Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ പുത്തൻ എസ് യു വിക്കു പേര് ‘ടി യു വി 300’

Mahindra TUV 300 U301 Official Trailer

‘പൂജ്യ’ത്തിൽ അവസാനിക്കുന്ന നാമങ്ങൾ തിരഞ്ഞെടുക്കുന്ന പതിവു പിന്തുടർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന് ‘ടി യു വി 300’ എന്നു പേരിട്ടു. ‘യു 301’ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എസ് യു വിയുടെ പേര് ‘ടി യു വി ത്രീ ഡബിൾ ഒ’ എന്നു വേണം ഉച്ചരിക്കാൻ; എസ് യു വിയുടെ ദൃഢതയും രൂപഭംഗിയും പ്രതിഫലിപ്പിക്കുന്നതാണു പേരിലുള്ള ‘ടഫി’ന്റെ ചുരുക്കെഴുത്തായ ‘ടി’. ‘300’ എന്നതാവട്ടെ സീരീസ് നാമമാണെന്നാണ് എം ആൻഡ് എമ്മിന്റെ വിശദീകരണം.

യുദ്ധഭൂമി വാഴുന്ന ടാങ്ക് പോലുള്ള കവചിത വാഹനങ്ങളിൽ നിന്നു പ്രചോദിതമാണു ‘ടി യു വി 300’ എന്നാണു മഹീന്ദ്രയുടെ അവകാശവാദം. ഉയർന്ന തോളുകളും ഉയരമേറിയ ഫ്രണ്ട് നോസും പരന്ന മേൽക്കൂരയും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും നേർരേഖയിലുള്ള ബോണറ്റുമൊക്കെയാണു പുതിയ വാഹനത്തിന് എസ് യു വിയുടെ കാഴ്ചപ്പകിട്ടേകുന്നത്. ആധുനിക എം ഹോക്ക് എൻജിനാണു സെപ്റ്റംബറിൽ വിൽപ്പയ്ക്കെത്തുമെന്നു കരുതുന്ന വാഹനത്തിനു കരുത്തേകുക.

പുത്തൻ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് മഹീന്ദ്ര ‘ടി യു വി 300’ സാക്ഷാത്കരിച്ചത്; തികച്ചും ആഭ്യന്തരമായി, ചെന്നൈയിലെ മഹീന്ദ്ര റിസർച് വാലിയിൽ നിന്നുള്ള കമ്പനിയുടെ സ്വന്തം സംഘത്തിനായിരുന്നു പുതിയ എസ് യു വിയുടെ രൂപകൽപ്പന ചുമതല.

ദൃഢതയും ധീരതയും പൗരുഷവും തുളുമ്പുന്ന എസ് യു വിക്കു വേണ്ടിയുള്ള ഗവേഷണമാണ് ‘ടി യു വി 300’ യാഥാർഥ്യമാക്കിയതെന്ന് എം ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ പവൻ ഗോയങ്ക വിശദീകരിച്ചു. ഇത്തരം ലക്ഷ്യങ്ങളെല്ലാം ‘ടി യു വി 300’ കൈവരിച്ചതായി കമ്പനി സംഘടിപ്പിച്ച കസ്റ്റമർ ക്ലിനിക്കുകൾ തെളിയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചക്കനിലെ അത്യാധുനിക ശാലയായ എം വി എം എല്ലിൽ നിന്നാവും ‘ടി യു വി 300’ നിരത്തിലെത്തുകയെന്ന് എം ആൻഡ് എം ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.