Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100 സി സി എൻജിനോടെ ‘ടി വി എസ് എക്സ് എൽ’

tvs-xl-100 TVS XL 100

മോപ്പഡ് എന്നതിന്റെ പര്യായമായി മാറിയ ‘ടി വി എസ് എക്സ് എലി’നു പുതുപതിപ്പുമായി ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ. നാലു സ്ട്രോക്ക്, 99.7 സി സി എൻജിനോടെയാണ് കമ്പനി ‘ടി വി എസ് എക്സ് എൽ 100’ തമിഴ്നാട്ടിൽ അവതരിപ്പിച്ചത്. മണിക്കൂറിൽ 60 കിലോമീറ്ററാണ് ഈ മോപ്പഡിനു ടി വി എസ് വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. 29,539 രൂപയാണു പുതിയ മോഡലിനു തമിഴ്നാട്ടിലെ ഷോറൂം വില. പുതിയ എൻജിനുള്ള മോപ്പഡ് എത്തുമ്പോഴും ‘എക്സ് എൽ സൂപ്പർ’ വിൽപ്പന തുടരുമെന്നും കമ്പനി വ്യക്തമാക്കി. പരീക്ഷണസാഹചര്യങ്ങളിൽ ലീറ്ററിന് 67 കിലോമീറ്ററാണ് പുതിയ ‘എക്സ് എൽ 100’ മോപ്പഡിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ജനപ്രീതിയാർജിച്ച മോപ്പഡിന്റെ വിൽപ്പന ഒരു കോടി യൂണിറ്റ് പിന്നിട്ടത് ആഘോഷിക്കാൻ കഴിഞ്ഞ വർഷം ടി വി എസ് മോട്ടോർ കമ്പനി ‘എക്സ് എൽ സൂപ്പറി’ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നു. ടി വി എസ് മോട്ടോർ ചെയർമാനായിരുന്ന പരേതനായ ടി എസ് ശ്രീനിവാസനും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ ചെയർമാനുമായ വേണു ശ്രീനിവാസനും ചേർന്ന് ആവിഷ്കരിച്ച മോഡലായ ‘എക്സ് എൽ’ 1980ലാണു നിരത്തിലെത്തിയത്. ഇന്ത്യയിൽ ഒരു കോടി യൂണിറ്റിന്റെ ഇരുചക്രവാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഏക മോപ്പഡും ‘എക്സ് എൽ സൂപ്പർ’ തന്നെ.ഒരു കോടി യൂണിറ്റ് വിൽക്കുകയെന്ന അപൂർവമായ നേട്ടത്തെ ‘എക്സ് എൽ സൂപ്പറി’നു രണ്ടു പുത്തൻ നിറങ്ങളിലുള്ള പരിമിതകാല പതിപ്പ് പുറത്തിറക്കിയാണു ടി വി എസ് ആഘോഷിച്ചത്. സിൽവർ ഗ്രേ, ടൈറ്റാനിയം ഗ്രേ നിറങ്ങളിലായിരുന്നു പരിമിതകാല ‘എക്സ് എൽ സൂപ്പറി’ന്റെ വരവ്.

ഉപയോക്താക്കൾ ആഗ്രഹിക്കുന്ന, ഗുണമേന്മയേറിയ ഉൽപന്നങ്ങൾ പുറത്തിറക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ടി വി എസ് മോട്ടോർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് സർവീസ്) ജെ എസ് ശ്രീനിവാസൻ അറിയിച്ചു. ‘എക്സ് എൽ സൂപ്പറി’നു പുറമെ സ്കൂട്ടറെറ്റായ ‘സ്കൂട്ടി പെപ്’, ‘പെപ് പ്ലസ്’, ‘സെസ്റ്റ്’, ‘സ്ട്രീക്ക്’, ‘വിഗോ’, ‘ജുപ്പീറ്റർ’, മോട്ടോർ സൈക്കിളുകളായ ‘സ്പോർട്’, ‘സ്റ്റാർ സിറ്റി പ്ലസ്’, ‘വിക്ടർ’, ‘അപ്പാച്ചെ’ എന്നിവയാണു ടി വി എസ് വിൽക്കുന്നത്. കൂടാതെ ത്രിചക്രവാഹനമായ ‘കിങ്ങും’ കമ്പനി വിപണിയിലിറക്കുന്നു.