ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസ് ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി വേണു ശ്രീനിവാസനും അജയ് പിരാമലും നിയമിതരായി. ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയുടെയും സുന്ദരം ക്ലേടൺ ലിമിറ്റഡിന്റെയും ചെയർമാനായ വേണു ശ്രീനിവാസൻ 2009 — 10ൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ)യുടെ പ്രസിഡന്റുമായിരുന്നു.
പിരാമൽ ഗ്രൂപ്പിന്റെയും ശ്രീറാം ഗ്രൂപ്പിന്റെയും ചെയർമാനായ പിരാമൽ ഹാവാഡ് ബിസിനസ് സ്കൂളിന്റെ ബോർഡ് ഓഫ് ഡീൻസ് അഡ്വൈസേഴ്സ് അംഗവുമാണ്.
പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ ഇതര സംഘടനയായ ‘പ്രഥ’മിന്റെ ചെയർമാനായ പിരാമൽ നേരത്തെ ഇൻഡോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ ഐ ടി) ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാനുമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന പിരാമൽ പ്രധാനമന്ത്രിയുടെ വ്യാപാര, വ്യവസായ സമിതി അംഗവുമാണ്.