Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജ് പരസ്യം പിൻവലിച്ചു; ടി വി എസിന്റെ കേസ് തീർന്നു

tvs-bajaj

പരസ്യങ്ങളിലെ ഉള്ളടക്കത്തിന്റെ പേരിൽ ഇരുചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോറും ബജാജ് ഓട്ടോ ലിമിറ്റഡുമായി മദ്രാസ് ഹൈക്കോടതിയിൽ നിലനിന്ന നിയമയുദ്ധത്തിന് അന്ത്യമായി. പരസ്യം പിൻവലിക്കുകയാണെന്നു ബജാജ് ഓട്ടോ ലിമിറ്റഡ് അറിയിച്ചതോടെ ഇക്കാര്യം രേഖപ്പെടുത്തി ഹൈക്കോടതി ടി വി എസ് മോട്ടോർ സമർപ്പിച്ച ഹർജി തീർപ്പാക്കുകയായിരുന്നു. ടി വി എസ് മോട്ടോറിന്റെ മോഡലുകളെ ഇകഴ്ത്തിക്കാട്ടുന്ന തരത്തിൽ ബജാജ് ഓട്ടോ ഡീലർമാർ തയാറാക്കിയ പരസ്യ ക്യാംപെയ്നിനെതിരെയാണു കമ്പനി കോടതിയെ സമീപിച്ചത്. മോപ്പഡായ ടി വി എസ് ‘എക്സ് എൽ 100’, എൻട്രി ലവൽ ബൈക്കായ ബജാജ് ‘സി ടി 100’ എന്നിവയുടെ ഇന്ധനക്ഷമത താരതമ്യം ചെയ്തു തമിഴ്നാട്ടിൽ പുറത്തിറക്കിയ പരസ്യങ്ങളാണു വിവാദത്തിൽ കലാശിച്ചത്.

ടി വി എസ് ‘എക്സ് എൽ 100’ മോപ്പഡിന്റെ ഇന്ധനക്ഷമത സംബന്ധിച്ചു വസ്തുതാവിരുദ്ധമായ കണക്കുകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച പരസ്യം വിലക്കണമെന്നായിരുന്നു ടി വി എസിന്റെ ആവശ്യം. കൂടാതെ നഷ്ടപരിഹാരമായി ബജാജ് ഓട്ടോ അടക്കമുള്ള എതിർകക്ഷികളിൽ നിന്ന് 25 ലക്ഷം രൂപയും ടി വി എസ് ആവശ്യപ്പെട്ടിരുന്നു. ബജാജ് ഓട്ടോ ലിമിറ്റഡിനൊപ്പം ഏതാനും ഡീലർമാരെയും ഈ കേസിൽ ടി വി എസ് എതിർകക്ഷിയാക്കിയിരുന്നു. ‘ടി വി എസ് എക്സ് എൽ 100’ മോപ്പഡിന്റെ ഇന്ധനക്ഷമത ലീറ്ററിന് 40 കിലോമീറ്റർ ആയി കണക്കാക്കി താരതമ്യം നടത്തുന്ന വിവാദ പരസ്യം പിൻവലിച്ചെന്നു കേസ് പരിഗണനയ്ക്കെത്തിയ വേളയിൽ ബജാജ് ഓട്ടോ ലിമിറ്റഡ് കോടതിയെ അറിയിക്കുകയായിരുന്നു. മാത്രമല്ല, പ്രസ്തുത പരസ്യം സ്വന്തം നിലയ്ക്കോ ഡീലർമാർ മുഖേനയോ വീണ്ടും അവതരിപ്പിക്കില്ലെന്നും ബജാജ് ഓട്ടോ വ്യക്തമാക്കി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കണമെന്നും ബജാജ് ഓട്ടോ കോടതിയിൽ അഭ്യർഥിച്ചു.

ബജാജിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കേസ് നടപടികൾ അവസാനിപ്പിക്കുന്നതിനോട് ടി വി എസും യോജിക്കുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് എട്ടിന് ബജാജ് ഓട്ടോ സമർപ്പിച്ച മെമ്മോ പരിഗണിച്ച് കേസ് നടപടികൾ അവസാനിപ്പിക്കാൻ ജസ്റ്റിസ് പുഷ്പ സത്യനാരായണ ഉത്തരവിട്ടു. നഷ്ടപരിഹാരം ലഭിക്കണമെന്ന ടി വി എസിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ആദ്യഘട്ടത്തിൽ ഈ കേസ് പരിഗണിച്ചപ്പോൾ തന്നെ ബജാജ് ഓട്ടോ ഡീലർമാർ തയാറാക്കിയ പരസ്യ ക്യാംപെയ്നിന് മദ്രാസ് ഹൈക്കോടതി രണ്ടാഴ്ചത്തെത്തെ ഇടക്കാല വിലക്ക് ഏർപ്പെടുത്തിയിരുന്നു.

മോപ്പഡായ ‘ടി വി എസ് എക്സ് എൽ 100’, എൻട്രി ലവൽ ബൈക്കായ ‘ബജാജ് സി ടി 100’ എന്നിവയുടെ ഇന്ധനക്ഷമത താരതമ്യം ചെയ്തു ബജാജ് ഡീലർമാർ പുറത്തിറക്കിയ ചില പരസ്യങ്ങളാണ് തമിഴ്നാട്ടിൽ വിവാദത്തിൽ കലാശിച്ചത്. ബജാജ് ഓട്ടോയുടെ മോട്ടോർ സൈക്കിളിനെ അപേക്ഷിച്ചു പകുതിയിലും കുറവാണ് ടി വി എസ് മോപ്പഡിന്റെ ഇന്ധനക്ഷമത എന്നായിരുന്നു പരസ്യത്തിലെ വാദം. തുടർന്നു നേട്ടത്തിനായി സ്വന്തം ഗുണങ്ങൾ വാഴ്ത്തുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട കോടതി, ഇതിനായി എതിരാളികളെ അപകീർത്തിപ്പെടുത്തരുതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.  

Your Rating: