Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘യൂബർ ഓട്ടോ’ ഡൽഹിയോടു വിട ചൊല്ലി

uber-auto

കച്ചവടം വിജയിച്ചില്ലെങ്കിൽ പിന്നെ കളമൊഴിയുകയല്ലാതെ മറ്റു മാർഗമില്ല. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഡൽഹി നിവാസികളെ ഓട്ടോറിക്ഷയിൽ കയറ്റാനുള്ള ശ്രമം വിജയിക്കില്ലെന്ന തിരിച്ചറിവിൽ യൂബർ ഈ മേഖലയിൽ നിന്നു പിൻമാറുകയാണ്. അവതരണം കഴിഞ്ഞ് വെറും ഏഴു മാസത്തിനുള്ളിൽ ‘യൂബർ ഓട്ടോ’ ന്യൂഡൽഹിയിൽ സേവനം അവസാനിപ്പിച്ചു. സേവനത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പരിഹരിക്കുംവരെ ‘യൂബർ ഓട്ടോ’ സേവനം താൽക്കാലികമായി നിർത്തുകയാണെന്നാണു കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. തിരിച്ചുവരവിനുള്ള സമയക്രമമൊന്നും പ്രഖ്യാപിക്കാതെ രണ്ടാഴ്ച മുമ്പാണു ‘യൂബർ ഓട്ടോ’ ഡൽഹിയിലെ സേവനം അവസാനിപ്പിച്ചത്.

സിലിക്കൻ വാലിയിൽ പിറന്ന സ്റ്റാർട്അപ് കമ്പനിയായ യൂബർ നാലു ചക്രമുള്ള ടാക്സികളല്ലാത്ത വാഹനത്തിനായി തയാറാക്കുന്ന ആദ്യ മൊബൈൽ ആപ് ആയിരുന്നു ‘യൂബർ ഓട്ടോ’. ന്യൂഡൽഹി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിൽ കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കുന്ന ഓട്ടോറിക്ഷകളോടുള്ള താൽപര്യം മുതലെടുക്കുകയായിരുന്നു യൂബറിന്റെ ലക്ഷ്യം. ഒപ്പം സമാന സേവനം ലഭ്യമാക്കുന്ന എതിരാളികളോട് ‘യൂബർ ഓട്ടോ’യിലൂടെ ഫലപ്രദമായി മത്സരിക്കാമെന്നും കമ്പനി കരുതി.കഴിഞ്ഞ ഏപ്രിലിൽ ആപ് അവതരിപ്പിക്കുമ്പോൾ രാജ്യാന്തര ബിസിനസ് മോഡലിൽ നിന്നു വ്യത്യസ്തമായി യാത്രക്കൂലി പണമായി സ്വീകരിക്കാനുള്ള സൗകര്യം പോലും യൂബർ എർപ്പെടുത്തി. ഡൽഹിയിൽ തുടങ്ങി ക്രമേണ ‘യൂബർ ഓട്ടോ’ സേവനം സമീപ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം.

uber-auto1

ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നായിരുന്നു തുടക്കത്തിൽ ‘യൂബർ ഓട്ടോ’യുടെ അവകാശവാദം. യൂബർ വഴി ഓട്ടോ യാത്ര തരപ്പെടുത്തിയവർ ക്രമേണ കമ്പനിയുടെ മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അവർ വിശദീകരിച്ചു. എന്നാൽ ‘യൂബർ ഓട്ടോ’യുടെ പ്രവർത്തനം ന്യൂഡൽഹിക്കപ്പുറത്തേക്കു വളർന്നില്ലെന്നതാണു യാഥാർഥ്യം. പോരെങ്കിൽ ഡൽഹിയിൽ എത്ര ഓട്ടോറിക്ഷകളാണു കമ്പനിക്കൊപ്പമുള്ളതെന്നു പോലും യൂബർ വെളിപ്പെടുത്തിയില്ല. അതേസമയം എതിരാളികളായ ഓലയാവട്ടെ ഡൽഹിയിൽ 16,000 ഓട്ടോറിക്ഷകൾ കമ്പനിക്കായി സർവീസ് നടത്തുന്നുണ്ടെന്നാണു പറയുന്നത്. ബെംഗളൂരു, ചെന്നൈ, അഹമ്മദബാദ്, പുണെ, ഹൈദരബാദ് നഗരങ്ങളിൽ കൂടിയാവുന്നതോടെ മൊത്തം ഓട്ടോറിക്ഷകൾ 70,000 പിന്നിടുമെന്നും ഓല വിശദീകരിക്കുന്നു. ഇക്കൊല്ലം തന്നെ മൂന്നു നഗരങ്ങളിൽ കൂടി ഓട്ടോറിക്ഷ സേവനം ലഭ്യമാക്കുമെന്നും ഓലയുടെ വാഗ്ദാനമുണ്ട്.

എന്തായാലും ഓട്ടോറിക്ഷ സേവനം യൂബർ പിൻവലിച്ചതിനുള്ള കാരണം വ്യക്തമല്ല. എങ്കിലും ടാക്സികളെ അപേക്ഷിച്ചു യാത്രക്കൂലി കുറവായതും മാർജിൻ പരിമിതമായതുമൊക്കെയാവാം യൂബറിന്റെ തീരുമാനത്തെ സ്വാധീനിച്ചതെന്നാണു സൂചന. ഒപ്പം ഓട്ടോ വിളിക്കാൻ അധികമാരും മൊബൈൽ ആപിനെ ആശ്രയിക്കാനിടയില്ലെന്നതും കമ്പനിയെ നിരുത്സാഹപ്പെടുത്തിയിരിക്കാം.