Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിൽ 81% അപകടങ്ങൾക്കും കാരണം ഇരുചക്ര വാഹനങ്ങൾ

speeding-bike

റോ‍ഡ് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള സംസ്ഥാന ട്രോമ കെയർ പദ്ധതിയിൽ ഇരുചക്ര വാഹന യാത്രകൾക്കു പ്രത്യേക ഊന്നൽ. പൊതുനിരത്തുകളിൽ ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത് ഇരുചക്ര വാഹനങ്ങളാണെന്ന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്തു നടക്കുന്ന 81% അപകടങ്ങളിലും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്നുവെന്നാണു കണക്ക്. മരണം സംഭവിക്കുന്ന അപകടങ്ങളുടെ കാര്യത്തിലും വില്ലൻ ഇരുചക്രവാഹനങ്ങൾ തന്നെ. 15നും 40നും ഇടയിൽ പ്രായമുള്ളവരിലെ മരണകാരണങ്ങളിൽ ഒന്നാമത്തേത് ഇരുചക്രവാഹനങ്ങൾ വഴിയുണ്ടാകുന്ന അപകടമാണെന്നു സംസ്ഥാന ട്രോമ ആൻഡ് ബേൺസ് കെയർ നോഡൽ ഓഫിസർ ഡോ. മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിൽ നടന്ന പഠനം വ്യക്തമാക്കുന്നു. ഇരുചക്രവാഹനങ്ങളുടെ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാൻ പഞ്ചവർഷ പദ്ധതിക്കാണു രൂപം നൽകുന്നത്.

2015ൽ സംസ്ഥാനത്തുണ്ടായ 39,014 സാരമായ അപകടങ്ങളിൽ 31,614 എണ്ണത്തിലും ബൈക്കുകൾ ഉൾപ്പെട്ടു. വ്യത്യസ്ത അപകടങ്ങളിലായി 4196 പേർക്കു ജീവൻ നഷ്ടമായി. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ് ഈ വർഷത്തെ അപകടനിരക്ക്. ലോകത്താകമാനം നടക്കുന്ന അപകടങ്ങളിൽ 28% മാത്രമേ ബൈക്ക് ഉൾപ്പെടുന്നുള്ളുവെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഉപയോക്താക്കളുടെ എണ്ണവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് കേരളത്തിലെ ഉയർന്ന നിരക്കിനു കാരണമെന്നു പഠനം വ്യക്തമാക്കുന്നു. മദ്യപാനം, മൊബൈൽ ഉപയോഗം, അമിതവേഗം തുടങ്ങിയവയെല്ലാം ബൈക്കിനെ പ്രതിസ്ഥാനത്തു നിർത്തുന്നു. ഇവ കുറച്ചു കൊണ്ടുവരുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾക്കൊപ്പം വിവിധ സർക്കാർ വകുപ്പുകളെ അടക്കം സഹകരിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കാണു രൂപം നൽകുന്നത്. ദേശീയ ട്രോമ കെയറിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾക്കൊപ്പം ഇരുചക്രവാഹനങ്ങൾ വഴിയുള്ള അപകടനിരക്ക് കുറയ്ക്കാനുള്ള പുതിയ നിർദേശങ്ങളും സമർപ്പിക്കും.

Your Rating: