Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് ശാല കെന്റക്കിയിൽ തുടരുമെന്നു ട്രംപിന്റെ ഉറപ്പ്

Ford

കെന്റക്കിയിലെ നിർമാണശാല മെക്സിക്കോയിലേക്കു പറിച്ചുനടില്ലെന്നു ഫോഡ് മോട്ടോർ കമ്പനി ഉറപ്പു നൽകിയതായി നിയുക്ത യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഏതെങ്കിലുമൊരു മോഡലിന്റെ ഉൽപ്പാദനം യു എസിൽ തുടരുമെന്നു ഫോഡ് എക്സിക്യൂട്ടീവ് ചെയർമാൻ ബിൽ ഫോഡ് ജൂനിയർ ഉറപ്പു നൽകിയതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു. കെന്റക്കിയിലെ ലിങ്കൺ ശാല നിലനിർത്താനാണു ബിൽ ഫോഡുമായുള്ള ചർച്ചയിൽ താൻ ശ്രമിച്ചതെന്നു ട്രംപ് വിശദീകരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നിൽ കെന്റക്കി സംസ്ഥാനം അർപ്പിച്ച വിശ്വാസത്തിന് ഇത്രയുമെങ്കിലും ചെയ്യാൻ താൻ ബാധ്യസ്ഥനാണെന്നും ട്രംപ് വ്യക്തമാക്കി. ലിങ്കൺ ശാല കെന്റക്കിയിൽ നിലനിർത്താമെന്നു ബിൽ ഫോഡ് സമ്മതിച്ചതായും ട്രംപ് അറിയിച്ചു.

അതേസമയം യു എസിലെ ശാലകൾ പൂട്ടാൻ പദ്ധതിയില്ലെന്നു ഫോഡ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നതാണ്. 2019 വരെ പ്രാബല്യത്തോടെ വാഹന വ്യവസായ തൊഴിലാളികളുടെ സംഘടനയായ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സുമായി ഒപ്പിട്ട കരാർ പ്രകാരം ശാലകൾ പൂട്ടാനാവില്ലെന്നും കമ്പനി വിശദീകരിക്കുന്നു.ഫോഡിന്റെ ആഭ്യന്തര തീരുമാനങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായ പ്രകടനം വിവാദമാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഫോഡ് മെക്സിക്കോ ശാലയിൽ നിന്ന് ഒഹിയോയിലേക്ക് ജോലികൾ കൈമാറിയത് തന്റെ മിടുക്കാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ യു എസ് പ്രസിഡന്റാവാൻ ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനും ഏറെ മുമ്പ് 2011ൽ തന്നെ ഫോഡ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നതാണ്.

അതിനിടെ കെന്റക്കിയിലെ ലൂയിസ്വില്ലിലെ അസംബ്ലി പ്ലാന്റിൽ ‘ലിങ്കൺ’ യൂട്ടിലിറ്റി വാഹന നിർമാണം തുടരുമെന്ന് ഫോഡ് വക്താവ് ക്രിസ്റ്റിൻ ബേക്കർ സ്ഥിരീകരിച്ചു. നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായുള്ള ചർച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പു നൽകിയതെന്നും അവർ വെളിപ്പെടുത്തി. സ്പോർട്ട് യൂട്ടിലിറ്റി വാഹനമായ ഫോഡ് ‘എസ്കേപ്’, ലിങ്കൺ ‘എം കെ സി’ എസ് യു വി എന്നിവ നിർമിക്കുന്ന കെന്റക്കിയിലെ ലൂയിസ്വിൽ അസംബ്ലി ശാലയെയാണു ട്രംപ് ‘ലിങ്കൺ പ്ലാന്റ്’ എന്നു വിളിക്കുന്നത്. 4,700 ജീവനക്കാരാണു നിലവിൽ ശാലയിലുള്ളത്. കൂടാതെ പിക് അപ്പുകളുടെയും വലിയ എസ് യു വികളുടെയും നിർമാണത്തിനായി മറ്റൊരു ട്രക്ക് പ്ലാന്റും ഫോഡിനു ലൂയിസ്വില്ലിലുണ്ട്. യു എശിൽ ഇക്കൊല്ലം 20,000 ‘എം കെ സി’ എസ് യു വിയാണു ഫോഡ് വിറ്റത്; ‘എസ്കേപ്’ വിൽപ്പനയാവട്ടെ 2.58 ലക്ഷം യൂണിറ്റാണ്. വിൽപ്പന കുറഞ്ഞ ‘എം കെ സി’ നിർമാണം മെക്സിക്കോയിലേക്കു മാറ്റുന്നതോടെ എത്ര പേർക്കു തൊഴിൽ നഷ്ടമാവുമെന്നു വ്യക്തമല്ല.  

Your Rating: