുള്ള 10 ലക്ഷം ഉപയോക്താക്കളെ സന്തുഷ്ടരാക്കിയാൽ അവർതന്നെ അടുത്ത 10 ലക്ഷത്തെ കണ്ടെത്തിത്തരുമെന്നും വിശ്വനാഥൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.