Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഇരുചക്രവാഹന ഇൻഷുൻസ് പോളിസി 3 വർഷത്തേക്ക്

bike

മൂന്നു വർഷ കാലാവധിയുള്ള ഇരുചക്രവാഹന ഇൻഷുറൻസ് പോളിസിയുമായി പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് രംഗത്ത്. സമഗ്ര സുരക്ഷ ഉറപ്പാക്കുന്ന കോംപ്രിഹെൻസീവ് പോളിസികൾ വാർഷികാടിസ്ഥാനത്തിൽ വാങ്ങുന്നതിനെ അപേക്ഷിച്ച് പ്രീമിയം നിരക്കിൽ 30% ഇളവും രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

രാജ്യത്തെ 10 കോടിയിലേറെ ഇരുചക്രവാഹനങ്ങളിൽ 66 ശതമാനത്തിനും ഇൻഷുറൻസ് പരിരക്ഷയില്ലെന്ന തിരിച്ചറിവിലാണു ന്യൂ ഇന്ത്യയുടെ പുതിയ പദ്ധതി. പ്രീമിയം നിരക്കിളവോടെ കാലാവധിയേറിയ പോളിസി അവതരിപ്പിച്ച് ഇത്തരത്തിൽപെട്ട ഇരുചക്രവാഹന ഉടമകളെ ഇൻഷുറൻസ് പരിധിയിലെത്തിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. നിയമപരമായി ഇന്ത്യയിൽ ഇൻഷുറൻസ് നിർബന്ധമാണെങ്കിലും വാഹന ഉടമകൾ ആദ്യ വർഷത്തിനു ശേഷം പോളിസി പുതുക്കാൻ താൽപര്യം കാട്ടാറില്ലെന്നാണു ന്യൂ ഇന്ത്യ അഷ്വറൻസിന്റെ വിലയിരുത്തൽ.

മൂന്നു വർഷ കാലാവധിയുള്ള ഇരുചക്രവാഹന ഇൻഷുറൻസ് പോളിസിക്ക് പ്രീമിയം നിരക്കിൽ 30% ഇളവ് അനുവദിക്കുമെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് ചെയർമാൻ ജി ശ്രീനിവാസൻ അറിയിച്ചു. മുൻവർഷം ക്ലെയിം ഇല്ലാത്തവർക്കുള്ള നോ ക്ലെയിം ബോണസ് കൂടിയാവുന്നതോടെ ഇളവ് 50% വരെ ഉയരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ സ്വകാര്യ കാറുകൾക്കും ഇത്തരം കാലാവധിയേറിയ ഇൻഷുറൻസ് പോളിസി അവതരിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ നിരത്തുകളിലെ അപകടങ്ങളിൽ 70 ശതമാനത്തിലേറെ ഇരുചക്രവാഹനങ്ങളുടെ സൃഷ്ടിയാണെന്നാണു കണക്ക്. എന്നാൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയം വരുമാനത്തിൽ ഇരുചക്രവാഹനങ്ങളുടെ വിഹിതം 10% മാത്രമാണ്. ഇരുചക്രവാഹനങ്ങൾക്കു മൂല്യം കുറവായതും ഇൻഷുറൻസില്ലാത്ത വാഹനങ്ങളുടെ പെരുപ്പവുമാണ് ഈ സ്ഥിതിക്കു കാരണമെന്നു ശ്രീനിവാസൻ വിശദീകരിച്ചു.

വാഹനത്തിനൊപ്പം ഇൻഷുറൻസ് വാങ്ങാൻ നിർബന്ധിതരാവുന്നതിനാൽ പുതിയ ഇരുചക്രവാഹനങ്ങൾക്കെല്ലാം പോളിസിയുണ്ടാകും. എന്നാൽ ആദ്യ വർഷത്തിനു ശേഷം പോളിസി പുതുക്കാൻ ഭൂരിപക്ഷം ഇരുചക്രവാഹന ഉടമകളും വിമുഖരാണെന്നു ശ്രീനിവാസൻ വെളിപ്പെടുത്തി.

ദീർഘകാല ഇരുചക്രവാഹന പോളിസി പരമ്പരാഗത മാർഗങ്ങൾക്കു പുറമെ ഓൺലൈൻ വ്യവസ്ഥയിലും വിൽക്കാൻ ന്യൂ ഇന്ത്യ അഷ്വറൻസ് ആലോചിക്കുന്നുണ്ട്. പ്രീമിയം നിരക്കിലെ ഇളവിനു പുറമെ തേഡ് പാർട്ടി പ്രീമിയം നിരക്കിൽ പ്രതിവർഷം നേരിടുന്ന വർധനയിൽ നിന്നും ഒഴിവാകുമെന്നതും ദീർഘകാല പോളിസികൾ ആകർഷകമാക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.