Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടൻ പുറത്തിറങ്ങുന്ന കോംപാക്റ്റ് എസ് യു വികൾ

compact-suv

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും വേഗം വളർന്നുകൊണ്ടിരിക്കുന്ന സെഗ്‌മെന്റാണ് ചെറു എസ് യു വി അല്ലെങ്കിൽ കോംപാക്റ്റ് എസ് യു വി വിഭാഗം. എസ് യു വിയുടെ ലുക്കും കാറിന്റെ യാത്ര സുഖവുമായി എത്തുന്ന ഈ ചെറു എസ് യു വികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെനോ ഡസ്റ്റർ, ഫോഡ് ഇക്കോസ്പോർട്ട്, വിറ്റാര ബ്രെസ, ഹ്യുണ്ടേയ് ക്രേറ്റ, ഹോണ്ട ബിആർ-വി തുടങ്ങി നിരവധി സൂപ്പർഹിറ്റായ വാഹനങ്ങളുണ്ട് സെഗ്‍മെന്റിൽ‌. ഇവയെ കൂടാതെ രാജ്യത്തെ ഒട്ടുമിക്ക വാഹന നിർമാതാക്കളും പുതിയ ചെറു എസ് യു വികൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഉടൻ പുറത്തിറങ്ങുന്ന ചെറു എസ് യു വികൾ ഏതൊക്കെയെന്ന് നോക്കാം.

ടൊയോട്ട റഷ്

toyota-rush

യു വി സെഗ‍്‌മെന്റിലെ പ്രധാനികളായ ടൊയോട്ട ഉടൻ പുറത്തിറക്കാൻ സാധ്യതയുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. രാജ്യാന്തര വിപണിയിലുള്ള ഈ എസ് യു വി 2018 ആദ്യം പുറത്തിറക്കും എന്നാണു കരുതുന്നത്. എന്നാൽ ടൊയോട്ട ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. അൽപം വലിപ്പമുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും. ജാപ്പനീസ്, മലേഷ്യൻ, ഇന്തോനേഷ്യൻ വിപണികളിൽ ടൊയോട്ടയുടെ ബഡ്ജെറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്.

1997 ൽ വിപണിയിലെത്തിയ വാഹനത്തിന്റെ രണ്ടു തലമുറകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. പ്രീമിയർ മോട്ടോഴ്സ് 2012 ൽ പുറത്തിറക്കിയ റിയോ എന്ന കോംപാക്റ്റ് എസ് യു വി റഷിനെ അടിസ്ഥാനമാക്കി നിർമിച്ചതായിരുന്നു. കോംപാക്റ്റ് എസ് യു വിയാണെങ്കിലും നാലുമീറ്ററിൽ താഴെയായിരിക്കില്ല വാഹനത്തിന്റെ വലിപ്പം. കൂടാതെ ഏഴു പേർക്ക് യാത്ര ചെയ്യാനും സാധിക്കും. ഇന്ത്യയിൽ റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ്, ഹ്യുണ്ടേയ് ക്രേറ്റ തുടങ്ങിയ വാഹനങ്ങളമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മലേഷ്യൻ മാർക്കറ്റിലുള്ള റഷിന് 1.4 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്.

സുസുക്കി ജിംനി

suzuki-gimny

ജിപ്സിയുടെ പകരക്കാരനായി ജിംനിയെ സുസുക്കി ഇന്ത്യയിലെത്തിക്കും. സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിക്കായി ഇന്ത്യയിലായിരിക്കും വാഹനം നിർമിക്കുക. ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്‍നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ജിംനിയുടെ നിർമാണം മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ 2017 ൽ ആരംഭിക്കും. 2018 ആദ്യം ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേഷ്യയിലേയും, യൂറോപ്പിലേയും ബ്രസീലിലേയും ജപ്പാനിലേയും വിപണികളിലേക്കുള്ള ജിംനിയായിരിക്കും ഇന്ത്യയിൽ നിർമിക്കുക. എന്നാൽ കമ്പനി ഇതുവരെ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ 1970 ലാണ് ജപ്പാനീസ് വിപണിയിൽ ജിംനി എത്തിയത്. 1981 ൽ രണ്ടാം തലമുറയും 1998 ൽ മൂന്നാം തലമുറയും പുറത്തിറങ്ങി. 1998 മുതൽ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന ജിംനിയുടെ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുക. തുടക്കത്തിൽ 1 ലീറ്റർ ബൂസ്റ്റർജെറ്റ്, 1.4 ലീറ്റർ ബൂസ്റ്റർജെറ്റ് എന്നീ എൻജിനുകളുമായാണ് ജിംനി എത്തുക. ‍ഡീസൽ എൻജിൻ ഉണ്ടാകാൻ ഇടയില്ല എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. നാല് വീൽ ഡ്രൈവ് മോഡലുമായി ജിപ്സി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ടാറ്റ നെക്സൺ

tata-nexon-2016-980

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന 13-ാമത് ഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റ പ്രദർശിപ്പിച്ച നെക്സൺ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു മീറ്ററിൽ താഴെ നീളമുള്ള എസ് യു വികളുടെ ഗണത്തിൽപ്പെടുത്താവുന്ന നെക്സൺ കമ്പനിക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറു എസ് യു വി ഗണത്തിലാണ് പെടുന്നതെങ്കിലും ക്രോസ് ഓവർ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാറ്റ സെസ്റ്റ്, ബോൾട്ട് തുടങ്ങിയ വാഹനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നെക്സണും നിർമ്മിച്ചിരിക്കുന്നത്.

ടിയാഗോയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എൻജിനാകും നെക്സൺ പെട്രോളിന്. പുതിയ 1.5 ലിറ്റർ റേവ്ട്രോർക്ക് എൻജിനുമായായിരിക്കും ഡീസൽ മോഡലിന്. റെഡി ടു റോഡ് മോഡലാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എന്ന് പുറത്തിറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഹോണ്ട കോംപാക്റ്റ് എസ് യു വി

honda-hr-v

രാജ്യന്തര വിപണിയിൽ ഹോണ്ടയ്ക്കുള്ള എസ് യു വി, ‘എച്ച് ആർ — വി’ അടിസ്ഥാനമാക്കി വികസിപ്പിച്ച കോംപാക്റ്റ് എസ് യു വി ഉടൻ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. ഫിലിപ്പൈൻ ഇന്റർനാഷനൽ മോട്ടോർ ഷോ(പി ഐ എം എസ്)യിൽ അനാവരണം ചെയ്യുമെന്ന് കരുതുന്ന വാഹനം ബിആർ-വിയെക്കാൾ വില കുറഞ്ഞ എസ് യു വി ആയിരിക്കും.

ആകർഷക രൂപകൽപ്പനയ്ക്കൊപ്പം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പുതിയ എസ് യു വിയുടെ സവിശേഷതയാവും; കൂടാതെ സുരക്ഷയുടെ കാര്യത്തിലും ഈ മോഡൽ ഉന്നത നിലവാരം പുലർത്തുമെന്നാണു പ്രതീക്ഷ. പ്രായോഗികതയ്ക്ക് ഊന്നൽ നൽകുന്ന പുത്തൻ എസ് യു വി മത്സരക്ഷമമായ വിലകളിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ഹ്യുണ്ടേയ് ‘ക്രേറ്റ’ പോലുള്ള എതിരാളികളെ ‘ബി ആർ — വി’യിലൂടെ നേരിടുന്ന ഹോണ്ട ‘എച്ച് ആർ — വി’യിലൂടെ ലക്ഷ്യമിടുന്നത് മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഫോഡ് ‘ഇകോസ്പോർട്’, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ‘ടി യു വി 300’ തുടങ്ങിയ കോംപാക്ട് എസ് യു വികളെയാണ്്.

മാരുതി ഇഗ്നിസ്

ignis

നാലു മീറ്ററിൽ താഴെ നീഴമുള്ള മാരുതിയുടെ ചെറു എസ് യു വി ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബ്രെസയ്ക്കും ബലേനോയ്ക്കും ലഭിച്ച മികച്ച സ്വീകാര്യത ഇഗ്നിസിന്റെ വരവ് വൈകിപ്പിച്ചേക്കാം. കഴിഞ്ഞ മാസം ഇന്തൊനീഷ്യയിൽ നടന്ന രാജ്യാന്തര വാഹനമേളയില്‍ സുസുക്കി ഇഗ്നിസിനെ പ്രദർശിപ്പിച്ചിരുന്നു.

അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്നിസിന് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിച്ചത് ഡൽഹി ഓട്ടോഎക്സ്പോയിൽ വെച്ചായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനമായിരിക്കും.

Your Rating: