Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

100 കോടി റൈഡുകളുടെ പകിട്ടോടെ യൂബർ

uber-taxi

ആഗോളതലത്തിൽ റൈഡ് ഷെയറിങ് വാഗ്ദാനം ചെയ്യുന്ന കമ്പനിയായ യൂബറിലെ ഇതുവരെയുള്ള മൊത്തം റൈഡുകൾ 100 കോടി പിന്നിട്ടു. യു എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂബറിന്റെ സേവനം നിലവിൽ 68 രാജ്യങ്ങളിലായി മുന്നൂറോളം നഗരങ്ങളിൽ ലഭ്യമാണ്. 2010ൽ പ്രവർത്തനം ആരംഭിച്ച യൂബർ 2014 അവസാനത്തോടെ ആഗോളതലത്തിൽ ദിവസവും 10 ലക്ഷത്തിലേറെ റൈഡുകൾ നടത്തുന്നുണ്ട്. സാൻഫ്രാൻസിസ്കോയിൽ നിന്നു തന്നെയുള്ള റൈഡ് ഷെയറിങ് ഗ്രൂപ്പായ സൈഡ്കാർ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച ദിനത്തിലാണു യൂബറിന്റെ ചരിത്രനേട്ടമെന്നതും ശ്രദ്ധേയമാണ്.

Uber

യു കെയിൽ നിന്നുള്ള യാത്രയാണു റൈഡുകളുടെ എണ്ണം 100 കോടി തികച്ചതെന്നും യൂബർ വിശദീകരിക്കുന്നു. ക്രിസ്മസ് തലേന്ന് ഹാക്നിയിലെ ലണ്ടൻ ഫീൽഡ്സിൽ നിന്നു ഹോക്സ്റ്റണിലേക്കു ലണ്ടൻ യൂബർ എക്സിൽ നടന്ന ഈ ചരിത്രയാത്രയിൽ ആരയായിരുന്നു സാരഥി; മർവിൻ യാത്രികനും. യൂബർ എക്സിനായി ആര ഓടിക്കുന്ന നീല ഹോണ്ട ‘ഇൻസൈറ്റ്’ ഹൈബ്രിഡായിരുന്നു വാഹനം. എട്ടു ഡോളറിൽ താഴെയായിരുന്നു ഈ ചരിത്രയാത്രയുടെ കൂലിയെന്നും യൂബർ വെളിപ്പെടുത്തുന്നു. ചരിത്രനേട്ടത്തിൽ പങ്കാളിയായ മർവിന് അടുത്ത ഒരു വർഷത്തേക്കു സൗജന്യ കാർ യാത്രയാണു യൂബറിന്റെ വാഗ്ദാനം; യുബറിന് സാന്നിധ്യമുള്ള ഏതു നഗരത്തിലും സൗജന്യമായി അവധിക്കാലം ആഘോഷിക്കാനുള്ള അവസരമാണ് കാർ ഓടിച്ച ആരയെ തേടിയെത്തുന്നത്. റൈഡുകൾ 100 കോടി തികഞ്ഞതിന്റെ ഓർമയ്ക്കായി ആ യാത്ര നടന്ന മേഖലയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനമായ ഹാക്നി പൈറേറ്റ്സിനു സംഭാവന നൽകാനും യൂബർ തീരുമാനിച്ചിട്ടുണ്ട്.

അഞ്ചര വർഷം മുമ്പ് പുത്തൻ ആശയവുമായി നിരത്തിലിറങ്ങുമ്പോൾ സ്വപ്നം കണ്ടതിനേക്കാൾ ഏറെ ഉയരത്തിലാണ് യൂബർ എത്തിയതെന്നു കമ്പനി അവകാശപ്പെടുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ഡ്രൈവർമാരുമുൾപ്പെടുന്ന സവിശേഷ നിമിഷങ്ങളും ആഘോഷങ്ങളുമൊക്കെ ചേരുമ്പോഴാണ് 100 കോടിയിലേക്കുള്ള ഈ യാത്ര പൂർണമാവുന്നതെന്നും യൂബർ വിശദീകരിക്കുന്നു. പുതിയ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള യൂബറിന്റെ വരവിനെ ഡ്രൈവർമാരും യാത്രക്കാരുമൊക്കെ സസന്തോഷം സ്വീകരിച്ചിട്ടുണ്ടാവാം; പക്ഷേ ഈ രാജ്യങ്ങളിലെ ടാക്സി വ്യവസായത്തിൽ നിന്നും നിയന്ത്രണ അതോറിട്ടികളിൽ നിന്നും യൂബറിനെതിരെ ഉയർന്ന പരാതികളും കുറവല്ല. നിലവിൽ യു എസിൽ നിന്നു തന്നെയുള്ള ലിഫ്റ്റും ബെംഗളൂരു ആസ്ഥാനമായ ഓല കാബ്സ് പോലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട് അപ് കമ്പനികളുമാണു യൂബറിന്റെ പ്രധാന എതിരാളികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.