Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയ്ക്കു ഫോക്സ്​വാഗൻ ഇന്ത്യ നിർമിച്ചത് ഒരു ലക്ഷം കാർ

Volkswagen

വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലേക്കുള്ള ഫോക്സ്​വാഗൻ ഇന്ത്യയുടെ കാർ കയറ്റുമതി ഒരു ലക്ഷം യൂണിറ്റിലെത്തി. മെക്സിക്കോയിലേക്കു കയറ്റുമതി ആരംഭിച്ച് രണ്ടു വർഷത്തിനകമാണ് ഫോക്സ്​വാഗൻ ഇന്ത്യയുടെ പുണെയ്ക്കടുത്തു ചക്കനിലെ അത്യാധുനിക ശാല ഈ തകർപ്പൻ നേട്ടം കൈവരിച്ചത്. മുംബൈ തുറമുഖത്തു നിന്നു ‘ഹോഗ് ഏഷ്യ’ എന്ന കപ്പലിലേറി വ്യാഴാഴ്ച മെക്സിക്കോയിലേക്കു യാത്ര ആരംഭിച്ച, 1.6 ലീറ്റർ എം പി ഐ എൻജിനുള്ള ചുവപ്പ് ‘വെന്റോ’യാണു ഫോക്സ്​വാഗൻ ഇന്ത്യയുടെ കയറ്റുമതി 1,00,000 യൂണിറ്റ് തികച്ചത്.

ഉന്നത ഗുണമേന്മയാണ് ആഗോളതലത്തിൽ തന്നെ ഫോക്സ്​വാഗന്റെ മുഖമുദ്രയെന്നു ഫോക്സ്​വാഗൻ ഇന്ത്യ ലോജിസ്റ്റിക്സ് ഡയറക്ടർ കാർസ്റ്റെൻ ഗൊരാൻഷ് വിശദീകരിച്ചു. പുണെ ശാലയുടെ ലോകോത്തര നിലവാരമാണ് ഇവിടെ നിന്നുള്ള കാറുകളെ വിദേശ വിപണികളിൽ മികച്ച വിജയമാക്കുന്നത്. മെക്സിക്കോയിലേക്കുള്ള കയറ്റുമതി ഒരു ലക്ഷം യൂണിറ്റ് പിന്നിടുമ്പോൾ വ്യക്തമാവുന്നതും ചക്കൻ ശാലയുടെ നിർമാണ വൈഭവം തന്നെ. ഈ നേട്ടം കൈവരിക്കാനായത് ചക്കൻ ശാലയ്ക്കാകെ തന്നെ അഭിമാനാർഹമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാച്ച്ബാക്കായ ‘പോളോ’യും സെഡാനായ ‘വെന്റോ’യുമാണു ഫോക്സ്​വാഗൻ ഇന്ത്യയിൽ നിന്നു മെക്സിക്കോയിലേക്കു കയറ്റുമതി ചെയ്യുന്നത്. തുടക്കം മുതൽ മെക്സിക്കോയിൽ മികച്ച വിൽപ്പന നേടിയാണു ‘മെയ്ഡ് ഇൻ ഇന്ത്യ’ കാറുകൾ മുന്നേറുന്നത്. പോരെങ്കിൽ ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മെക്സിക്കോയിൽ ഏറ്റവുമധികം വിൽപ്പന നേടിയ മൂന്നു കാറുകൾക്കൊപ്പവും ‘വെന്റോ’ ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല, മെക്സിക്കോയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഫോക്സ്​വാഗൻ മോഡലും ‘വെന്റോ’ തന്നെ.

കഴിഞ്ഞ വർഷം അവസാനത്തോടെയാണു മെക്സിക്കൻ വിപണിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഫോക്സ്​വാഗൻ ‘പോളോ’ കയറ്റുമതി തുടങ്ങിയത്. ‘ഇന്ത്യൻ നിർമിത ജർമൻ എൻജിനീയറിങ്ങി’ന് വിദേശത്തു ആവശ്യക്കാരേറെയാണെന്നാണു ഫോക്സ്​വാഗന്റെ വിലയിരുത്തൽ. 2011ൽ ദക്ഷിണാഫ്രിക്കയിലേക്കായിരുന്നു ഇന്ത്യയിൽ നിന്നു ഫോക്സ്​വാഗൻ ആദ്യമായി കയറ്റുമതി തുടങ്ങിയത്. ഇപ്പോഴാവട്ടെ റെറ്റ് ഹാൻഡ്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുകളുള്ള ‘പോളോ’യും ‘വെന്റോ’യും ഫോക്സ്​വാഗൻ ഏഷ്യ, ആഫ്രിക്ക, നോർത്ത് അമേരിക്ക മേഖലകളിലെ 32 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. എങ്കിലും മെക്സിക്കോയിലേക്കുള്ള കാർ കയറ്റുമതി തുടങ്ങിയതോടെയാണു ചക്കൻ ശാലയുടെ ശുക്രദശ തെളിഞ്ഞത്. മെക്സിക്കോയിൽ വിറ്റിരുന്ന ‘ജെറ്റ ക്ലാസിക്കൊ’യ്ക്കു പകരം ‘വെന്റോ’ അവതരിപ്പിക്കാനുള്ള തീരുമാനമായിരുന്നു ഫോക്സ്​വാഗൻ ഇന്ത്യയുടെ ജാതകം തിരുത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.