Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ബി എം ഡബ്ല്യുവിനെ നയിക്കാൻ വിക്രം പാവ

vikram-pawah

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെനേതൃത്വം ഇനി വിക്രം പാവയ്ക്ക്. മാർച്ച് ഒന്നു മുതൽ പ്രാബല്യത്തോടെയാണു പാവ(45) ബി എം ഡബ്ല്യുവിന്റെ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റായി സ്ഥാനമേൽക്കുക. വാഹന, വാഹനേതര വ്യവസായ മേഖലകളിൽ രാജ്യാന്തര തലത്തിൽ കാൽ നൂറ്റാണ്ടിന്റെ പ്രവൃത്തി പരിചയവുമായാണു പാവ ബി എം ഡബ്ല്യുവിലെത്തുന്നത്. ഇതുവരെ യു എസ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം.

പാവയുടെ രംഗപ്രവേശത്തോടെ ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ ആക്ടിങ് പ്രസിഡന്റായ ഫ്രാങ്ക് ഷ്ളോഡർ(42) ജർമനിയിലെ കമ്പനി ആസ്ഥാനത്തേക്കു മടങ്ങും. ഹെഡ് ബിസിനസ് സ്റ്റീയറിങ് — ലക്ഷ്വറി ക്ലാസ് ആയാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. സഞ്ചാര മേഖലയിലെ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വിപുല സാധ്യതയുള്ള, വളരുന്ന വിപണിയാണ് ഇന്ത്യയെന്ന് ബി എം ഡബ്ല്യു ഗ്രൂപ് സീനിയർ വൈസ് പ്രസിഡന്റ് (ഏഷ്യ പസഫിക് ആൻഡ് സൗത്ത് ആഫ്രിക്ക) ഹെൻഡ്രിക് വോൺ ക്വെൻഹൈം അഭിപ്രായപ്പെട്ടു. വാഹന വ്യവസായത്തെക്കുറിച്ചു മൊത്തത്തിലും പ്രാദേശിക വിപണിയെക്കുറിച്ചു സൂക്ഷ്മമായുമുള്ള പാവയുടെ അറിവ് ബി എം ഡബ്ല്യുവിന് ഇന്ത്യയിൽ കരുത്ത് നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡൽഹി സർവകലാശാലയിൽ നിന്നു കൊമേഴ്സിൽ ബിരുദം നേടിയ പാവ മെൽബണിലെ വിക്ടോറിയ സർവകലാശാലയിൽ നിന്നാണ് ഇന്റർനാഷനൽ ആൻഡ് സ്ട്രാറ്റജിക് മാനേജ്മെന്റിൽ എം ബി എ കരസ്ഥമാക്കിയത്.  പുതുവർഷത്തിൽ ഇന്ത്യൻ വാഹന വിപണിയിൽ സംഭവിക്കുന്ന ആദ്യ സ്ഥാനചലനമായിരുന്നു പാവയുടേത്. സമീപഭാവിയിൽ കൂടുതൽ വിദേശി വാഹന നിർമാതാക്കൾ അവരുടെ പ്രാദേശിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ഇന്ത്യക്കാരെ തന്നെ നിയോഗിക്കുമെന്ന സൂചനകളും ശക്തമാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയ്ക്ക് ഇത്തരമൊരു നടപടി അനിവാര്യമാണെന്നാണു പല പ്രമുഖ നിർമാതാക്കളുടെയും വിലയിരുത്തൽ.

Your Rating: