Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’: ഫോക്സ്​വാഗനെതിരെ ഓസ്ട്രേലിയയിൽ കേസ്

Volkswagen Logo

മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയതിനു ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗനെതിരെ ഓസ്ട്രേലിയയിൽ കേസ്. ഇ എ 189 ശ്രേണിയിൽപെട്ട ഡീസൽ എൻജിനുകളിൽ മലിനീകരണ നിയന്ത്രണ പരിശോധന തിരിച്ചറിയുന്ന ‘പുകമറ’ സോഫ്റ്റ്വെയർ ഉപയോഗിച്ചെന്നായിരുന്നു ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ കുറ്റസമ്മതം. ലോകവ്യാപകമായി 1.10 കോടിയോളം ഡീസൽ എൻജിനുകളിൽ ‘പുകമറ’ സോഫ്റ്റ്വെയർ ഉപയോഗിച്ചെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു.

ഓസ്ട്രേലിയയിൽ വിറ്റ 91,000 കാറുകളിൽ ഫോക്സ്‌വാഗൻ കൃത്രിമം കാട്ടിയിട്ടുണ്ടെന്നാണ് ആക്ഷേപം. തുടർന്നു ഫെഡറൽ കോടതിയിൽ ഫോക്സ്‌വാഗനെതിരെ രണ്ടു കേസുകൾ നൽകിയതായി ബാനിസ്റ്റർ ലോ വെളിപ്പെടുത്തി. കോടിക്കണക്കിനു ഡോളർ നഷ്ടപരിഹാരമാണു വാദികൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണു സൂചന. നിർമാണഘട്ടത്തിൽ തന്നെ കൃത്രിമം കാട്ടിയ കാറുകൾ വിൽക്കുക വഴി ഫോക്സ്‌വാഗൻ നിയമപരമായ ഉത്തരവാദിത്തം പാലിച്ചില്ലെന്നു ബാനിസ്റ്റർ ലോ പ്രിൻസിപ്പൽ ചാൾസ് ബാനിസ്റ്റർ ആരോപിച്ചു. ഈ വാദം കോടതി അംഗീകരിച്ചാൽ വാഹന ഉടമകൾക്കു വില തന്നെ മടക്കിക്കിട്ടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘പുകമറ വിവാദ’ത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിൽ 2008 — 2015 കാലത്തു വിറ്റ 91,000 ഫോക്സ്‌വാഗൻ, ഔഡി കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു കഴിഞ്ഞ മാസമാണു ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചത്. കൂടാതെ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ വ്യക്തമാകും വരെ 1.6 ലീറ്റർ, രണ്ടു ലീറ്റർ ഇ എ 189 ഡീസൽ എൻജിൻ ഘടിപ്പിച്ച കാറുകൾ രാജ്യത്തു വിൽക്കില്ലെന്നും കമ്പനി ഓസ്ട്രേലിയൻ സർക്കാരിന് ഉറപ്പു നൽകിയിരുന്നു.

പോരെങ്കിൽ ഡീസൽ എൻജിനിൽ കൃത്രിമം കാട്ടിയതിനു ഫോക്സ്‌വാഗനെതിരെ ഓസ്ട്രേലിയയിൽ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. സുരക്ഷാ നിലവാരം ലംഘിച്ചെന്നും ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചെന്നും തെളിഞ്ഞാൽ കോടിക്കണക്കിനു ഡോളറിന്റെ പിഴശിക്ഷയാണു കമ്പനിയെ കാത്തിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.