Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ വിപണിയിൽ പെട്രോളിനു വൻ മേധാവിത്വം

petrol-rate

പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പ്രധാന നഗരങ്ങളിൽ വിലക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവും പെട്രോൾ– ഡീസൽ വില വ്യത്യാസം ലീറ്ററിന് എഴു രൂപ മാത്രമായി ചുരുങ്ങിയതും സംസ്ഥാനത്തെ ഡീസൽ കാർ വിൽപനയെ കാര്യമായി ബാധിച്ചു. അടുത്ത കാലത്ത് രാജ്യത്തെ കാർ വിൽപനയുടെ 75 ശതമാനത്തോളം പെട്രോൾ മോഡലുകളുടേതായെങ്കിൽ കേരളത്തിൽ ചില വിഭാഗം കാറുകളുടെ 85 ശതമാനം വരെ വിൽപന പെട്രോൾ വേരിയന്റുകൾ കൊണ്ടുപോയി.

സംസ്ഥാനത്ത് രണ്ടുമൂന്നു വർഷം മുൻപു വരെ ഡീസൽ, പെട്രോൾ പതിപ്പുകളുള്ള കാർ മോഡലുകളുടെ വിൽപനയിൽ 70 ശതമാനവും ഡീസൽ പതിപ്പുകൾക്കായിരുന്നു. ഡീസൽ കാർ വാങ്ങാൻ പെട്രോൾ കാറിനെക്കാൾ ഒരു ലക്ഷം രൂപയെങ്കിലും അധികം നൽകണമെങ്കിലും ഡീസലിന്റെ വില കുറവും ഉയർന്ന ഇന്ധനക്ഷമതയുമാണ് ഉപയോക്താക്കളെ വൻതോതിൽ ആകർഷിച്ചത്. ഇന്ധനവിലയിൽ സർക്കാർ നിയന്ത്രണം നീങ്ങിയതോടെ പെട്രോൾ–ഡീസൽ വില വ്യത്യാസം കുറഞ്ഞുവന്നതനുസരിച്ച് പെട്രോൾ മോഡലുകളുടെ വിൽപന ഉയർന്നെങ്കിലും ഡീസൽ മോഡലുകളുടെ മേധാവിത്തം നിലനിൽക്കുകയായിരുന്നു.

ഡീസൽ കാറുകൾക്കെതിരായ ഹരിത ട്രൈബ്യൂണൽ വിധി വന്നതോടെ സ്ഥിതി പൂർണമായും മാറി. വിധി കേരളത്തിൽ സ്റ്റേ ചെയ്യപ്പെട്ടെങ്കിലും വിപണിയിൽ ആശങ്ക മാറിയില്ല. ഡീസൽ കാർ വാങ്ങാനാഗ്രഹിച്ചവർ തീരുമാനം മാറ്റിവയ്ക്കുകയല്ല, പെട്രോൾ പതിപ്പുകളിലേക്കു മാറുകയാണുണ്ടായതെന്നു വാഹന ഡീലർമാർ വ്യക്തമാക്കുന്നു. ഏപ്രിൽ– ജൂൺ കാലത്തെ കാർ വിൽപന മുൻകൊല്ലം ഇതേ കാലത്തെക്കാൾ ഉയർന്നിട്ടുണ്ട്. വ്യക്തിഗത ഉപയോഗത്തിനുള്ള ഹാച്ബാക്, സെഡാൻ മോഡലുകളിലാണ് പെട്രോളിന്റെ ആധിപത്യം. പൊതുവെ വാഹനോപയോഗം കൂടുതലുള്ളവർ വാങ്ങുന്ന എസ്‌യുവികളിലും (ചെറുതും വലുതുമായ മോഡലുകൾ)  ടാക്സി വിഭാഗത്തിലേക്കുകൂടി പോകുന്ന സെഡാൻ മോഡലുകളിലും ഡീസൽ പതിപ്പുകൾ വിറ്റഴിയുന്നുണ്ട്. 10 വർഷം ഒരേ വാഹനം ഉപയോഗിക്കുന്നവരല്ല ഇത്തരം ഉപയോക്താക്കൾ ഭൂരിപക്ഷവും എന്നതിനാൽ നിരോധനം സാരമായി ബാധിക്കില്ല.

വിപണിയിലെ ഒന്നാം സ്ഥാനക്കാരായ മാരുതി സുസുകിയുടെ ബലെനോയുടെ വിൽപനയിൽ 75% പെട്രോൾ വേരിയന്റുകൾക്കായി. റിറ്റ്സ്, സ്വിഫ്റ്റ്, സിയാസ് തുടങ്ങിയ മോഡലുകളിൽ 70% വരെ പെട്രോളിനാണ്. സെലറിയോ ഡീസലിന്റെ വിൽപന പേരിനുമാത്രം. ഹ്യൂണ്ടായിയുടെ ഗ്രാൻഡ് ഐ10, എക്സെന്റ് തുടങ്ങിയ മോഡലുകളിൽ പെട്രോൾ പതിപ്പുകൾ വിൽപനയുടെ 80–85 ശതമാനവും കയ്യാളുന്നു. ഫോഡ് ഫിഗോ വിൽപനയിൽ 60 ശതമാനത്തിലേറെയായി പെട്രോൾ വേരിയന്റുകളുടെ വിഹിതം. മുൻകൊല്ലം ഈ സ്ഥാനം ഡീസലിനായിരുന്നു. രാജ്യത്തെ വമ്പൻ ഡീസൽ വിപണിയിൽ നേട്ടമുണ്ടാക്കാൻ അമേയ്സ് മുതലുള്ള മോഡലുകളിൽ ഡീസൽ എൻജിൻ എത്തിച്ച ഹോണ്ടയും ഇപ്പോൾ നേരിടുന്നത് 70% പെട്രോൾ–30% ഡീസൽ എന്ന വിൽപനക്കണക്കാണ്.

വിവിധ കമ്പനികൾ ഡീസൽ കാറുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്, ഡീസൽ വാഹനങ്ങളുടെ ഭാവി സംബന്ധിച്ച് വ്യക്തമായ ചിത്രം രൂപപ്പെടാതെ വിൽപന ഉയരുമെന്ന പ്രതീക്ഷ അകലെയാണെങ്കിലും. കൊച്ചിയിൽ ഹരിത ട്രൈബ്യൂണലിന്റെ അടുത്ത സിറ്റിങ് 29നു നടക്കുമ്പോൾ മുൻ ഉത്തരവ് പുനഃപരിശോധിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നവരുണ്ട്. എത്ര കിലോമീറ്റർ ഓടി എന്നതും മലിനീകരണത്തോത് എത്രയെന്നതും കണക്കിലെടുക്കാതെ, ഡീസൽ കാറിന്റെ വയസ്സ് മാത്രം കണക്കിലെടുക്കുന്ന ‘ഹരിത’ ഉത്തരവുകൾ കാറുടമകൾക്കു തിരിച്ചടിയാകുമ്പോൾ കൂടുതൽ പെട്രോൾ കാറുകൾ പുതുതായി വിറ്റഴിക്കാമെന്ന വലിയ സാധ്യത വാഹന നിർമാതാക്കൾക്ക് അനുഗ്രഹമാകുകയാണെന്നു വിൽപനക്കണക്കുകൾ തെളിയിക്കുന്നു.

ഒരു ലക്ഷം രൂപ മുതലാകുമോ

ഡീസൽ മോഡലിന് അധികമായി നൽകേണ്ടിവരുന്ന ഒരു ലക്ഷം രൂപ ഇന്ധനവിലയിലെ കുറവും ഉയർന്ന മൈലേജും കൊണ്ടു ‘തിരികെപ്പിടിക്കാനുള്ള’ കാലയളവു വല്ലാതെ നീണ്ടു. ഒരേ മോഡൽ കാറിന്റെ പെട്രോൾ പതിപ്പിന് 14 കിലോമീറ്റർ/ലീറ്റർ, ഡീസൽ പതിപ്പിന് 19 കിലോമീറ്റർ/ലീറ്റർ എന്നിങ്ങനെയാണ് ഇന്ധനക്ഷമതയെന്നു കണക്കാക്കിയാൽ ഒരു കിലോമീറ്റർ ഓടാൻ പെട്രോൾ പതിപ്പിന് 4.67 രൂപയും ഡീസലിന് 3.07 രൂപയുമാകും (ഇപ്പോഴത്തെ നിരക്കിൽ).

മാസം 1000 കിലോമീറ്റർ ഓട്ടമാണുള്ളതെങ്കിൽ 1600 രൂപയാണ് ഡീസൽ കാറുടമയ്ക്ക് ഇന്ധനവില ഇനത്തിലുണ്ടാകുന്ന ലാഭം. അതായത്, 62.5 മാസം (അഞ്ചു വർഷത്തിലേറെയാകും) കൊണ്ടേ ഡീസൽ കാർ വാങ്ങാൻ അധികം നൽകിയ ഒരു ലക്ഷം രൂപ തിരികെപ്പിടിക്കാനാകൂ. ഡീസൽ കാറുകളുടെ പരിപാലനച്ചെലവ് പെട്രോൾ മോഡലുകളുടേതിനെക്കാൾ അൽപം കൂടുതലുമാണ്.

Your Rating: