Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവർമാർക്കു സമ്മാനങ്ങളുമായി ‘യൂബർ ക്ലബ്’

Uber-mobile

സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ടാക്സി അഗ്രിഗേറ്റർമാരായ യൂബർ, പങ്കാളികളായ ഡ്രൈവർമാർക്കുള്ള റിവാർഡ്സ് പദ്ധതിയായ ‘യൂബർ ക്ലബ്’ ഇന്ത്യയിലും അവതരിപ്പിച്ചു. തുടക്കത്തിൽ ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത, ഹൈദരബാദ്, പുണെ, അഹമ്മദബാദ്, ചെന്നൈ, കോയമ്പത്തൂർ നഗരങ്ങൾക്കൊപ്പം കൊച്ചിയിലും ‘യൂബർ ക്ലബ്’ നിലവിൽവരും. പങ്കാളികളായ ഡ്രൈവർമാർ കാഴ്ചവയ്ക്കുന്ന മികച്ച ഉപഭോക്തൃ സേവനത്തിനുള്ള അംഗീകാരമാണ് ‘യൂബർ ക്ലബ്’ വഴി കമ്പനി കൈമാറുന്നത്. പദ്ധതി പ്രകാരം യൂബർ ഡ്രൈവർമാർക്ക് വാഹന ഇൻഷുറൻസ്, വാഹന അറ്റകുറ്റപ്പണി, ലൈഫ് സ്റ്റൈൽ, ഹെൽത്ത്, വെൽനെസ് മേഖലകളിൽ ആകർഷക നിരക്കിളവും ആനുകൂല്യങ്ങളും നേടാൻ അവസരമുണ്ട്.

പ്രകടനവും സേവനത്തിന്റെ ഗുണനിലവാരവും അടിസ്ഥാനമാക്കി ഡ്രൈവർമാരെ സിൽവർ, ഗോൾഡ്, ഡയമണ്ട് വിഭാഗങ്ങളായി തരംതിരിച്ചാണു ‘യൂബർ ക്ലബ്വി’ന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുക. പങ്കാളികളായ ഡ്രൈവർമാരുടെ ജീവിതം ആയാസരഹിതമാക്കാനും അവരെ വിജയികളാക്കാനും ബിസിനസ് ലാഭകരമാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു യൂബർ ഇന്ത്യ ജനറൽ മാനേജർ (സൗത്ത് ആൻഡ് വെസ്റ്റ്) ഭാവിക് റാത്തോഡ് അറിയിച്ചു. യൂബറുമായുള്ള പങ്കാളിത്തം കൂടുതൽ ആകർഷകവും ഡ്രൈവർമാർക്കു പ്രയോജനപ്രദവുമാക്കാൻ ‘യൂബർ ക്ലബ്’ അവതരണം സഹായകമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.  

Your Rating: