Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾക്കും വേണം വാഹനം

Handicapped Driving

ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങൾക്ക് നൽകുന്ന നികുതി ഇളവുകൾക്ക് പരിധി നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അംഗപരിമിതനായ ഉണ്ണി മാക്സ് പ്രതികരിക്കുന്നു.

സർക്കാറിന്റെ പുതിയ നികുതി നിമയം അംഗപരിമിതരുടെ വാഹനമോഹങ്ങൾക്ക് നിഴൽ വീഴ്ത്തുന്നു. നിലവിലെ നിയമം അനുസരിച്ച് അംഗപരിമിത വാഹനങ്ങൾക്ക് നിരവധി നികുതി ഇളവുകൾ അനുവദിച്ചിരുന്നു. റോഡ്‌ നികുതി ഒഴിവാക്കപ്പെട്ടിരുന്നു. ഇൻഷുറൻസ്, എക്സൈസ് തീരുവ എന്നിവയിലും ഇളവുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ ഈ ഇളവുകൾക്കെല്ലാം പരിധി നിശ്ചയിച്ചിരിക്കുന്നു.

അപകടത്തിൽ അംഗഭംഗം സംഭവിച്ചവരും ജന്മനാ അംഗഭംഗരായവരും വീടിനുള്ളിൽ ഒതുങ്ങികൂടാതെ പുറത്തേക്ക്, വെളിച്ചത്തിലേയ്ക്ക് എത്തുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ലോൺ എടുത്തും, വീട് പണയം വച്ചും വീണ്ടും സഞ്ചാര മോഹങ്ങൾക്ക് ആശയം ആവിഷ്കരിക്കാൻ അവർ ശ്രമിക്കും. ഈ മോഹത്തിലേയ്ക്കാണ് കേരള സർക്കാർ കൊണ്ടു വന്ന പുതിയ നിയമം തടസ്സമായി വളർന്നു വരുന്നത്. അംഗപരിമിതർക്ക് വാഹനങ്ങൾ വാങ്ങണമെങ്കിൽ നികുതി ഇളവിൽ പരിധികൾ കൊണ്ട് വന്നിരിക്കുകയാണ്. 1998 മുതൽ നടപ്പിലാക്കിക്കൊണ്ടിരുന്ന ഭിന്നശേഷിയുള്ളവർ റോഡ്‌ ടാക്സ് കൊടുക്കേണ്ടതില്ലെന്ന നിയമമാണ് മാറ്റിയെഴുതുന്നത്.

നിലവില്‍ അഞ്ചു ലക്ഷത്തിനു മുകളിൽ വിലയാകുന്ന വാഹനങ്ങൾക്ക് റോഡു ടാക്സ് നൽകണം എന്നാണു പുതിയ നിയമം പറയുന്നത്. ഒപ്പം 45% വരുന്ന ഇൻഷ്വറൻസ് ഇളവും നഷ്ടമാകും. എന്നാൽ സൗകര്യപ്രദമായ എത്ര കാറുകൾക്ക് 5 ലക്ഷത്തിൽ‌ അധികം വിലയുണ്ട്. അംഗപരിമിതർക്ക് വാഹനം ഓടിക്കാനുള്ള പ്രശ്നങ്ങൾ ഒക്കെ അതിജീവിച്ചു കഴിഞ്ഞാലും ഇപ്പോഴും കൂടെ കൊണ്ടു നടക്കേണ്ട വീൽ ചെയർ പോലെയുള്ള ഉപകരണങ്ങൾ ഒരു ചെറിയ കാറിലെ സ്റ്റോറേജിൽ കൊള്ളുന്നവയല്ല. സാധാരണ 5 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാർ വാങ്ങിച്ചാൽ തന്നെ അംഗപരിമിതർക്ക് ഓടിക്കാൻ തക്ക വിധം ആകണമെങ്കിൽ 20000 മുതല്‍ 50000 രൂപ വരെ മുതൽമുടക്കുണ്ട്.

ചെറിയ വാഹനമാണെങ്കിൽ ‌അതിൽ വീൽ ചെയർ പോലെ ഒന്നും കയറ്റാനും കഴിയില്ല. അങ്ങനെ ഉള്ള അവസരത്തിലാണ് ഓട്ടോമാറ്റിക്ക് വാഹനങ്ങൾക്ക് പ്രസക്തി. കുറച്ചു കൂടി പണ ചെലവ് ആകുമെങ്കിലും ഓടിക്കാനുള്ള സൗകര്യം നോക്കുമ്പോൾ അംഗപരിമിതർക്ക് ഓട്ടോമാറ്റിക്ക് വാഹനം തരത്തിലും ആർഭാടമല്ല, അത്യാവശ്യമാണ്. മികച്ച ഓട്ടോമാറ്റിക് കാർ വാങ്ങണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 6 ലക്ഷം രൂപയെങ്കിലും മുടക്കണം. വീൽചെയർ കയറ്റാൻ സ്റ്റോറേജുള്ള വാഹനത്തിന്റെ ഒട്ടൊമാറ്റിക് വെർഷന് 10 ലക്ഷം അടുത്തെങ്കിലും ആകും.

അംഗ പരിമിതർക്ക് 8% എക്സൈസ് ഡ്യൂട്ടി അടച്ചാൽ മതി എന്നൊരു നിയമവും നിലവിലുണ്ട്, എന്നാൽ ആ ഇളവു നേടിയെടുക്കുന്നത് വളരെയേറെ ബുദ്ധിമുട്ടിക്കുന്ന കടമ്പ ആണെന്നതിനാൽ അതിനാരും ശ്രമിക്കാറെയില്ല. നിയമങ്ങൾ നികുതി ഇളവുകളെ പ്രയോജനപ്പെടുത്തി പലരും കോടികൾ വിലയുള്ള വാഹനങ്ങൾ സ്വന്തമാക്കുന്നു എന്നാണു ഇതിനു കാരണമായി അധികൃതർ പറയുന്നത്. ചെറിയ പഠനം എങ്കിലും ഇക്കാര്യത്തിൽ നടത്താതെ അടിച്ചേൽപ്പിക്കൽ ആവരുത്. 5 ലക്ഷം കുറഞ്ഞ പരിധി ആക്കി കൊണ്ടുള്ള ടാക്സ് ഇളവ് പരിഷ്കരണം മാറ്റി കുറഞ്ഞ വില 10 ലക്ഷമെങ്കിലും ആക്കിയില്ലെങ്കിൽ അത് ഭിന്നശേഷിയുള്ളവരോട് സർക്കാർ ചെയ്യുന്ന കനത്ത അനീതി തന്നെയാകും കാണിക്കുക. അതുകൊണ്ട് ഇനിയെങ്കിലും കാര്യങ്ങൾ അർഹിക്കുന്ന ഗൗരവത്തിൽ അധികൃതർ എടുക്കണെമെന്നാണ് അംഗപരിമിതർ പ്രതീക്ഷിക്കുന്നത്.

Your Rating: