Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രയംഫിനു ഡൽഹിയിൽ രണ്ടാം ഡീലർഷിപ്

triumph-14th-dealership Triumph Motorcycles Inaugurates 14th Dealership

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഡീലർഷിപ് എന്ന വിശേഷണത്തോടെ ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫ് രാജ്യതലസ്ഥാനത്ത് രണ്ടാമതു ഷോറൂം തുറന്നു. ഇതോടെ കമ്പനിക്കു രാജ്യത്തുള്ള വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം 14 ആയി ഉയർന്നു. അഞ്ചു വിഭാഗങ്ങളിലായി ട്രയംഫ് ഇന്ത്യയിൽ അവതരിപ്പിച്ച 16 മോഡലുകളും ന്യൂഡൽഹിയിലെ കിഴക്കൻ കൈലാഷിൽ തുറന്ന വൺ ട്രയംഫിൽ ലഭ്യമാണ്.
എൻട്രി ലവൽ വിഭാഗത്തിൽ ബോൺവിൽ ശ്രേണിയിലെ ‘സ്ട്രീറ്റ് ട്വിൻ’, റോഡ്സ്റ്റർ ശ്രേണിയിൽ ‘സ്ട്രീറ്റ് ട്രിപ്ൾ’, ‘സ്പീഡ് ട്രിപ്ൾ’, അഡ്വഞ്ചർ ബൈക്കുകളായ ‘ടൈഗർ’ ശ്രേണിയും ക്രൂസറുകളും, സൂപ്പർ സ്പോർട് വിഭാഗത്തിൽ ‘ഡേടോണ’ എന്നിവയാണു ട്രയംഫ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്.

ഡൽഹിക്കു പുറമെ ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ, വിജയവാഡ, ചണ്ഡീഡഢ്, മുംബൈ, പുണെ, അഹമ്മദബാദ്, ചെന്നൈ, കൊച്ചി, കൊൽക്കത്ത നഗരങ്ങളിലും ട്രയംഫിനു ഡീലർഷിപ്പുകളുണ്ട്. ആധുനിക ട്രയംഫ് കോർപറേറ്റ് ഐഡന്റിറ്റിയോടെ രൂപകൽപ്പന ചെയ്ത വൺ ട്രയംഫ് ഷോറൂമിൽ കൺസൽറ്റന്റ് ലൂഞ്ച്, ബിൽഡ് യുവർ ബൈക്ക് സോൺ, മെർച്ചൻഡൈസ് വിഭാഗം, രണ്ടു സർവീസ് ബേ എന്നിവയെല്ലാമുണ്ട്. മികച്ച സേവനം ഉറപ്പാക്കാനായി ഷോറൂം ജീവനക്കാരെ യു കെയിലെ ഹിൻക്ലിയിലാണു ട്രയംഫ് പരിശീലിപ്പിച്ചത്.

ട്രയംഫ് പോലൊരു രാജ്യാന്തര മോട്ടോർ സൈക്കിൾ ബ്രാൻഡിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന അത്യാധുനിക ഡീലർഷിപ്പും സേവനവും അനുഭവവുമൊക്കെയാണു പുതിയ ഷോറൂമിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി വ്യക്തമാക്കി. ട്രയംഫ് ബ്രാൻഡിന്റെ ‘ഫോർ ദ് റൈഡ്’ സിദ്ധാന്തത്തോടു നീതി പുലർത്തുംവിധമാണു പുതിയ ഷോറൂമിലെ സൗകര്യങ്ങൾ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത ഘട്ടത്തിൽ രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു ട്രയംഫ് ലക്ഷ്യമിടുന്നത്. ഡീലർഷിപ്പുകളുടെ എണ്ണം 25 ആക്കി ഉയർത്താനും ട്രയംഫിനു പദ്ധതിയുണ്ട്.