Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗനിന്റെ മലീനീകരണം ഒൻപത് ഇരട്ടി കൂടുതൽ: ഗീഥെ

volkswagen-recall

ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗന്റെ കാറുകൾ രാജ്യത്തു നിലനിൽക്കുന്ന മലിനീകരണ നിയന്ത്രണ പരിധി ലംഘിച്ചെന്നു കേന്ദ്ര ഘന വ്യവസായ മന്ത്രി ആനന്ദ് ഗീഥെ. അനുവദനീയ പരിധിയുടെ ഒൻപത് ഇരട്ടിയോളം പരിസ്ഥിതി മലിനീകരണമാണു ഫോക്സ‌്‌വാഗന്റെ കാറുകൾ സൃഷ്ടിക്കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ഫോക്സ്‌വാഗൻ ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ ലംഘിച്ച കാര്യം ഗതാഗത മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനും മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഗീഥെ വ്യക്തമാക്കി. യു എസിലെയും യൂറോപ്പിലെയും മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കമ്പനി കൃത്രിമം കാട്ടിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലുള്ള ഫോക്സ്‌വാഗൻ കാറുകൾ പരിശോധിക്കാൻ ഓട്ടമൊട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യോട് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടത്. ഫോക്സ്‌വാഗൻ ഇന്ത്യയിൽ വിറ്റ 3.24 ലക്ഷം കാറുകളുടെ മലിനീകരണ നിയന്ത്രണ നിലവാരത്തെക്കുറിച്ചാണു സംശയം ഉയർന്നത്.

ഫോക്സ്‌വാഗന്റെ നിർമാണശാലയിലെ പരിശോധനയിൽ കാറുകൾ നിലവാരം പുലർത്തുന്നതായി എ ആർ എ ഐ കണ്ടെത്തി. എന്നാൽ നിരത്തിൽ നടത്തിയ പരിശോധനയിൽ കമ്പനിയുടെ കാറുകൾ സൃഷ്ടിക്കുന്ന മലിനീകരണം അനുവദനീയ പരിധിയുടെ ഒൻപത് ഇരട്ടിവരെയായി ഉയരുന്നെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. ഈ അന്തരം ഫോക്സ്‌വാഗനെ അറിയിച്ചിട്ടുണ്ടെന്നും ഗീഥെ വെളിപ്പെടുത്തി. ഇതോടെ 3.24 ലക്ഷം കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കാമെന്ന നിലപാടിലാണു ഫോക്സ്‌വാഗൻ. മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പരീക്ഷണശാലയിലല്ല, നിരത്തിലാണു ലംഘിക്കപ്പെടുന്നതെന്നു ഗീഥെ വിശദീകരിച്ചു. ചില ‘പുകമറ’ സോഫ്റ്റ്‌വെയറുകളാണ് ഈ അന്തരം സൃഷ്ടിക്കുന്നതെന്നു കമ്പനി അംഗീകരിച്ചതായും ഗീഥെ അവകാശപ്പെട്ടു. അതിനാലാണു സംശയത്തിന്റെ നിഴലിലുള്ള കാറുകൾ മുഴുവൻ തിരിച്ചുവിളിക്കാൻ ഫോക്സ്വാഗൻ സമ്മതിച്ചത്.

യു എസിലെ പോലെ ഫോക്സ്‌വാഗൻ ഇന്ത്യയിൽ വിറ്റ കാറുകളിലും ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമാണ് ഇതോടെ സ്ഥിരീകരിക്കപ്പെടുന്നത്. പുകപരിശോധനാ വേളയിൽ മലിനീകരണം കുറച്ചുകാണിച്ച് നിബന്ധനകൾ പാലിക്കുന്നെന്നു വരുത്താൻ സഹായിക്കുകയാണ് ഈ സോഫ്റ്റ്‌വെയറിന്റെ ദൗത്യം. പുകപരിശോധനാവേളയിൽ കൃത്രിമം കാട്ടുന്ന ‘പുകമറ’ സോഫ്റ്റ്‌വെയർ ആഗോളതലത്തിൽ 1.1 കോടി ഡീസൽ വാഹനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ടെന്നു ഫോക്സ്‌വാഗൻ നേരത്തെ സമ്മതിച്ചതാണ്. ഇതേത്തുടർന്നു യു എസിൽ 1800 കോടി ഡോളർ(ഏകദേശം 1.23 ലക്ഷം കോടി രൂപ) പിഴശിക്ഷയും കമ്പനിയെ കാത്തിരിപ്പുണ്ട്. അതേസമയം, പ്രശ്നത്തിലെ തുടർനടപടികൾ ഘനവ്യവസായ മന്ത്രാലയത്തിന്റെ ചുമതലയല്ലെന്ന നിലപാടിലാണു മന്ത്രി ഗീഥെ. മന്ത്രി നിതിൻ ഗഢ്കരി നേതൃത്വം നൽകുന്ന ഗതാഗത മന്ത്രാലയത്തിനാണ് ഇക്കാര്യത്തിൽ ശിക്ഷാ നടപടി സ്വീകരിക്കാനുള്ള അധികാരം. അതേസമയം, ഇന്ത്യയിൽ വിറ്റ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമില്ലെന്ന മുൻനിലപാടിലാണു പുണെ ആസ്ഥാനമായ ഫോക്സ്‌വാഗൻ ഇന്ത്യ. മലിനീകരണ നിയന്ത്രണത്തിൽ ഇന്ത്യയിൽ നിലവിലുള്ള ഭാരത് സ്റ്റേജ് നാല് (ബി എസ് നാല്) നിലവാരം കാറുകൾക്കുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.