തന്റെ ബൈക്കിൽ ഇന്ത്യമുഴുവൻ ചുറ്റിക്കറങ്ങുക എന്ന ദൗത്യവുമായി മുന്നോട്ടു പോയ വീനു പലിവാൾ (44) അന്തരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് മരിച്ചത്. ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള ഗ്യാരാസ്പൂരില്‍ വെച്ച് വീനു ഓടിച്ചിരുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്ക് അപകടത്തില്‍ പെട്ടത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീനുവിനൊപ്പം സുഹൃത്തും വേറൊരു ബൈക്കിലുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് മധ്യപ്രദേശിലെത്തിയത്. വീനു ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്ത്യ മുഴുവൻ ബൈക്കിൽ ചുറ്റി ഡോക്യുമെന്ററിയാക്കുന്നതിന്റെ ഭാഗമായാണ് യാത്ര നടത്തിയത്.
ബൈക്ക് ഓടിക്കുന്ന സ്ത്രീകൾ ധാരളമുണ്ടെങ്കിലും ബൈക്കിൽ ഇന്ത്യ ചുറ്റുന്ന വനിത ബൈക്കർമാർ രാജ്യത്ത് തന്നെ വളരെ കുറവാണ്. അതും രാജ്യം മുഴുവൻ ഒറ്റയ്ക്ക് തന്റെ ബൈക്കിൽ യാത്ര ചെയ്ത്. ഹാർലി ഡേവിഡ്സൺ ബൈക്കിലെ യാത്രകളിലൂടെയാണ് വീനു പലിവാൾ പ്രശസ്തയാകുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ബൈക്കർമാരിൽ ഒരാളായിരുന്നു വീനു പലിവാൾ.